Sorry, you need to enable JavaScript to visit this website.

ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന കയറ്റുമതിയിൽ പത്തു ശതമാനം കുറവ്

കോവിഡ് പ്രതിസന്ധിയും രാജ്യാന്തര വിപണിയിലെ മന്ദീഭാവവും നിലനിൽക്കേ രാജ്യത്തു നിന്നും 11,49,341 ടൺ സമുദ്രോൽപന്നങ്ങൾ കയറ്റുമതി ചെയ്തു. മുൻ വർഷത്തെ അപേക്ഷിച്ച് കയറ്റുമതിയിൽ  10.88 ശതമാനം കുറവാണ് ഉണ്ടായത്. 5.96 ബില്യൺ അമേരിക്കൻ ഡോളർ മൂല്യം വരുന്ന 43,717.26 കോടി രൂപയുടെ കയറ്റുമതിയാണ് ഇക്കാലയളവിൽ നടന്നത്. അമേരിക്ക, ചൈന, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിലേക്കാണ് ഇന്ത്യൻ സമുദ്രോൽപന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റി അയച്ചത്. ശീതീകരിച്ച ചെമ്മീനായിരുന്നു ഏറ്റവും ഡിമാന്റുള്ള സമുദ്രോൽപന്നം. ശീതീകരിച്ച മീനിനും ഏറെ ആവശ്യക്കാരുണ്ടായിരുന്നു. 2019-20 ൽ 12,89,651 ടൺ സമുദ്രോൽപന്നമാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 6.68 ബില്യൺ ഡോളർ മൂല്യവും 46,662.85 കോടി രൂപമൂല്യവും വരുമിത്. രൂപയുടെ നിരക്കിൽ 6.31 ശതമാനവും ഡോളർ നിരക്കിൽ 10.81 ശതമാനവുമാണ് 2020-21 സാമ്പത്തിക വർഷത്തിൽ കുറവ് രേഖപ്പെടുത്തിയത്.


കോവിഡ് മഹാമാരി പോയ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് സമുദ്രോൽപന്ന കയറ്റുമതി വികസന അതോറിറ്റി (എംപിഇഡിഎ) ചെയർമാൻ  കെ.എസ്. ശ്രീനിവാസ് പറഞ്ഞു. എന്നാൽ രണ്ടാം പകുതിയുടെ അവസാന ഘട്ടത്തിൽ കയറ്റുമതി രംഗം ഉണർന്നു. ആകെ കയറ്റുമതിയിൽ ഡോളർ വരുമാനത്തിന്റെ 67.99 ശതമാനവും ജലകൃഷി മേഖലയിൽ നിന്നാണ്. കയറ്റുമതി അളവിന്റെ 46.45 ശതമാനം വരുമിത്. 2019-20 ലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഡോളർ മൂല്യത്തിൽ 4.41 ശതമാനത്തിന്റെയും രൂപ മൂല്യത്തിൽ 2.48 ശതമാനത്തിന്റെയും വർധനയാണ് ഈയിനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. ആകെ കയറ്റുമതി ചെയ്ത അളവിന്റെ 51.36 ശതമാനവും ശീതീകരിച്ച ചെമ്മീനാണ്. ആകെ ഡോളർ വരുമാനത്തിൽ 74.31 ശതമാനവും ഈ വിഭാഗത്തിൽ നിന്നാണ്. 


അമേരിക്കയാണ് ഏറ്റവുമധികം സമുദ്രോൽപന്നങ്ങൾ (2,72,041 ടൺ) ഇന്ത്യയിൽ നിന്നും ഇറക്കുമതി ചെയ്തത്. ചൈന (1,01,846 ടൺ), യൂറോപ്യൻ യൂനിയൻ (70,133 ടൺ), ജപ്പാൻ (40,502 ടൺ), ദക്ഷിണ പൂർവേഷ്യ (38,389 ടൺ), ഗൾഫ് രാജ്യങ്ങൾ (29,108 ടൺ) എന്നിങ്ങനെയാണ് കണക്ക്. എന്നാൽ ശീതീകരിച്ച ചെമ്മീനിൽ നിന്നുള്ള കയറ്റുമതി  അളവിൽ 9.50 ശതമാനത്തിന്റെയും ഡോളർ കണക്കിൽ 9.47 ശതമാനത്തിന്റെയും കുറവാണ് 20-21 ൽ ഉണ്ടായത്. ആകെ കയറ്റുമതിയിൽ 4,426.19 മില്യൺ ഡോളർ വരുമാനവും 5,90,275 ടൺ അളവും ചെമ്മീനിനാണ്. 2019-20 മായി തട്ടിച്ചു നോക്കുമ്പോൾ വനാമി ചെമ്മീൻ കയറ്റുമതി 5,12,204 ടണ്ണിൽ നിന്നും 2020-21 ൽ 4,92,271 ടണ്ണായി കുറഞ്ഞു. ആകെ വനാമി ചെമ്മീന്റെ കയറ്റുമതിയിൽ 56.37 ശതമാനവും അമേരിക്കയിലേക്കാണ്. ചൈന (15.13 ശതമാനം), യൂറോപ്പ് (7.83 ശതമാനം), ദക്ഷിണ പൂർവേഷ്യ (5.76 ശതമാനം) ജപ്പാൻ (4.96 ശതമാനം), ഗൾഫ് (3.59 ശതമാനം) എന്നിങ്ങനെയാണ് വനാമി ചെമ്മീൻ കയറ്റുമതി. കാരച്ചെമ്മീൻ കയറ്റുമതി ഏറ്റവുമധികം ജപ്പാനിലേക്കാണ് നടന്നത.് ആകെ കാരച്ചെമ്മീൻ കയറ്റുമതിയുടെ ഡോളർ മൂല്യത്തിൽ 39.68 ശതമാനവും ജപ്പാനിലേക്കാണ്. അമേരിക്ക (26.03 ശതമാനം), ദക്ഷിണ പൂർവേഷ്യ (9.32 ശതമാനം) യൂറോപ്പ് (8.95 ശതമാനം) ഗൾഫ് (6.04 ശതമാനം), ചൈന (3.76 ശതമാനം) എന്നിങ്ങനെയാണ് ഈ വിഭാഗത്തിലെ ഡോളർ വരുമാന വിഹിതം.


ആകെ കയറ്റുമതിയുടെ അളവിൽ 16.37 ശതമാനം ശീതീകരിച്ച മത്സ്യമാണ്. ആകെ ഡോളർ വരുമാനത്തിലെ 6.75 ശതമാനവും ഈ വിഭാഗത്തിൽ നിന്നു തന്നെ. എന്നാൽ 2019 20 മായി തട്ടിച്ചു നോക്കുമ്പോൾ കയറ്റുമതി അളവിൽ 15.76 ശതമാനത്തിന്റെയും ഡോളർ മൂല്യത്തിൽ 21.67 ശതമാനത്തിന്റെയും കുറവാണ് ഈ വിഭാഗം 2021 ൽ രേഖപ്പെടുത്തിയത്. സുറിമി ഫിഷ് പേസ്റ്റ്, സുറിമി അനലോഗ് എന്നിവയുട കയറ്റുമതിയിൽ നേരിയ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. കയറ്റുമതി അളവിൽ 0.12 ശതമാനവും രൂപമൂല്യത്തിൽ 0.26 ശതമാനവും വളർച്ച രേഖപ്പെടുത്തിയപ്പോൾ ഡോളർ മൂല്യം 5.02 ശതമാനം കുറഞ്ഞു. ശീതീകരിച്ച കണവ, കടൽനാക്ക് എന്നിവയുടെ കയറ്റുമതി യഥാക്രമം 30.19 ശതമാനം, 16.38 ശതമാനം എന്നിങ്ങനെയാണ് കുറഞ്ഞത്. എന്നാൽ ഉണക്ക മത്സ്യത്തിന്റെ കയറ്റുമതി അളവിൽ 1.47 ശതമാനവും രൂപ മൂല്യത്തിൽ 17 ശതമാനവും വർധന രേഖപ്പെടുത്തി. ശീതീകരിച്ചതും ജീവനുള്ളതുമായ ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ വൻ ഇടിവ് രേഖപ്പെടുത്തി. വിമാന മാർഗമുള്ള ചരക്ക് നീക്കം കോവിഡ് പ്രതിസന്ധിയെത്തുടർന്ന തടസ്സപ്പെട്ടതാണ് കാരണം. ശീതീകരിച്ച മത്സ്യത്തിന്റെ അളവിൽ 16.89 ശതമാനവും ജീവനുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ 39.91 ശതമാനത്തിന്റെയും ഇടിവ് ഉണ്ടായി.


ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്നം ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യമായി അമേരിക്ക തുടരുകയാണ്. ആകെ ഡോളർ വരുമാനത്തിന്റെ 41.15 ശതമാനവും അമേരിക്കയിലേക്ക് കയറ്റി അയച്ച 2,91,948 ടൺ സമുദ്രോൽപന്നങ്ങളിൽ നിന്നാണ്. രൂപ മൂല്യത്തിൽ 0.48 ശതമാനത്തിന്റെ വർധന ഉണ്ടായെങ്കിലും കയറ്റുമതി അളവിൽ 4.34 ശതമാനത്തിന്റെയും ഡോളർ വരുമാനത്തിൽ 4.35 ശതമാനത്തിന്റെയും കുറവ് രേഖപ്പെടുത്തി. ഇന്ത്യയിൽ നിന്നുള്ള സമുദ്രോൽപന്ന ഇറക്കുമതിയിൽ രണ്ടാം സ്ഥാനം ചൈനയ്ക്കാണ്. 2,18,343 ടൺ സമുദ്രോൽപന്നമാണ് ചൈന ഇറക്കുമതി ചെയ്തത്


കോവിഡിനു പുറമെ മറ്റ് പല ഘടകങ്ങളും 2020-21 ൽ കയറ്റുമതി കുറയുന്നതിന് കാരണമായിട്ടുണ്ട്. മത്സ്യബന്ധന ദിവസങ്ങൾ നഷ്ടപ്പെട്ടതിനാൽ സമുദ്രോൽപന്നങ്ങൾ കരയിലെത്തുന്നതിന് കുറവുണ്ടായി. വിപണിയിലെ അനിശ്ചിതത്വവും ചരക്ക് നീക്കത്തിലുണ്ടായ വേഗക്കുറവും വിനയായി. മത്സ്യബന്ധനത്തിനും മൂല്യവർധനത്തിനും തൊഴിലാളികൾ ലഭ്യമല്ലാതിരുന്നത്, തുറമുഖങ്ങളിൽ കണ്ടെയ്‌നറുകൾ കെട്ടിക്കിടന്നത്, വിമാന ചരക്ക് കൂലി വർധന, നിയന്ത്രിതമായ വിമാന ലഭ്യത തുടങ്ങിയ ഘടകങ്ങൾ മൊത്തമായുള്ള കയറ്റുമതിയെയും വിശിഷ്യാ ശീതീകരിച്ച, ജീവനുള്ള ഉൽപന്നങ്ങളുടെ കയറ്റുമതിയെയും ബാധിച്ചെന്ന് ചെയർമാൻ പറഞ്ഞു. കണ്ടെയ്‌നർ ക്ഷാമം,  ഹോട്ടൽ, റസ്റ്റോറന്റ്, കഫെ എന്നിവ തുറക്കാതിരുന്നത്,  ജപ്പാൻ, യൂറോപ്യൻ യൂനിയൻ എന്നിവടങ്ങളിൽ ചില്ലറ വിൽപന കേന്ദ്രങ്ങൾ, റസ്‌റ്റോറന്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ തുടങ്ങിയ മേഖലകളിൽ കോവിഡ് നിയന്ത്രണങ്ങൾ വന്നതും കയറ്റുമതിയെ പ്രതികൂലമായി ബാധിച്ചു.


 

Latest News