Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാന്തപുരത്തിന് പാരിതോഷികം ഒരു കോടി രൂപ  

മർകസ് അലുംനിയുടെ നേതൃത്വത്തിൽ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് ഒരു കോടി രൂപയുടെ അവാർഡ് കൈമാറുന്നു.

കോഴിക്കോട് - മർകസിലൂടെ തങ്ങൾക്ക് ജ്ഞാന വെളിച്ചവും വിവേകവും ഔന്നത്യത്തിലേക്കുള്ള കവാടങ്ങളും തുറന്നുതന്ന പ്രിയപ്പെട്ട ഗുരുവിന് ഒരു കോടി രൂപയുടെ ഉപഹാരവുമായി മർകസ് പൂർവ്വ വിദ്യാർത്ഥികൾ. മർകസ് റൂബി ജൂബിലിയുടെ ഭാഗമായി ഇന്നലെ സംഘടിപ്പിച്ച ബാക് ടു മർകസ് ചടങ്ങിലാണ് മർകസ് സ്ഥാപകൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് അവാർഡ് കൈമാറിയത്. 
കേവലമായ അറിവിനപ്പുറം മാനുഷിക ബോധവും ധാർമ്മികതയും വിദ്യാർത്ഥി ഹൃദയങ്ങളിൽ സന്നിവേശിപ്പിച്ച് ഒരു ലക്ഷത്തോളം മർകസ് പൂർവ്വ വിദ്യാർത്ഥികളെ വാർത്തെടുക്കുകയും അവരെ സ്വന്തം മക്കളെപ്പോലെ പരിഗണിക്കുകയും ചെയ്ത മഹാമനീഷിയാണ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെന്ന് അലുംനി ചെയർമാൻ സയ്യിദ് സൈനുൽ ആബിദീൻ ജീലാനി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
വിഷൻ ഓഫ് ശൈഖ് അബൂബക്കർ എന്ന വിഷയത്തിൽ മർകസ് നോളജ് സിറ്റി സി.ഇ.ഒ ഡോ. അബ്ദുസ്സലാം മുഹമ്മദ് സംസാരിച്ചു. മൂല്യങ്ങളോടും വിദ്യാഭ്യാസത്തോടും പ്രതിബദ്ധതയുള്ള ആയിരക്കണക്കിന് ശിഷ്യന്മാരെ ലഭിച്ചു എന്നതാണ് തന്നെ  എപ്പോഴും ആഹ്ലാദ ഭരിതമാക്കുന്നതെന്ന് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ മറുപടി പ്രസംഗത്തിൽ പറഞ്ഞു. 
ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ മുന്നേറ്റത്തിന് വേണ്ടിയാണ് മർകസിന്റെ പ്രവർത്തനങ്ങളെന്നും ആത്മാർത്ഥവും സത്യസന്ധവുമായ മാർഗങ്ങളിലൂടെ മുന്നോട്ടു പോകുന്നത് കൊണ്ട് സ്രഷ്ടാവിന്റെ സഹായം എപ്പോഴും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മർകസിന്റെ വിവിധ കാമ്പസുകളിൽ പഠിച്ച് ഡോക്ടർമാരായ നാൽപത് പേരുടെ നേതൃത്വത്തിൽ പ്രത്യേക ഉപഹാരവും കാന്തപുരത്തിന് കൈമാറി. മർകസ് പൂർവ്വ വിദ്യാർത്ഥി മുജീബ് കക്കാടിന്റെ പുസ്തക പ്രകാശനവും നടന്നു. സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് മികച്ച നേട്ടം കരസ്ഥമാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിച്ചു. മർകസ് ഓർഫനേജ്, ഹൈസ്‌കൂൾ, ബോർഡിംഗ്, ആർട്‌സ് കോളേജ്, ശരീഅത്ത് കോളേജ്, ഐ.ടി.ഐ, ആർട്‌സ്& സയൻസ് കോളേജ്, ഖുർആൻ സ്റ്റഡി സെന്റർ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ചടങ്ങിൽ സംബന്ധിച്ചു.
 

Latest News