Sorry, you need to enable JavaScript to visit this website.

കോളേജ് വിദ്യാര്‍ഥിനിയുടെ മരണം; ഹിന്ദു ഐക്യവേദി ഇടപെടുന്നു

കോട്ടയം- പരീക്ഷയില്‍ കോപ്പിയടിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് ജീവനൊടുക്കിയ കോളേജ് വിദ്യാര്‍ഥിനിയുടെ മരണത്തിലെ ദുരൂഹത ഒരുവര്‍ഷമായിട്ടും നീങ്ങിയില്ല. കോട്ടയം ജില്ലാ കലക്ടര്‍ ഉള്‍പ്പെടെ ഉന്നത അധികാരികള്‍ക്ക് പരാതിനല്‍കിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന്് മാതാപിതാക്കള്‍ ആരോപിച്ചു. കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ മൂന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയായിരുന്നു പൊടിമറ്റം പൂവത്തോട്ട് അഞ്ജു പി. ഷാജി.
കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനി ജീവനൊടുക്കിയതെന്നായിരുന്നു ആരോപണം. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍ പോലീസില്‍ സമര്‍പ്പിച്ച പരാതിയിലുള്ള അന്വേഷണം ഇതുവരെയും പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് ഇരുവരും പരസ്യമായി രംഗത്തു വന്നത്. കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നു ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജില്ലയില്‍ പ്രതിഷേധ പരിപാടികള്‍ക്ക്  സംഘടന നേതൃത്വം നല്‍കുമെന്ന് അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അന്വേഷണം ഇഴയുന്ന സാഹചര്യത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സി.ബി.ഐ അന്വേഷിക്കണമെന്നാണ് അഞ്ജുവിന്റെ മാതാപിതാക്കളുടെ ആവശ്യം. കഴിഞ്ഞ ജൂണ്‍ ആറിനാണ് ചേര്‍പ്പുങ്കലിലെ ബി.വി.എം. കോളേജില്‍ പരീക്ഷയെഴുതാനെത്തിയ അഞ്ജുവിനെ കാണാതാകുന്നത്. പിറ്റേന്ന് അഞ്ജുവിന്റെ ബാഗ് മീനച്ചിലാറിന്റെ തീരത്തുനിന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ മൃതദേഹം മീനച്ചിലാറ്റില്‍നിന്ന് കണ്ടെത്തി. പരീക്ഷയില്‍ കോപ്പിയടിച്ചതിനെ തുടര്‍ന്ന് പുറത്താക്കുകയായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ നല്‍കിയ വിശദീകരണം. അഞ്ജു പഠനത്തില്‍ മിടുക്കിയായിരുന്നെന്നും കോളേജ് അധികൃതര്‍ മാനസികമായി പീഡിപ്പിച്ചതാണ് അഞ്ജു ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും വീട്ടുകാര്‍ ആരോപിച്ചു.
തുടര്‍ന്ന് കോളേജ് അധികൃതര്‍ കോപ്പിയെഴുതിയെന്ന് പറയുന്ന ഹാള്‍ടിക്കറ്റ് പുറത്തുവിട്ടിരുന്നു. എന്നാല്‍ കൈയക്ഷരത്തിലെ സംശയം വീട്ടുകാര്‍ ഉന്നയിച്ചു. കൈയക്ഷര പരിശോധനയ്ക്കായി അഞ്ജുവിന്റെ നോട്ട്ബുക്ക്, ഹാള്‍ടിക്കറ്റ്, പരീക്ഷാഹാളിലെ സി.സി.ടി.വിയുടെ ഡി.വി.ആര്‍, ഹാര്‍ഡ് ഡിസ്‌ക്, ബാഗ്, മൊബൈല്‍ ഫോണ്‍ എന്നിവ ഫൊറന്‍സിക് പരിശോധനയ്ക്കായി ഒരു മാസത്തിനുള്ളില്‍തന്നെ അയച്ചിരുന്നു.
ഇവയുടെ പരിശോധനാഫലം ലഭിക്കാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നതായും ആരോപണമുയര്‍ന്നിരുന്നു. റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയൂവെന്ന് കാഞ്ഞിരപ്പള്ളി പോലീസ് പറഞ്ഞു. അഞ്ജു പി. ഷാജിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്നതായും കേസ് സി.ബി.ഐ. ഏറ്റെടുത്ത് സംഭവത്തിലെ യഥാര്‍ത്ഥ ഉത്തരവാദികളെ നിയമത്തിനുമുന്നില്‍ എത്തിക്കണമെന്നും വിദ്യാര്‍ഥിനിയുടെ അച്ഛന്‍ പി.ഡി. ഷാജിയും അമ്മ സജിതയും  ആവശ്യപ്പെട്ടു. പഠനത്തില്‍ മികവ് പുലര്‍ത്തിയ മകള്‍ കോപ്പിയടിക്കില്ല. നിലവിലെ അന്വേഷണത്തിലും ഉദ്യോഗസ്ഥരിലും വിശ്വാസമില്ല. കേസന്വേഷണത്തില്‍ ബാഹ്യസമ്മര്‍ദമുണ്ടെന്നും മാതാപിതാക്കള്‍ ആരോപിച്ചു.
പരീക്ഷ സെന്ററില്‍ കോപ്പിയടിച്ചു എന്ന് ആരോപണം നടത്തി കുട്ടിയെ കോളേജ് അധികൃതര്‍ മാനസിക പീഡനം നടത്തി. അന്നേദിവസം ഹാളില്‍നിന്നും ഇറങ്ങി പോയ കുട്ടിയുടെ മൃതശരീരമാണ് എട്ടിനു മീനച്ചിലാറ്റില്‍നിന്നും കിട്ടിയത്.

 

 

 

Latest News