Sorry, you need to enable JavaScript to visit this website.

ഒന്നാംവർഷ ഹയർ സെക്കന്ററി പൊതുപരീക്ഷ  ഉപേക്ഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു

കോഴിക്കോട് - ഒന്നാംവർഷ ഹയർ സെക്കന്ററി പൊതുപരീക്ഷ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികളും അധ്യാപകരും സാമൂഹ്യമാധ്യമങ്ങളിൽ. ഫെയ്‌സ്ബുക്കും ഇൻസ്റ്റഗ്രാമും കഴിഞ്ഞ് ക്ലബ് ഹൗസ് ചർച്ചകളിലെ ആവശ്യങ്ങളിലൊന്ന് ഒന്നാം വർഷ പരീക്ഷ ഉപേക്ഷിക്കണമെന്നാണ്. 
രണ്ടാം വർഷത്തെ പ്രാക്ടിക്കൽ പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം സർക്കാർ ഇതുവരെ അംഗീകരിച്ചിട്ടില്ല. സി.ബി.എസ്.ഇ.യുടെ 12-ാം വർഷ ക്ലാസ് പരീക്ഷ വരെ റദ്ദാക്കിയ സാഹചര്യത്തിലാണ് ഹയർ സെക്കന്ററി ഒന്നാം വർഷ പരീക്ഷ വേണ്ടെന്ന് പറയുന്നത്. മാർച്ചിൽ രണ്ടാം വർഷക്കാർക്കൊപ്പമാണ് ഒന്നാം വർഷ പരീക്ഷ നടന്നിരുന്നത്. കോവിഡിന്റെ ഭീഷണിയിലും 10, 12 ക്ലാസുകളിലെ പരീക്ഷ നടത്തി. 


മൂല്യനിർണയം ഹയർ സെക്കന്ററി ജൂൺ ഒന്നിനും എസ്.എസ്.എൽ.സി ഇന്നലെയും ആരംഭിച്ചിട്ടുണ്ട്. എസ്.എസ്.എൽ.സിയുടെ ഐടി പ്രായോഗിക പരീക്ഷ റദ്ദാക്കിയെങ്കിലും ഹയർ സെക്കന്ററിയുടെ നീട്ടിവെച്ച പ്രായോഗിക പരീക്ഷ 19 ന് തുടങ്ങാനാണ് പരിപാടി. 
11-ാം ക്ലാസ് പരീക്ഷ സെപ്തംബർ ആറിന് ആരംഭിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 10, 12 ക്ലാസിലേതു പോലെ ഫോക്കസ് മേഖലയും പുറത്തുവിട്ടു. ഈ രണ്ടു ക്ലാസുകാർക്കും ഒന്നര മാസം സ്‌കൂളിൽ ക്ലാസുകൾ നടത്തിയിരുന്നു. പ്ലസ് വൺ വിദ്യാർഥികൾക്കും ഓഗസ്റ്റിൽ ക്ലാസ് നടത്താനാവുമെന്നാണ് പ്രതീക്ഷ. 
പാഠഭാഗത്തിൽ ഏതാനും പാഠം എടുത്ത് ഫോക്കസ് മേഖലയായി പ്രഖ്യാപിക്കുകയും അതിൽനിന്ന് മുഴുവൻ സ്‌കോറിന് ചോദ്യങ്ങൾ തയാറാക്കുകയും ചെയ്യുന്ന രീതിയാണ് ഇപ്പോൾ സ്വീകരിച്ചത്. ഇരട്ടി സ്‌കോറിനുള്ള ചോദ്യങ്ങൾ ഉണ്ടാകും. ഏതിനും വിദ്യാർഥിക്ക് ഉത്തരം എഴുതാം. 


ഈ രീതി വിദ്യാർഥികൾക്ക് സഹായകമായെന്നാണ് മൂല്യനിർണയ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരം. കൂടുതൽ വിദ്യാർഥികൾക്ക് എ പ്ലസും മുഴുവൻ സ്‌കോറും കിട്ടുന്നുണ്ട്. 
ഹയർ സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ച് 20 വർഷങ്ങൾക്ക് ശേഷം തുടങ്ങിയ ഒന്നാം വർഷപൊതുപരീക്ഷ ഹയർ സെക്കന്ററി വിദ്യാഭ്യാസത്തിന്റെ ജീവൻ തന്നെ ഇല്ലാതാക്കിയെന്ന് പാഠ്യപദ്ധതി രൂപീകരണത്തിന് നേതൃത്വം നൽകിയവരിലൊരാളായ പി. പ്രേമചന്ദ്രൻ ഫെയ്‌സ്ബുക്കിൽ കുറിച്ചു. എൻട്രൻസ് കോച്ചിംഗ് മാത്രം ലക്ഷ്യമിട്ട് ചില വരേണ്യ സ്‌കൂളുകൾ ഒന്നാം വർഷ പാഠഭാഗങ്ങൾ പഠിപ്പിക്കുന്നില്ല എന്ന ചില ഉന്നത വ്യക്തികളുടെ തോന്നലിൽ നിന്നാണ് ഒന്നാം വർഷ പൊതുപരീക്ഷ വന്നത്. അധ്യാപക സംഘടനകളോ വിദ്യാർഥി പ്രസ്ഥാനങ്ങളോ ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. എസ്.സി.ഇ.ആർ.ടി യിലും ചർച്ച ചെയ്തിട്ടില്ല. തോൽവിയോ ജയമോ ഇല്ലെങ്കിലും പരീക്ഷയുടെ നടത്തിപ്പും മൂല്യനിർണയവും വലിയ സംഘർഷമാണ് കുട്ടികളിൽ ഉണ്ടാക്കുന്നത്. ദേശീയ വിദ്യാഭ്യാസ നയം പറയുന്നത് ഒന്നാം വർഷ ഹയർ സെക്കന്ററി കുട്ടികൾക്ക് പൊതുപരീക്ഷ പാടില്ല എന്നാണ്. ഇന്ത്യയിൽ ഒരിടത്തും ഹയർസെക്കന്ററിക്ക് ഒന്നാം വർഷ പൊതുപരീക്ഷ നടക്കുന്നില്ല.


പ്ലസ് വൺ പ്രവേശനം നേടിയ കുട്ടികൾ ഇന്നുവരെ സ്‌കൂളിൽ വരികയോ അധ്യാപകരുമായി പരിചയപ്പെടുക പോലുമോ ഉണ്ടായിട്ടില്ല. നവംബറിൽ ആരംഭിച്ചതിന് ശേഷം കേവലം അഞ്ചുമാസമാണ്  ഓൺലൈനിൽ എങ്കിലും ഇവർക്ക് ക്ലാസുകൾ ലഭിച്ചത്. ഈ ഘട്ടത്തിൽ ഒരു പൊതുപരീക്ഷയെഴുതാൻ അവരെ നിർബന്ധിക്കുന്നത് ആ കുഞ്ഞുങ്ങളോട് ചെയ്യുന്ന കടുത്ത അനീതിയാണ് -അദ്ദേഹം പറയുന്നു.
വിദ്യാർഥികൾ ചാനലുകളിലും സാമൂഹ്യ മാധ്യമങ്ങളിലും പരീക്ഷ ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുവരുന്നുണ്ട്. മാർച്ചിൽ ഒന്നാം വർഷ പരീക്ഷക്ക് പുറമെ സെപ്തംബറിൽ ഇംപ്രൂവ്‌മെന്റ് പരീക്ഷയും നടത്താറുണ്ട്. കഴിഞ്ഞ അധ്യായന വർഷത്തെ 11-ാം ക്ലാസുകാർക്ക് പരീക്ഷ നടത്തിയിട്ടില്ലെങ്കിലും കഴിഞ്ഞ ദിവസം രണ്ടാം വർഷ ക്ലാസുകൾ വിക്‌ടേഴ്‌സ് ചാനലിൽ തുടങ്ങിയിട്ടുണ്ട്. 


 

Latest News