റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട ഖുവൈഇയയിൽ കാറുകൾ നീക്കം ചെയ്യുന്ന ട്രക്കിൽ അഗ്നിബാധ. റിയാദിൽ നിന്ന് 165 കിലോമീറ്റർ ദൂരെ ഖുവൈഇയയിലെ എക്‌സ്പ്രസ്‌വേയിലാണ് അപകടം. ഒരു ഡസനിലേറെ പുതിയ മോഡൽ കാറുകളുമായി സഞ്ചരിക്കുകയായിരുന്ന ട്രക്കിന്റെ മുൻവശത്താണ് തീ പടർന്നുപിടിച്ചത്. നിമിഷ നേരം കൊണ്ട് കാറുകളിലേക്കും തീ പടർന്നുപിടിച്ചു.
സിവിൽ ഡിഫൻസ് യൂനിറ്റുകൾ എത്തിയാണ് ട്രക്കിലെ തീയണച്ചത്. അഗ്നിബാധയുടെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗുകൾ ദൃക്‌സാക്ഷികൾ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. തീ ആളിപ്പടർന്ന് കാറുകളുടെ ടയറുകൾ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങൾ വീഡിയോ ക്ലിപ്പിംഗുകളിൽ കേൾക്കുന്നുണ്ട്. അപകടത്തിൽ പെട്ടാണ് ട്രക്കിൽ തീ പടർന്നുപിടിച്ചത്. മറ്റൊരു ലോറിയുമായി ട്രക്ക് കൂട്ടിയിടിക്കുകയായിരുന്നെന്നാണ് വിവരം. ഈ ലോറിയുടെ പിൻവശത്തും തീ പടർന്നുപിടിച്ചു. ട്രക്ക് ഡ്രൈവർ അപകടത്തിൽ വെന്തുമരിച്ചതായി റിപ്പോർട്ടുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗിക വകുപ്പുകൾ സ്ഥിരീകരിച്ചിട്ടില്ല.






