വിദേശ ഫണ്ട് പ്രവാഹത്തിൽ ഇന്ത്യൻ ഓഹരി സൂചിക വീണ്ടും തിളങ്ങി. വിദേശ ഓപറേറ്റർമാർ ഏതാണ്ട് ആറായിരം കോടി രൂപ കഴിഞ്ഞ ദിവസങ്ങളിൽ നമ്മുടെ മാർക്കറ്റിൽ നിക്ഷേപിച്ചു. മുൻനിര ഓഹരികളുടെ കുതിപ്പിനിടയിൽ ദേശീയ ഓഹരി സൂചികയായ നിഫ്റ്റി റെക്കോർഡ് പ്രകടനം കാഴ്ചവെച്ചു. നിഫ്റ്റി 234 പോയന്റ് പ്രതിവാര നേട്ടത്തിലാണ്. മുൻവാരത്തിലെ 15,435 ൽ നിന്നുള്ള കുതിപ്പിൽ മുൻ റെക്കോർഡായ 15,469 പോയന്റ് മറികടന്ന് ചരിത്രത്തിൽ ആദ്യമായി 15,733 ലേയ്ക്ക് ഉയർന്നു. ഇതിനിടയിൽ റിസർവ് ബാങ്ക് വായ്പാ അവലോകനത്തിൽ പലിശയിൽ മാറ്റത്തിന് തയാറാവാഞ്ഞത് വിപണിയെ നിരാശപ്പെടുത്തി. വെളളിയാഴ്ച ഇടപാടുകളുടെ അവസാന നിമിഷങ്ങളിലെ ലാഭമെടുപ്പ് മൂലം നിഫ്റ്റി ക്ലോസിങിൽ 15,670 പോയന്റിലേക്ക് നീങ്ങി.
ഷോട്ട് ടേമിലേയ്ക്ക് 15,680 ലെ സപ്പോർട്ട് നഷ്ടമായത് ഒരു വിഭാഗം ഓപറേറ്റർമാരെ വിൽപനക്കാരാക്കി. നിഫ്റ്റി തുടർച്ചയായ മൂന്നാം വാരമാണ് നേട്ടം കൈവരിക്കുന്നത്. ഈ കാലയളവിൽ സൂചിക 992 പോയന്റ് മുന്നേറി. കഴിഞ്ഞ ഒരു മാസത്തിൽ 1173 പോയന്റും ഒരു വർഷ കാലയളവിൽ നിഫ്റ്റി 5641 പോയന്റ്ു കുതിച്ചു, അതായത് മുന്നേറ്റം 56 ശതമാനം.
ബ്ലൂചിപ് ഓഹരികൾ സ്വന്തമാക്കാൻ ആഭ്യന്തര വിദേശ ഫണ്ടുകൾ മത്സരിച്ചത് ബോംബെ സെൻസെക്‌സിന് നേട്ടമായി. സൂചിക 51,422 ൽ നിന്ന് 52,389 പോയന്റ്‌വരെ ഉയർന്ന് ഇടപാടുകൾ നടന്നു. സർവകാല റെക്കാർഡിലേയ്ക്കുള്ള ദൂരത്തിലേക്ക് കേവലം 127 പോയന്റ് അകലെവെച്ച് സെൻസെക്‌സിന് കാലിടറി. ഇതിനിടയിൽ ബാധ്യതകൾ പണമാക്കാൻ ഒരു വിഭാഗം ഫണ്ടുകൾ മത്സരിച്ചതോടെ വ്യാപാരാന്ത്യം സൂചിക 52,100 ലേക്ക് താഴ്ന്നു. ഈ വാരം സെക്‌സിന് സർവകാല റെക്കോർഡായ 52,516 ൽ ആദ്യ പ്രതിരോധമുണ്ട്. ഇത് മറികടന്നാൽ 52,599-53,099 ലേയ്ക്ക് സൂചികയുടെ ദൃഷ്ടി തിരിയും. തിരുത്തലിന് ശ്രമിച്ചാൽ താങ്ങ് 51,389-50,679 പോയന്റിലാണ്. പിന്നിട്ട ഒരു വർഷത്തിനിടയിൽ സെൻസെക്‌സ് 53 ശതമാനം നേട്ടം കൈവരിച്ചു കൊണ്ട് ഉയർന്നത് 18,119 പോയന്റാണ്.
ഒ എൻ ജി സി, ആർ ഐ എൽ, എസ് ബി ഐ, എച്ച് ഡി എഫ് സി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഇൻഡസ് ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക്, മാരുതി, ബജാജ് ഓട്ടോ, ഡോ. റെഡീസ്, സൺ ഫാർമ, എയർടെൽ, എൽ ആന്റ് റ്റി തുടങ്ങിയവയുടെ നിരക്ക് ഉയർന്നപ്പോൾ ഇൻഫോസീസ്, ഐ റ്റി സി, എം ആന്റ് എം എന്നിവക്ക് തളർച്ച.
രാജ്യത്തെ വിദേശ നാണയ കരുതൽ ശേഖരം ചരിത്രത്തിൽ ആദ്യമായി 600 ബില്യൺ ഡോളർ മറികടക്കാനുള്ള ഒരുക്കത്തിലാണ്. വാരാവസാനം കരുതൽ ശേഖരം 598.2 ബില്യൻ ഡോളറിൽ എത്തി. മെയ് 28 ന് അവസാനിച്ച വാരം കരുതൽ ശേഖരം 592.89 ബില്യൺ ഡോളറായിരുന്നു.
ഫോറെക്‌സ് മാർക്കറ്റിൽ രൂപ തളർന്നു. വിദേശ നിക്ഷേപം പതിവിലും ഉയർന്നിട്ടും രൂപ തളർന്നത് ആർ ബി ഐ യെ സമ്മർദത്തിലാക്കി. ഒരു മാസത്തോളം മികവിൽ നീങ്ങിയ രൂപയുടെ മൂല്യം പോയവാരം 72.42 ൽ നിന്ന് 73.07 ലേക്ക് ഇടിഞ്ഞു.
റിസർവ് ബാങ്ക് പലിശ നിരക്കിൽ സ്വീകരിച്ച നിലപാട് ഓഹരി നിക്ഷേപകരെയും നിരാശപ്പെടുത്തി. ആർ ബി ഐ റിപ്പോ, റിവേഴ്‌സ്‌റിപ്പോ നിരക്കുകളിൽ മാറ്റം വരുത്തിയില്ല. കേന്ദ്ര ബാങ്ക് തുടർച്ചയായ ആറാം തവണയാണ് വായ്പാ അവലോകനത്തിൽ പലിശ സ്റ്റെഡിയായി നിലനിർത്തുന്നത്.
സാമ്പത്തിക വളർച്ച മുരടിക്കുമെന്ന നിലപാടിലാണ് ആർ ബി ഐ. 2021-22 കാലയളവിൽ കോവിഡ് വ്യാപനം മൂലം സാമ്പത്തിക വളർച്ച 10.5 ശതമാനത്തിൽനിന്ന് 9.5 ശതമാനമായി കുറയുമെന്ന് വിലയിരുത്തൽ. വിദേശ ധനകാര്യ സ്ഥാപനങ്ങൾ പിന്നിട്ട വാരം 5911 കോടി രൂപ നിക്ഷേപിച്ചു. ആഭ്യന്തര ഫണ്ടുകൾ 652 കോടിയുടെ വാങ്ങലും 1454 കോടി രൂപയുടെ വിൽപനയും കഴിഞ്ഞ വാരം നടത്തി.
ഇന്ത്യാവോളാറ്റിലിറ്റി ഇൻഡക്‌സ് 2020 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരമായ 14.94 ലെത്തി. സൂചികയുടെ നീക്കം ആശങ്കയോടെയാണ് ഒരു വിഭാഗം വീക്ഷിക്കുന്നത്. തിരുത്തൽ സാധ്യതയുള്ളതിനാൽ നിക്ഷേപങ്ങളിൽ കൂടുതുൽ ജാഗ്രത ആവശ്യമാണ്. വോളാറ്റിലിറ്റി സൂചിക 1621 റേഞ്ചിലേയ്ക്ക് ഉയരാം.