പിസ്സ എത്തിക്കാം റേഷന്‍ പാടില്ല; മോഡിയോട് ചോദ്യവുമായി കെജ് രിവാള്‍

ന്യൂദല്‍ഹി- പിസ്സയും ബര്‍ഗറും സ്മാര്‍ട്ട് ഫോണുകളും വീടുകളില്‍ എത്തിക്കാമെങ്കില്‍ റേഷന്‍ പദ്ധതി എന്തുകൊണ്ട് പാടില്ലെന്ന ചോദ്യവുമായി ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍.
റേഷന്‍ സാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതി കേന്ദ്രം വിലക്കിയ സാഹചര്യത്തിലാണ് കെജ് രിവാള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇക്കാര്യം ചോദിച്ചത്.
പദ്ധതി നടപ്പിലാക്കാന്‍ അനുവദിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിനു നേട്ടമാകുന്ന കാര്യങ്ങളില്‍ രാഷ്ട്രീയം പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
ദല്‍ഹിയില്‍ തുടങ്ങാനിരുന്ന റേഷന്‍ വീടുപടിക്കല്‍ നേരിട്ടെത്തിക്കുന്ന പുതിയ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ മുടക്കിയെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്. ദല്‍ഹിയിലുടനീളമുള്ള പാവപ്പെട്ട 72 ലക്ഷം ഗുണഭോക്താക്കള്‍ക്ക് അവരുടെ വീടുകള്‍ റേഷന്‍ എത്തിക്കുന്ന പദ്ധതി രണ്ടു ദിവസത്തിനുള്ളില്‍ ആരംഭിക്കാനിരിക്കുകയായിരുന്നു.

നേരത്തെ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ട് പദ്ധതിയുടെ പേര് 'മുഖ്യമന്ത്രി ഘര്‍ ഘര്‍ റേഷന്‍ യോജന' എന്നത് മാറ്റിയിരുന്നു. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടിരിന്നു. എന്നാല്‍ കേന്ദ്രം ഈ പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ല, പദ്ധതിക്കെതിരെ കോടതിയില്‍ കേസ് നടക്കുന്നു എന്നീ രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ലഫ്. ഗവര്‍ണര്‍ പദ്ധതി നടപ്പിലാക്കാനുള്ള ഉത്തരവ് ഒപ്പുവയ്ക്കാതെ മടക്കുകയായിരുന്നു. ഇത്തരം പദ്ധതികള്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ പ്രകാരം അനുമതി തേടേണ്ട ആവശ്യമില്ലെന്നും ദല്‍ഹി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

 

Latest News