പേഴ്സണല്‍ കംപ്യൂട്ടര്‍ വിപണിയില്‍ ലോകത്ത് എറ്റവും മികച്ച ഓപറേറ്റിങ് സിസ്റ്റമെന്ന പേരുള്ളത് ആപ്പിളിന്റെ മാക്കിനാണ്. മാക്കിന്റോഷ് എന്ന പേരില്‍ പുറത്തിറങ്ങി കംപ്യൂട്ടറുകളെ കൂടുതല്‍ പേഴ്സണലാക്കിയതോടൊപ്പം മാക്ക് ആയി മാറിയ ഈ ഓപറേറ്റിങ് സിസ്റ്റത്തിനൊരു മുന്ഗാമിയുണ്ടായിരുന്നു. പേര് ലിസ.
ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സ് തന്റെ മകളുടെ പേരു നല്കി അവതരിപ്പിച്ച ആധുനിക കംപ്യൂട്ടിങിന്റെ അടിത്തറയായ ഓപ്പറേറ്റിംഗ് സിസ്റ്റമായിരുന്നു ലിസ.
മികച്ച ഗ്രാഫിക് യൂസര്‍ ഇന്റര്‍ഫേസോടു കൂടി 1983 ല്‍ അവതിപ്പിച്ച ലിസയുടെ വില 10,000 ഡോളര്‍ എന്ന ഭീമന് തുകയായിരുന്നു. ഒരു വിന്‍ഡോ എ.സിയോളം വലിപ്പമുണ്ടായിരുന്ന ലിസ കംപ്യൂട്ടറില്‍ ലിസകാല്ക്ക്, ലിസ റൈറ്റ്, ലിസ ഡ്രോ തുടങ്ങി അതുവരെ പരിചയമില്ലാത്ത ഒരു കൂട്ടം സോഫ്റ്റ്വെയറുകളും ആപ്പിള്‍ ചേര്‍ത്തിരുന്നു. 5 മെഗാ ഹെഡ്സ് മോട്ടോറോള പ്രൊസസറും ഒരു എംബി റാമും 5 എംബി ഹാര്‍ഡ് ഡിസ്കും അടങ്ങിയതായിരുന്നു ആപ്പിള്‍ ലിസ. താങ്ങാനാവാത്ത വിലയായതിനാല്‍ ഈ കംപ്യൂട്ടര്‍ അധികമൊന്നും വിറ്റു പോയില്ലെങ്കിലും പില്ക്കാലത്ത് മാക്കിന് ശക്തമായ അടിത്തറയായത് ലിസയാണ്.
ഈ ഒ.എസിന്റെ സോഴ്സ് കോഡ് പരസ്യപ്പെടുത്തുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. കംപ്യൂട്ടര്‍ ഹിസ്റ്ററി മ്യൂസിയവും ആപ്പിളും ചേര്‍ന്നാണ് ലിസ ഓപറേറ്റിങ് സിസ്റ്റത്തിന്റേയും ലിസ അപ്ലിക്കേഷനുകളുടേയും സോഴ്സ് കോഡ് വെളിപ്പെടുത്തുന്നത്. മ്യൂസിയത്തില്‍നിന്നാണ് ഈ കോഡുകള്‍ വീണ്ടെടുത്തത്. ഇത് ഇപ്പോള്‍ ആപ്പിള്‍ പുനപ്പരിശോധിച്ചു വരികയാണ്.
സാധാരണക്കാരായ കംപ്യൂട്ടര്‍ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ സോഴ്സ് കോഡില്‍ കാര്യമായൊന്നുമില്ലെങ്കിലും കോഡര്‍മാര്‍ക്കും സോഫ്റ്റ് വെയര്‍ വിദഗ്ധര്‍ക്കും ഈ കോഡുകള്‍ വിലപ്പെട്ടതാണ്.
കറുപ്പും വെളുപ്പും മാത്രം സ്ക്രീനില്‍ തെളിഞ്ഞ മോണോക്രെമാറ്റിക് കാലഘട്ടത്തില്‍ ലിസ എങ്ങനെയായിരുന്നുവെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് കോഡര്‍മാര്‍.