Sorry, you need to enable JavaScript to visit this website.

മുംബൈ അഗ്‌നിബാധ: നഗരത്തിൽ വ്യാപക ഇടിച്ചു നിരത്തൽ

മുംബൈ- 14 പേരുടെ മരണത്തിനിടയാക്കിയ കമല മിൽസ് തീപ്പിടിത്തത്തെ തുടർന്ന് നഗരത്തിലൂടനീളം മുംബൈ നഗരസഭാ അധികൃതരുടെ വ്യാപക ഇടിച്ചു നിരത്തൽ. ദുരന്തത്തിനു ശേഷം പരിശോധന ശക്തമാക്കിയ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ കണ്ടെത്തിയ മുന്നൂറോളം അനധികൃത കെട്ടിടങ്ങളാണ് ഒറ്റ ദിവസം പൊളിച്ചു മാറ്റിയത്. റോഡുകളും നടപ്പാതകളും കയ്യേറി നിർമ്മിച്ച പബുകളും ഭക്ഷണ ശാലകളുമാണ് പൊളിക്കപ്പെട്ടവയിൽ ഏറെയും. ഒരു ദിവസത്തെ പരിശോധനയിൽ മാത്രം 314 അനധികൃത കെട്ടിടങ്ങളാണ് കണ്ടെത്തിയത്. ഇവയിലേറെയും പൊളിച്ചു നീക്കി. ആയിരത്തിലേറെ ഉദ്യോഗസ്ഥരുടേയും തൊഴിലാളികളുടേയും നേതൃത്വത്തിൽ നടക്കുന്ന ഇടിച്ചു നിരത്തൽ ഇപ്പോഴും തുടരുകയാണ്. 

സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുകയും മതിയായ അനുമതികളില്ലാതെ പ്രവർത്തിക്കുകയും ചെയ്ത ചെംബൂരിലെ ഏഴ് പ്രമുഖ റസറ്ററന്റുകൾ അധികൃതർ പൂട്ടിച്ചു. അന്ധേരിയിലെ വിശാലമായ ഒരു റൂഫ് ടോപ് റസ്റ്ററന്റും പൂട്ടിച്ചു. മതിയായ സുരക്ഷയില്ലാതെ സൂക്ഷിച്ച 417 ഗ്യാസ് സിലിണ്ടറുകളും പിടിച്ചെടുത്തിട്ടുണ്ട്. മാളുകളിലും മറ്റും അനധികൃതമായ നിർമ്മിച്ച പബുകളും റൂഫ് ടോപ് ഭക്ഷണശാലകളും പൊളിച്ചു നീക്കി. 

Latest News