കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ കണ്ടവര്‍ കുടുങ്ങി; കേരളത്തിലുടനീളം മിന്നല്‍ പരിശോധന, നിരവധി പേര്‍ക്കെതിരെ കേസ്

കണ്ണൂര്‍- കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല ചിത്രങ്ങള്‍ സ്ഥിരമായി കാണുന്നവരെ പിടികൂടാന്‍ സംസ്ഥാനത്തുടനീളം പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, ഇടുക്കി ജില്ലകളില്‍ നിരവധി പേര്‍ കുടുങ്ങി. നിരവധി മൊബൈല്‍ ഫോണുകളും പോലീസ് പിടിച്ചെടുത്തു. മലപ്പുറത്ത് ബംഗാള്‍ സ്വദേശി ഉള്‍പ്പെടെ രണ്ടു പേര്‍ അറസ്റ്റിലായി. മൊബൈലില്‍ അശ്ലീലചിത്രങ്ങള്‍ കാണുന്നവരെ കണ്ടെത്താന്‍ രഹസ്യമായി പോലീസ് നടത്തുന്ന ഓപറേഷന്‍ പി-ഹണ്ടിന്റെ ഭാഗമായാണ് മിന്നല്‍ പരിശോധന നടന്നത്. പിടിച്ചെടുത്ത മൊബൈല്‍ ഫോണുകള്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഉപയോഗിച്ചതായി കണ്ടെത്തിയാല്‍ പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരവും കുറ്റം ചുമത്തുമെന്ന് പോലീസ് അറിയിച്ചു. 

കണ്ണൂര്‍ ടൗണ്‍, പയ്യന്നൂര്‍, പരിയാരം, തളിപ്പറമ്പ്, ധര്‍മടം, പാനൂര്‍, കൊളവല്ലൂര്‍, പളപട്ടണം, കുടിയാന്‍മല, പിണറായി, ചക്കരക്കല്ല്, മയ്യില്‍, എടക്കാട്, പേരാവൂര്‍ തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ നിന്ന് 25ഓളം പേര്‍ക്കെതിരെ കേസെടുത്തു. നിരവധി ഫോണുകളും പോലീസ് പിടിച്ചെടുത്തു. 

കുട്ടികളുടെ അശ്ലീല ചിത്രം ഡൗണ്‍ലോഡ് ചെയ്ത മലപ്പുറം തിരൂരങ്ങാടി സ്വദേശിയായ 22കാരന്‍ അറസ്റ്റിലായി. മറ്റൊരു യുവാവിന്റെ ഫോണും തിരൂരങ്ങാടി പോലീസ് പിടിച്ചെടുത്തു. നിലമ്പൂരില്‍ താമസിക്കുന്ന ബംഗാള്‍ സ്വദേശിയും അറസ്റ്റിലായി. കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ചതിനാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്. 

തൃശൂര്‍ ജില്ലയിലെ ചാവക്കാട്, കൊരട്ടി മേഖലകളില്‍ പലയിടത്തും പോലീസ് മിന്നല്‍ പരിശോധന നടത്തി മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു. യുവാക്കളുടെ വീട്ടില്‍ കയറിയായിരുന്നു റെയ്ഡ്. ഇടുക്കിയിലെ ചെറുതോണിയില്‍ അശ്ലീലസൈറ്റുകള്‍ പതിവായി സന്ദര്‍ശിക്കുന്ന രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇവരുടെ മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.

Latest News