കാലിഫോര്‍ണിയ- അമേരിക്കയിലെ കാലിഫോര്‍ണിയയില്‍ ആറു വയസ്സുകാരന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. മാതാവിനോടൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്ന എയ്ഡന്‍ ലിയോസാണ് മരിച്ചത്. തുടര്‍ന്ന് കുടുംബത്തെ സഹായിക്കാന്‍ വെബ് സൈറ്റിലൂടെ പണം ശേഖരിക്കുകയും കുറ്റവാളികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം ഡോളര്‍ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു.
എറിസ് മാര്‍കസ് ആന്റണി (24) കാമുകി ലീ വയന്നെ (23) എന്നിവരാണ് അറസ്റ്റിലായതെന്ന് ഓറഞ്ച് കൗണ്ടി രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും റോഡിലുണ്ടായ തര്‍ക്കവും രോഷവുമാണ് വെടിവെപ്പില്‍ കലാശിച്ചതെന്ന് പറയുന്നു.
പ്രതികളുടെ അറസ്റ്റ് മാതാവിന്റെ നഷ്ടത്തിന് പരിഹാരമല്ലെങ്കിലും അല്‍പം സമാധാനം നല്‍കുമെന്നും എയ്ഡന് നീതി ലഭ്യമാക്കുമെന്നും ഡിസ്ട്രിക്റ്റ് അറ്റോണി ടോഡ് സ്പിറ്റ്‌സര്‍ പറഞ്ഞു. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കി.






