തിരുവനന്തപുരം- ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതെിരെ വീണ്ടും ട്രോളുമായി ഉള്ളിയുടെ രംഗപ്രവേശം. ഉള്ളി പ്രധാനഭാഗമായുള്ള ഹെലികോപ്റ്ററാണ് സോഷ്യൽ മീഡിയയിൽ താരമായത്. നിരവധി പേരാണ് ഈ ചിത്രം ഷെയർ ചെയ്തത്. ആരു ചെയ്തതാണെങ്കിലും സാധനം കലക്കി എന്ന അടിക്കുറിപ്പോടെ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ പ്രശാന്ത് ചിത്രം പോസ്റ്റ് ചെയ്തു. പ്രശാന്തിന് പുറമെ മറ്റ് പ്രമുഖരും ഇതേ ചിത്രം സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ചു. ശിഹാബ് പുന്ന എന്നയാളും മക്കളും കൂടിയാണ് ഹെലികോപ്റ്റർ നിർമ്മിച്ചത്. മക്കളുടെ ക്രിയേഷൻ, ഞാൻ ഒരു ചെറിയ ഉള്ളി കൂടി ഉൾപ്പെടുത്തി എന്ന അടിക്കുറിപ്പോടെ ശിഹാബാണ് ഈ ചിത്രം തന്റെ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. അധികം വൈകാതെ ചിത്രം വൈറലാകുകയും ചെയ്തു.

കൊടകര കള്ളപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനിലേക്ക് അന്വേഷണം നീങ്ങിയത് മുതൽ സോഷ്യൽ മീഡിയയിൽ ഉള്ളി താരമാണ്. നേരത്തെ താൻ കഴിച്ചത് ബീഫ് കറിയല്ലെന്നും ഉള്ളിക്കറിയാണെന്നുമുള്ള സുരേന്ദ്രന്റെ വിശദീകരണമാണ് സുരേന്ദ്രന്റെ പേരിനൊപ്പം ഉള്ളി എന്ന് കൂടി വരാൻ ഇടയാക്കിയത്. ഈ വിളിയിൽ തനിക്ക് പരിഭവമില്ലെന്ന് നേരത്തെ സുരേന്ദ്രൻ വ്യക്തമാക്കിയിരുന്നു. എന്നാൽ സുരേന്ദ്രനുമായി ബന്ധപ്പെട്ട് എന്ത് വിവാദമുണ്ടാകുമ്പോഴും സോഷ്യൽ മീഡിയയിൽ ഉള്ളി വീണ്ടും താരമാകും. ഈ വിവാദകാലത്തും സുരേന്ദ്രനും ഉള്ളിയും എയറിലാണ്.






