യെദ്യൂരപ്പയുടെ കസേര ആടുന്നു, കേന്ദ്രം പറഞ്ഞാല്‍ രാജിയെന്ന് മുഖ്യമന്ത്രി

ബെംഗളൂരു- കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബി.എസ്. യെദ്യൂരപ്പയെ മാറ്റിയേക്കും. ബി.ജെ.പി. കേന്ദ്ര നേതൃത്വം ആവശ്യപ്പെടുന്ന ദിവസം മുഖ്യമന്ത്രിപദത്തില്‍നിന്ന് രാജിവെക്കുമെന്ന് ബി.എസ്. യെദ്യൂരപ്പ പറഞ്ഞു.
യെദ്യൂരപ്പയെ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ബി.ജെ.പിയിലെ മറുപക്ഷം പലതവണ കേന്ദ്രനേതൃത്വത്തെ സമീപിച്ചിരുന്നു.

ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുമായി യെദ്യൂരപ്പയും മകന്‍ ബി.വൈ. വിജയേന്ദ്രയും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് യെദ്യൂരപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. യെദ്യൂരപ്പ കാലാവധി പൂര്‍ത്തിയാക്കുമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി സി.ടി. രവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ദല്‍ഹിയിലെ നേതൃത്വത്തിന് തന്നില്‍ വിശ്വാസമുള്ള ദിവസം വരെ മുഖ്യമന്ത്രിയായി തുടരുമെന്ന് യെദ്യൂരപ്പ പറഞ്ഞു. സ്ഥാനമൊഴിയാന്‍ ആവശ്യപ്പെടുന്ന ദിവസം രാജിവെക്കും. തന്റെ നിലപാട് വ്യക്തമാണ്. കേന്ദ്രനേതൃത്വം എനിക്കൊരു അവസരം തന്നു. കഴിവിന്റെ പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. ബാക്കിയൊക്കെ കേന്ദ്രനേതൃത്വത്തിന്റെ പക്കലാണ്- മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി യെദ്യൂരപ്പ വ്യക്തമാക്കി.

 

 

Latest News