Sorry, you need to enable JavaScript to visit this website.

ചൈനീസ് കുതിപ്പിന്റെ വീഡിയോ കാണാന്‍ മോഡി ഭക്തര്‍ക്ക് രാഹുലിന്റെ ക്ഷണം (video)

ന്യൂദല്‍ഹി- പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി നരേന്ദ്ര മോഡി സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുമ്പോള്‍ പ്രവര്‍ത്തിച്ചു കാണിച്ച് ചൈന ഇന്ത്യയെ മറികടക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
മോഡി പ്രഖ്യാപിച്ച സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഇപ്പോഴത്തെ അവസ്ഥ ചൂണ്ടിക്കാട്ടി ട്വിറ്ററിലാണ് രാഹുലിന്റെ വിമര്‍ശം.  
പ്രിയ മോഡി ഭക്തരേ, സ്മാര്‍ട്ട് സിറ്റികള്‍ക്കായി നീക്കിവച്ച 9,860 കോടി രൂപയുടെ വെറും ഏഴു ശതമാനം മാത്രമാണ് ഇതുവരെ ചെലവഴിച്ചത്.

നിങ്ങളുടെ മുതലാളി പൊള്ളയായ വാഗ്ദാനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ ചൈന നമ്മോട് മത്സരിച്ച് മുന്നേറിയിരിക്കുന്നു. ഈ വീഡിയോ കണ്ട ശേഷം നമുക്ക് വേണ്ടത് എന്താണെന്ന് അദ്ദേഹത്തെ ഉപദേശിക്കൂ.. എന്നാണ് ചൈനയുടെ മുന്നേറ്റം വിശദമാക്കുന്ന ഒരു വീഡിയോയുടെ ലിങ്ക് കൂടി ചേര്‍ത്ത് രാഹുല്‍ ട്വീറ്റ് ചെയ്തത്.
ചൈനയില്‍ വളരെ പിന്നാക്കാവസ്ഥയിലായിരുന്ന ഷെന്‍ജെന്‍ ഗ്രാമം ലോകമറിയുന്ന വന്‍ നഗരമായി വളര്‍ന്ന കഥയാണ് രാഹുല്‍ ട്വീറ്റിനോടൊപ്പം പോസ്റ്റ് ചെയ്ത ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി. ഹാര്‍ഡ്‌വെയറുകളുടെ സിലിക്കന്‍വാലിയായി മാറിയ ഷെന്‍ജന്‍ നഗരത്തെ കുറിച്ച്് അമേരിക്കന്‍ മാധ്യമമായ വയേര്‍ഡ് തയാറാക്കിയ ഡോക്യൂമെന്ററിയാണിത്.
ഇന്ത്യക്ക് ആവശ്യം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ഇതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും രാഹുല്‍ ആവശ്യപ്പെട്ടു. രാജ്യത്ത് രൂക്ഷമാകുന്ന തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ഗുജറാത്ത് തെരഞ്ഞെടുപ്പു പ്രചാരണ വേളയിലും രാഹുല്‍ ബി.ജെ.പിയെ കടന്നാക്രമിച്ചിരുന്നു. ഓരോ 24 മണിക്കൂറിലും 450 യുവാക്കള്‍ക്ക് ജോലി നല്‍കുന്നതാണ് മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യാ പദ്ധതിയുടെ മായാജാലമെങ്കില്‍ ചൈന ഒരു ദിവസം സൃഷ്ടിക്കുന്നത് 50,000 തൊഴിലവസരങ്ങളാണെന്ന് നേരത്തെ ഗുജറാത്തില്‍ തെരഞ്ഞെടുപ്പു റാലിയില്‍ രാഹുല്‍ ചൂണ്ടിക്കാട്ടിയിരുന്നു.  

 

 

Latest News