ഇക്കൊല്ലം എത്ര ഹാജിമാരുണ്ടാകും, മറുപടിയുമായി ഹജ് മന്ത്രി

മക്ക - ഈ വർഷത്തെ ഹജിന് അനുമതി നൽകുന്ന തീർഥാടകരുടെ എണ്ണം ഔദ്യോഗികമായി നിർണയിച്ചിട്ടില്ലെന്നും ഇതേ കുറിച്ച് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ഡെപ്യൂട്ടി ഹജ്, ഉംറ മന്ത്രി ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. പുണ്യസ്ഥലങ്ങളുടെ ശേഷിയും, വ്യവസ്ഥകളും സുരക്ഷാ ക്രമീകരണങ്ങളും ബാധകമായ തീർഥാടകരുടെ എണ്ണവും തമ്മിൽ വ്യത്യാസമുണ്ട്. മുൻ വർഷങ്ങളിൽ ദശലക്ഷക്കണക്കിന് ഹജ് തീർഥാടകരെ സൗദി അറേബ്യ സ്വീകരിച്ചിരുന്നു. 
എന്നാൽ ഇപ്പോഴത്തെ സാഹചര്യം തീർത്തും വ്യത്യസ്തമാണ്. എയർപോർട്ടുകൾ അടക്കം സൗദിയിലേക്കുള്ള പ്രവേശന കവാടങ്ങൾ മുതൽ ഹജ് തീർഥാടകരുടെ സാന്നിധ്യമുണ്ടാകുന്ന മുഴുവൻ പ്രദേശങ്ങളുടെയും ശേഷി കണക്കിലെടുത്താണ് ഹജ് തീർഥാടകരുടെ എണ്ണം നിർണയിക്കുക. ഹജുമായി ബന്ധപ്പെട്ട മുഴുവൻ ക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷം മാത്രമേ ഈ വർഷം ഹജിന് അനുമതി നൽകുന്നവരുടെ എണ്ണം ഔദ്യോഗികമായി അറിയിക്കുകയുള്ളൂവെന്നും ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു. 
വാക്‌സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടി പ്രതിരോധശേഷി ആർജിച്ചവർക്കുമായിരിക്കും ഇത്തവണ ഹജ് അനുമതി നൽകുക. മറ്റു ആരോഗ്യ വ്യവസ്ഥകളും ബാധകമായിരിക്കും. ഹജുമായി ബന്ധപ്പെട്ട വ്യവസ്ഥകളും സംവിധാനങ്ങളും ക്രമീകരണങ്ങളും തീർത്തും സുതാര്യമായിരിക്കും. ഏതെങ്കിലും പ്രത്യേക രാജ്യങ്ങളിൽ നിന്നുള്ളവർക്കു മാത്രമായി ഹജ് പരിമിതപ്പെടുത്തില്ല. കൊറോണ വ്യാപനം രൂക്ഷമായ രാജ്യങ്ങളിൽ നിന്നുള്ളവരെ മാറ്റിനിർത്തുകയുമില്ല. ഹജ് തീർഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന മുഴുവൻ ക്രമീകരണങ്ങളും വ്യവസ്ഥകളും തയാറാക്കാൻ ബന്ധപ്പെട്ട മറ്റു വകുപ്പുകളുമായി ഹജ്, ഉംറ മന്ത്രാലയം സഹകരിച്ചുവരികയാണെന്നും ഡോ. അബ്ദുൽഫത്താഹ് മുശാത്ത് പറഞ്ഞു.
 

Latest News