Sorry, you need to enable JavaScript to visit this website.

ടയർ ലോബിയുടെ കനിവ് കാത്ത് തോട്ടം മേഖല

റബർ ടാപ്പിങിന് കാലാവസ്ഥ കനിഞ്ഞു, മികച്ച വിലക്ക് ടയർ ലോബി കനിയുമോയെന്ന് ഉറ്റുനോക്കുകയാണ് തോട്ടം മേഖല. കർഷകരുടെ നീണ്ട കാത്തിരിപ്പിനൊടുവിലാണ് കാലാവസ്ഥ കനിഞ്ഞത്. എന്നാൽ ടയർ ലോബി കൂടി കനിഞ്ഞാൽ മാത്രമേ ടാപ്പിങിന്റെ നേട്ടം കർഷകരിലേക്ക് എത്തൂ. ഒട്ടുമിക്ക ചെറുകിട തോട്ടങ്ങളിലും ടാപ്പിങ് തുടങ്ങാനുള്ള ഒരുക്കത്തിലാണ് ഉൽപാദകർ. അൽപം മെച്ചപ്പെട്ട വില ഈ സീസണിലെങ്കിലും ഉറപ്പാക്കാനായില്ലെങ്കിൽ കർഷിക മേഖലയിലെ മാന്ദ്യം തുടരും. ഉയർന്ന കൂലിചെലവുകളും റബർ ഷീറ്റിന് ലഭിക്കുന്ന താഴ്ന്ന വിലയും മൂലം ഒട്ടുമിക്ക വൻകിട എസ്റ്റേറ്റുകളിൽ റെയിൻ ഗാർഡ് ഇട്ട് തുടങ്ങിയിട്ടില്ല. മൺസൂൺ കേരളവും തമിഴ്‌നാടും കടന്ന് ആന്ധയിൽ എത്തിയെന്നാണ് കാലാവസ്ഥ വിഭാഗം വിലയിരുത്തുന്നത്. നിലവിലെ സ്ഥിതി വിലയിരുത്തിയാൽ അടുത്ത ശനിയാഴ്ചയോടെ മാത്രമേ മഴ സജീവമാകാൻ ഇടയുള്ളൂ. വരൾച്ച മൂലം ഫെബ്രുവരിയിൽ കർഷകർ റബർ ടാപ്പിങ് നിർത്തി. ഇത് മൂലം വിപണിയിലും കാർഷിക മേഖലയിലും കാര്യമായി ഷീറ്റില്ല. ഓഫ് സീസണിൽ വില ഉയരുമെന്ന് ഉൽപാദകർ പ്രതീക്ഷിച്ചെങ്കിലും അതും സംഭവിച്ചില്ല. ടയർ കമ്പനികൾ നാലാം ഗ്രേഡ് റബർ വില 17,200 രൂപയിൽ നിന്ന് 16,800 ലേക്ക് ഇടിച്ചു. അഞ്ചാം ഗ്രേഡ് 16,500-17,000 രൂപയിൽ നിന്ന് 16,200-16,600 രൂപയായി. രാജ്യാന്തര വില 17,371 രൂപയിൽ നിന്ന് 16,521 രൂപയായി.


സുഗന്ധവ്യഞ്ജനങ്ങൾ തളർച്ചയിലാണ്. ലോക്ഡൗൺ മൂലം ഇടപാടുകളുടെ വ്യാപ്തി ചുരുങ്ങിയതിനാൽ ഒരു മാസത്തിൽ ഏറെയായി പലതിന്റെയും വില സ്റ്റെഡിയാണ്. ഉത്തരേന്ത്യൻ ആവശ്യം ചുരുങ്ങിയത് തിരിച്ചടിയായി. ചുക്ക്, മഞ്ഞൾ, ജാതിക്ക, ഏലക്ക, ഗ്രാമ്പു തുടങ്ങിയവ സ്റ്റെഡിയാണ്. അതേ സമയം കുരുമുളക് മികവിലാണ്. ഉൽപാദനം കുറവായതിനാൽ വരും മാസങ്ങളിൽ നിരക്ക് ഉയരുമെന്ന് മനസ്സിലാക്കി ചരക്ക് സംഭരിക്കാൻ ഇടനിലക്കാർ മത്സരിച്ചു. കാർഷിക മേഖലകളിൽ നിന്നുള്ള മുളക് നീക്കം കുറവാണ്. കൊച്ചിയിൽ അൺ ഗാർബിൾഡ് കുരുമുളക് 39,300 രൂപയിൽ നിന്ന് 40,000 ത്തിലേക്ക് ഉയർന്നു. 


മുന്നിലുള്ള രണ്ട് മാസങ്ങളിൽ കുരുമുളകിന് ആഭ്യന്തര ഡിമാന്റ് ഉയരാം. ഓഗസ്റ്റ് ഒക്ടോബറിലെ ഉത്സവ സീസണിലെ ഡിമാന്റിനുള്ള ചരക്ക് സംഭരണത്തിനുള്ള സമയമാണ്. എന്നാൽ കോവിഡ് സൃഷ്ടിച്ച ആഘാതം ഉത്തരേന്ത്യൻ വിൽപനയെ ബാധിക്കാനും ഇടയുണ്ട്. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ മുളക് വില ടണ്ണിന് 5500 ഡോളർ. ഇന്തോനേഷ്യയും വിയറ്റ്‌നാമും 4000 ഡോളറിനും ബ്രസീൽ ടണ്ണിന് 3900 ഡോളറിനും ക്വട്ടേഷൻ ഇറക്കി.


നാളികേരോൽപന്നങ്ങളുടെ വിലയിൽ നേരിയ ചാഞ്ചാട്ടം ദൃശ്യമായെങ്കിലും മാസാരംഭമായതിനാൽ മില്ലുകാർ കരുതലോടെ ചരക്ക് ഇറക്കി നിരക്ക് ഉയർത്തിപ്പിടിക്കാൻ ഉത്സാഹിച്ചു. എന്നാൽ കൊപ്ര വില ഇടിച്ച് ശേഖരിക്കാനും വ്യവസായികൾ മറന്നില്ല. കാലവർഷമായതിനാൽ ഇനി നാളികേര വിളവെടുപ്പ് തടസ്സപ്പെടും. കൊച്ചിയിൽ വെളിച്ചെണ്ണ വില 100 രൂപ കുറഞ്ഞ് 17,700 രൂപയായി. കൊപ്രയ്ക്ക് 200 രൂപ ഇടിഞ്ഞ് 11,450 ലേയ്ക്ക് താഴ്ന്നു. സ്വർണ വില പവന് 36,640 രൂപയിൽ നിന്ന് 36,960 ലേയ്ക്ക് ഉയർന്ന ശേഷം 36,400 ലേയ്ക്ക് ഇടിഞ്ഞങ്കിലും ശനിയാഴ്ച പവൻ 36,720 ലേയ്ക്ക് തിരിച്ചു കയറി. ഗ്രാമിന് വില 4590 രൂപ. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1904 ഡോളറിൽ നിന്ന് 1910 ഡോളർ വരെ ഉയർന്നതിനിടയിൽ റഷ്യ നടത്തിയ ചില സാമ്പത്തിക പരിഷ്‌കാരങ്ങൾ സ്വർണത്തിൽ വിൽപന സമ്മർദമുളവാക്കിയതോടെ വില 1855 ഡോളറിലേയ്ക്ക് ഇടിഞ്ഞെങ്കിലും ക്ലോസിങിൽ വില 1891 ഡോളറിലാണ്. 

Latest News