Sorry, you need to enable JavaScript to visit this website.

വാക്‌സിൻ തുല്യതക്ക് സ്ഥിരീകരണം, സൗദി പ്രവാസികൾക്ക് ആശ്വാസം

ജിദ്ദ- കോവിഷീൽഡ് (covishield) വാക്‌സിനും അസ്ട്രസെനക(Astra Zeneca) വാക്‌സിനും തുല്യമായി അംഗീകരിച്ചുള്ള സൗദി അധികൃതരുടെ തീരുമാനം പ്രവാസികൾക്ക് കോവിഡ് കാലത്ത് ലഭിച്ച ഏറ്റവും പുതിയ ആശ്വാസങ്ങളിലൊന്നായി. ഇന്ത്യയിൽ ഭൂരിഭാഗം സംസ്ഥാനങ്ങളിലും വിതരണം ചെയ്യുന്ന കോവിഷീൽഡ് വാക്‌സിനാണ് സൗദിയിലേക്ക് തിരിച്ചുപോകേണ്ട പ്രവാസികൾ അധികവും സ്വീകരിച്ചത്. എന്നാൽ, ഈ വാക്‌സിൻ സൗദിയിൽ അംഗീകാരമുള്ള മറ്റു വാക്‌സിനുകളുടെ ഗണത്തിൽ ഔദ്യോഗികമായി ഉൾപ്പെടുത്താത്തത് പ്രയാസം സൃഷ്ടിച്ചിരുന്നു. രണ്ടു വാക്‌സിനുകളും സ്വീകരിച്ചവരെ ബഹ്‌റൈൻ വഴി ദമാം കോസ്‌വേയിലൂടെ അധികൃതർ കടത്തിവിട്ടിരുന്നു. എന്നാൽ, ഔദ്യോഗികമായ അറിയിപ്പ് വരാത്തതിനാൽ ഇത് പ്രവാസികൾക്ക് ആശങ്ക സൃഷ്ടിച്ചിരുന്നു. ഇന്ത്യൻ അംബാസിഡറുടെ ഇടപെടൽ വഴി ഇക്കാര്യത്തിൽ ഔദ്യോഗിക അറിയിപ്പ് വന്നത് പ്രവാസികൾക്ക് ഏറെ ആശ്വാസമാകും. 
കേരളത്തിൽനിന്ന് വിദേശത്തേക്ക് പോകുന്ന പ്രവാസികൾക്ക് രണ്ടാമത്തെ ഡോസ് വാക്‌സിൻ മുൻഗണന അടിസ്ഥാനത്തിൽ നൽകി തുടങ്ങിയിട്ടുണ്ട്. കോവിഷീൽഡ് തന്നെയാണ് പ്രവാസികൾ ഏറെയും സ്വീകരിച്ചത്. കോവാക്‌സിൻ സ്വീകരിച്ചവരുമുണ്ട്. എന്നാൽ കോവാക്‌സിൻ സംബന്ധിച്ച് ഇതേവരെ സൗദി സർക്കാറിന്റെ അറിയിപ്പ് വന്നിട്ടില്ല. ഇതിനുള്ള ചർച്ചകളും നടക്കുന്നുണ്ടെന്ന് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ കൂടി ഔദ്യോഗിക തീരുമാനം വന്നാൽ പ്രവാസികൾക്ക് കൂടുതൽ ഉപകാരമുണ്ടാകും. സൗദിയിലേക്ക് തിരിച്ചുപോകാനുള്ള സംവിധാനം കൂടി അടുത്ത ദിവസങ്ങളിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലുള്ള പ്രവാസികൾ. 

Latest News