സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടര ലക്ഷം; കെ.സുരേന്ദ്രനെതിരെ കേസെടുത്തു

കാസർക്കോട്- ബി.എസ്.പി സ്ഥാനാർത്ഥിയായി മത്സരിക്കാൻ പത്രിക നൽകിയ കെ. സുന്ദരക്ക് പത്രിക പിൻവലിക്കാൻ രണ്ടര ലക്ഷം കോഴ നൽകിയെന്ന വെളിപ്പെടുത്തലിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെതിരെ കേസെടുത്തു. മഞ്ചേശ്വരം മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥിയായിരുന്ന വി.വി രമേശന്റെ പരാതിയിലാണ് കേസ്. മഞ്ചേശ്വരത്തെ ബി.ജെ.പി പ്രാദേശിക നേതാക്കൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. പത്രിക പിൻവലിക്കാൻ 12 ലക്ഷമാണ് സുന്ദര ചോദിച്ചത്. അഡ്വാൻസായി രണ്ടര ലക്ഷം വീട്ടിൽ എത്തിച്ച് നൽകുകയായിരുന്നു. ബാക്കി ജയിച്ച ശേഷം നൽകാം എന്നായിരുന്നു വാഗ്ദാനം. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 
അതേസമയം തന്റെ വെളിപ്പെടുത്തലിന് ശേഷം ബി.ജെ.പി നേതാക്കളിൽ നിന്ന് നിരന്തരം ഭീഷണി വന്നുകൊണ്ടിരിക്കുകയാണെന്ന് സുന്ദര പറഞ്ഞു. രണ്ടര ലക്ഷം രൂപയും സ്മാർട്ട് ഫോണുമാണ് കോഴ നൽകിയത്. സുരേന്ദ്രൻ ജയിച്ചാൽ കർണാടകയിൽ വൈൻ പാർലർ, വീട് എന്നിവയും വാഗ്ദാനം ചെയ്തിരുന്നു. 2016ൽ സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്നു സുന്ദര 467 വോട്ട് നേടിയിരുന്നു. 89 വോട്ടിനാണ് അന്ന് സുരേന്ദ്രൻ തോറ്റത്. പത്രിക പിൻവലിക്കാനുള്ള അവസാന ദിവസത്തിന്റെ തലേന്ന് കാണാതായ സുന്ദര തിരിച്ചെത്തി സുരേന്ദ്രനു വേണ്ടി പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു.
 

Latest News