Sorry, you need to enable JavaScript to visit this website.

സ്ത്രീകൾക്ക് ഒറ്റക്ക് ഹജിന് പോകാനുള്ള അവസരം കേന്ദ്ര സർക്കാറുണ്ടാക്കി-മോഡി

ന്യൂദൽഹി- സ്ത്രീകൾക്ക് പുരുഷന്റെ തുണയില്ലാതെ ഒറ്റക്ക്് ഹജിന് പോകാനുള്ള അവസരം കേന്ദ്ര സർക്കാർ ഉണ്ടാക്കിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ഈ വർഷം 1300 സ്ത്രീകൾ ഹജിന് പോകുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോഡി. പ്രതിമാസ റേഡിയോ പ്രഭാഷണമായ മൻകി ബാത്തിലാണ് നരേന്ദ്രമോഡി ഇക്കാര്യം വ്യക്തമാക്കിയത്. 
മോഡിയുടെ പ്രഭാഷണത്തിൽനിന്ന്:
എന്റെ പ്രിയപ്പെട്ട ദേശവാസികളേ, ചില കാര്യങ്ങൾ കാഴ്ചയ്ക്ക് വളരെ ചെറുതായി തോന്നാമെങ്കിലും ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ വ്യക്തിത്വത്തിന്റെ മേൽ ദൂരവ്യാപകമായ സ്വാധീനം ചെലുത്തുന്നു. ഇന്ന് മൻ കീ ബാത്തിന്റെ ഈ പരിപാടിയിൽക്കൂടി ഞാൻ നിങ്ങളുമായി അങ്ങനെയൊരു കാര്യം പങ്കുവയ്ക്കാനാഗ്രഹിക്കുന്നു. ഒരു മുസ്ലിം സ്ത്രീ ഹജ് യാത്രയ്ക്കായി പോകാനാഗ്രഹിക്കുന്നു, പക്ഷേ മഹ്‌റം, അതായത് പുരുഷസംരക്ഷണയില്ലാതെ അവർക്കുപോകാൻ സാധിക്കില്ല എന്ന വിവരം എന്റെ ശ്രദ്ധയിൽ പെട്ടു. ഇതെക്കുറിച്ച് ആദ്യമായി കേട്ടപ്പോൽ ഇതെങ്ങനെ ഇങ്ങനെയാകും എന്നാണു ചിന്തിച്ചത്. ഇങ്ങനെയൊരു നിയമം ആരുണ്ടാക്കിയതാകും? ഈ തരംതിരിവ് എന്തുകൊണ്ട്? അതിന്റെ പശ്ചാത്തലം അന്വേഷിച്ചപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടുപോയി. സ്വാതന്ത്ര്യം കിട്ടി 70 വർഷത്തിനുശേഷവും ഇങ്ങനെയൊരു നിയന്ത്രണം വച്ചിരിക്കുന്നത് നമ്മൾ തന്നെയാണ്. ദശകങ്ങളായി മുസ്്‌ലിം സ്ത്രീകളോട് അനീതി നടക്കുകയായിരുന്നു, പക്ഷേ, ആരും ഇതെക്കുറിച്ച് ചർച്ച പോലും ചെയ്തില്ല. പല ഇസ്ലാമിക രാജ്യങ്ങളിൽ പോലും ഇങ്ങനെയുള്ള നിയമമില്ല. പക്ഷേ, ഭാരതത്തിലെ മുസ്ലിം സ്ത്രീകൾക്ക് പുരുഷതുണയില്ലാതെ ഹജിനു പോകാനുള്ള അവകാശമില്ലായിരുന്നു. നമ്മുടെ സർക്കാർ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തി. നമ്മുടെ ന്യൂനപക്ഷ കാര്യ മന്ത്രാലയം വേണ്ട നടപടികളെടുത്തു, എഴുപതു വർഷമായി നടന്നു വരുന്ന രീതി അവസാനിപ്പിച്ച്, ഈ നിയന്ത്രണം എടുത്തുകളഞ്ഞു. ഇന്ന് മുസ്്‌ലിം സ്ത്രീകൾക്ക് മഹ്‌റം കൂടാതെതന്നെ ഹജിനു പോകാം. ഇപ്രാവശ്യം ഏകദേശം 1300 സ്ത്രീകൾ മഹ്‌റം ഇല്ലാതെ ഹജ്ജിനു പോകാൻ അപേക്ഷ നല്കിയിരിക്കുന്നു എന്നതിൽ എനിക്കു സന്തോഷമുണ്ട്.

രാജ്യത്തിന്റെ പല പല ഭാഗങ്ങളിൽ നിന്നും, കേരളം മുതൽ വടക്കേയറ്റം വരെയുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകൾ ഉത്സാഹത്തോടെ ഹജ് യാത്രയ്ക്ക് ആഗ്രഹം പ്രകടിപ്പിച്ചിരിക്കുന്നു. ഒറ്റയ്ക്കു പോകുവാൻ അപേക്ഷ നല്കുന്ന എല്ലാ സ്ത്രീകൾക്കും ഹജ്ജിനു പോകാനുള്ള അനുവാദം നല്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് ഞാൻ നിർദ്ദേശം കൊടുത്തിട്ടുണ്ട്. പൊതുവെ ഹജ് യാത്രയ്ക്ക് നറുക്കിട്ടാണ് തെരഞ്ഞെടുപ്പു നടക്കുന്നത്. ഒറ്റയ്ക്ക് പോകാൻ അപേക്ഷ നല്കുന്ന സ്ത്രീകളെ ഈ നറുക്കെടുപ്പിൽ നിന്ന് ഒഴിവാക്കണമെന്നും അവരെ പ്രത്യേകവിഭാഗമായി പരിഗണിച്ച് അവസരം നല്കണമെന്നുമാണ് ഞാനാഗ്രഹിക്കുന്നത്. ഭാരതത്തിന്റെ വികസനയാത്ര, നമ്മുടെ സ്ത്രീശക്തിയുടെ ബലത്തിൽ, അവരുടെ പ്രതിഭയുടെ അടിസ്ഥാനത്തിൽ മുന്നേറിയിട്ടുണ്ട്. ഇനിയും മുന്നേറുകതന്നെ ചെയ്യും എന്ന് ഞാൻ ഉറച്ച വിശ്വാസത്തോടെ പറയുന്നു. നമ്മുടെ സ്ത്രീകൾക്കും പുരുഷന്മാർക്കു തുല്യമായ അവകാശങ്ങൾ ലഭിക്കണമെന്നും, തുല്യമായ അവസരങ്ങൾ ലഭിക്കണമെന്നും ഞാനാഗ്രഹിക്കുന്നു. പുരോഗതിയുടെ പാതയിൽ ഒരുമിച്ചു മുന്നേറാനുമാകണം നമ്മുടെ നിരന്തരമുള്ള പരിശ്രമം. 

ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയും മോഡിയുടെ പ്രസംഗത്തിൽ

എന്റെ പ്രിയപ്പെട്ട ദേശവാസികളേ, എന്റെ രാജ്യത്തിന്റെ മാത്രമല്ല, ലോകത്തിലെതന്നെ പ്രസിദ്ധമായ ധാർമ്മിക സ്ഥലങ്ങളെക്കുറിച്ചു ചർച്ചചെയ്യുമ്പോൾ കേരളത്തിലെ ശബരിമല ക്ഷേത്രത്തെക്കുറിച്ചു പറയുക സ്വാഭാവികമാണ്. വിശ്വപ്രസിദ്ധമായ ഈ ക്ഷേത്രത്തിൽ ഭഗവാൻ അയ്യപ്പസ്വാമിയുടെ ആശീർവ്വാദം ലഭിക്കുന്നതിനായി എല്ലാ വർഷവും കോടിക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. ഇത്രത്തോളം അധികം ഭക്തരെത്തുന്ന, ഇത്രത്തോളം മാഹാത്മ്യമുള്ള സ്ഥലത്ത് മാലിന്യമില്ലാതെ കാക്കുകയെന്നത് എത്ര വലിയ വെല്ലുവിളിയാകാം? പർവ്വതങ്ങളും കാടുമുള്ള പ്രദേശമാണെങ്കിൽ വിശേഷിച്ചും പറയാനുണ്ടോ? പക്ഷേ, ഈ പ്രശ്‌നത്തെയും ഒരു സംസ്‌കാരമാക്കി എങ്ങനെ മാറ്റാം, ഈ പ്രശ്‌നത്തിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗ്ഗം എങ്ങനെ കണ്ടെത്താം, ജനങ്ങളുടെ സഹകരണത്തിന് ഇത്രയും ശക്തിയുണ്ടാകുമോ എന്നതിനെല്ലാം ഉദാഹരണമെന്നപോലെയാണ് ശബരിമല ക്ഷേത്രം നിലകൊള്ളുന്നത്.

പി.വിജയൻ എന്നു പേരുള്ള ഒരു പോലീസ് ഓഫീസർ  പുണ്യം പൂങ്കാവനം എന്ന പേരിൽ ഒരു പരിപാടി ആരംഭിച്ചു. ആ പരിപാടി അനുസരിച്ച് മാലിന്യനിർമ്മാർജ്ജനത്തിന്റെ കാര്യത്തിൽ ജാഗരൂകതയുടെ ഒരു സ്വാശ്രയമുന്നേറ്റം ആരംഭിച്ചിരിക്കയാണ്. ഏതൊരു ഭക്തൻ വന്നാലും ശുചിത്വത്തിന്റെ കാര്യത്തിൽ എന്തെങ്കിലും ശാരീരിക പരിശ്രമം ചെയ്യാതെ  യാത്ര പൂർത്തിയാകുകയില്ല എന്ന ഒരു ശീലം ഉണ്ടാക്കിയിരിക്കയാണ്.  ഈ മുന്നേറ്റത്തിൽ വലിയവരുമില്ല, ചെറിയവരുമില്ല. എല്ലാ ഭക്തരും ഭഗവാന്റെ പൂജയുടെ തന്നെ ഭാഗമാണെന്നു കണക്കാക്കി കുറച്ചു സമയം ശുചിത്വത്തിനുവേണ്ടി നീക്കി വയ്ക്കുന്നു, ജോലി ചെയ്യുന്നു, മാലിന്യം നീക്കാനായി പ്രവർത്തിക്കുന്നു. എല്ലാ പ്രഭാതങ്ങളിലും ഇവിടെ മാലിന്യം നീക്കുന്നതിന്റെ ദൃശ്യം വളരെ ആശ്ചര്യപ്പെടുത്തുന്നതാണ്, തീർത്ഥാടകരെല്ലാം ഇതിൽ പങ്കാളികളാകുന്നു. എത്ര വലിയ സെലിബ്രിറ്റിയാണെങ്കിലും എത്രവലിയ ധനികനാണെങ്കിലും എത്ര വലിയ ഓഫീസറാണെങ്കിലും എല്ലാവരും സാധാരണ ഭക്തരെപ്പോലെ പുണ്യം പൂങ്കാവനം എന്ന പരിപാടിയിൽ പങ്കാളിയാകുന്നു, ശുചീകരണം നടത്തിയിട്ടേ മുന്നോട്ടു പോവുകയുള്ളൂ.

നമ്മുടെ മുന്നിൽ ഇത്തരം വളരെയേറെ ഉദാഹരണങ്ങളുണ്ട്. ശബരിമലയിൽ ഇത്രത്തോളമുള്ള ശുചിത്വമുന്നേറ്റത്തിൽ പുണ്യം പൂങ്കാവനം എന്നത് എല്ലാ ഭക്തരുടെയും തീർത്ഥാടനത്തിന്റെ ഭാഗമായി മാറുന്നു. അവിടെ കടുത്ത വ്രതത്തോടൊപ്പം ശുചിത്വം  വേണമെന്ന ദൃഢനിശ്ചയവും ഒരുമിച്ചു മുന്നേറുന്നു.

Latest News