Sorry, you need to enable JavaScript to visit this website.

ഫോണും ടി.വിയുമില്ലാത്ത വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ചു കൊടുക്കണം; ഉത്തരവ് കണ്ട് അന്തം വിട്ട് അധ്യാപകർ

തൃശൂർ - ഓൺലൈൻ പഠന സൗകര്യമില്ലാത്ത വിദ്യാർത്ഥികൾക്ക് ഫോണും ടി.വിയും അതാത് സ്‌കൂളിലെ അധ്യാപകർ തന്നെ സംഘടിപ്പിച്ചു കൊടുക്കണമെന്ന അധികൃതരുടെ ഉത്തരവ് കിട്ടിയ അധ്യാപകർ എന്തു ചെയ്യണമെന്നറിയാതെ അങ്കലാപ്പിൽ.
ഓൺലൈൻ സൗകര്യമില്ലാത്ത കുട്ടികളുടെ കണക്ക് എത്രയും വേഗം മേലധികാരികൾക്ക് നൽകണമെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം ലഭിച്ചപ്പോൾ തൃശൂർ ജില്ലയിലെ പ്രധാന അധ്യാപകർ വേഗം കണക്ക്  ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് നൽകി. പിന്നീട് കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. കലക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് വിദ്യാർത്ഥികൾക്ക് ഫോണും ടി.വിയും അധ്യാപകർ സംഘടിപ്പിച്ചു കൊടുക്കണമെന്ന തീരുമാനമുണ്ടായത്. 
തൃശൂർ ജില്ലയിൽ പതിനായിരത്തിലധികം കുട്ടികൾ ഫോണോ, ടിവിയോ ഇല്ലാത്തവരാണ്. ഇതിൽ നഗരത്തിൽ പഠിക്കുന്ന കുട്ടികളും ആദിവാസി മേഖലയിലുള്ളവരും നാട്ടിൻപുറങ്ങളിലുള്ളവരുമുണ്ട്. ഒരു വീട്ടിൽ ഒന്നോ രണ്ടോ ഫോണുണ്ടെങ്കിലും അത് കുട്ടികളുടെ അച്ഛനമ്മമാർ ഉപയോഗിക്കുന്നതായിരിക്കും. അങ്ങിനെ ഓൺലൈൻ പഠനം സാധ്യമാകാതെ വരുന്ന കുട്ടികൾക്ക് ഫോണും ടിവിയും ലഭിക്കാൻ 
സ്‌കൂളുകൾ തന്നെ സൗകര്യം കണ്ടെത്തണമെന്നാണ് വാട്‌സാപ്പിലൂടെ ഡി.ഡി.ഇ പ്രധാന അധ്യാപകർക്ക് സന്ദേശം അയച്ചിരിക്കുന്നത്. 
ഒന്നോ രണ്ടോ ഫോണുകളും ടി.വികളും വാങ്ങാൻ അധ്യാപകർ തന്നെ കയ്യിൽ നിന്ന് പൈസ പിരിച്ചെടുത്ത് തയ്യാറായിട്ടുണ്ടെങ്കിലും കൂടുതലെണ്ണം ആവശ്യമുള്ളിടത്ത് പ്രശ്‌നം ഗുരുതരമാണ്.
 

Latest News