ഇറാനിൽ പ്രക്ഷോഭം വ്യാപിക്കുന്നു; അടിച്ചമർത്തുമെന്ന് ആഭ്യന്തര മന്ത്രി 

തെഹ്‌റാൻ- സർക്കാരിനെതിരെ മൂന്നാം ദിവസവും പ്രതിഷേധ പ്രകടനം നടന്ന ഇറാനിൽ കർശന മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി. ക്രമസമാധാന നില തകർക്കാനും സർക്കാർ സ്വത്തുക്കൾ നശിപ്പിക്കാനും മുതിരുന്നവർ കനത്ത വില നൽകേണ്ടിവരുമെന്നും സമാധാനം തകർക്കുന്നവരെ അടിച്ചമർത്തുമെന്നും മന്ത്രി അബ്ദുറഹ്മാൻ റഹ്മാനി ഔദ്യോഗിക ടെലിവിഷനിൽ മുന്നറിയിപ്പ് നൽകി. 
സംഘർഷവും ഭീതിയും ഭീകരതയും വ്യപിപ്പിക്കാനുള്ള നീക്കം ചെറുക്കുക തന്നെ ചെയ്യും. ജനങ്ങളുടെ ജാഗ്രത എല്ലാ ഗൂഢാലോചനകളും തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിലക്കയറ്റത്തിനെതിരെ ആരംഭിച്ച പ്രതിഷേധം ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭമായി വ്യാപിക്കുകയാണ്. മൂന്നാം ദിവസമായ ശനിയാഴ്ച രാത്രിയും ആയിരങ്ങളാണ് വിവിധ പട്ടണങ്ങളിൽ മാർച്ച് നടത്തിയത്. 
സമൂഹ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റാഗ്രം, ടെലഗ്രാം അപ്ലിക്കേഷനുകൾക്ക് മൊബൈലിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഘർഷം വ്യാപിപ്പിക്കാൻ ടെലിഗ്രാമാണ് ഉപയോഗിക്കുന്നതെന്ന് സർക്കാർ വൃത്തങ്ങൾ ആരോപിച്ചു.  

Latest News