സൗജന്യവാക്‌സിൻ പ്രഖ്യാപനം; മോഡിക്ക് ഹൃദയപൂർവ്വം നന്ദി- പിണറായി വിജയൻ

തിരുവനന്തപുരം- ജൂൺ 21 മുതൽ സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇന്നത്തെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനങ്ങൾക്ക് സൗജന്യമായി വാക്‌സിൻ നൽകണമെന്നത് കേരളം ഏറെ നാളായി ഉന്നയിച്ചു വരുന്ന ആവശ്യമാണ്. രാജ്യത്ത് കോവിഡ് മഹാമാരിക്കെതിരെ സാമൂഹിക പ്രതിരോധം സൃഷ്ടിക്കുന്നതിന് ഈ പുതിയ നയം വലിയ തോതിൽ സഹായകമാകും. വാക്‌സിൻ വാങ്ങുന്നതിനായി സംസ്ഥാനങ്ങൾ വലിയ തുക ചെലവഴിക്കേണ്ട സാഹചര്യവും ഇതുവഴി ഒഴിവാക്കാൻ സാധിക്കും. 
കോവിഡ്19 മാനദണ്ഡങ്ങൾ ശക്തമായി പാലിച്ചുകൊണ്ട് രോഗപ്രതിരോധത്തിന്റെ മുൻ നിരയിൽ കേരളം ഉണ്ടാകുമെന്ന് ഈ അവസരത്തിൽ ഒരിക്കൽ കൂടി ഉറപ്പു നൽകുകയാണ്. ഉചിതമായ തീരുമാനം കൈക്കൊണ്ടതിൽ പ്രധാനമന്ത്രിയോട് ഹൃദയപൂർവം നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News