ന്യൂദല്‍ഹി-കഴിഞ്ഞ വര്‍ഷം വടക്കുകിഴക്കന്‍ ദല്‍ഹിയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ദല്‍ഹി പോലീസ് പ്രതിചേര്‍ത്ത മൂന്ന് പേര്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ശബീര്‍ അലി, മെഹ്താബ്, റിയാസ് അഹ് മദ് എന്നിവര്‍ക്കാണ് ജസ്റ്റിസ് മുക്ത ഗുപ്ത ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായി സംഘം ചേര്‍ന്നുവെന്നാണ് ഇവര്‍ക്കെതിരെ ആരോപിച്ച കുറ്റം. 25,000 രൂപയുടെ സ്വന്തം ജാമ്യത്തില്‍ ഇവരെ വിട്ടയക്കാനാണ് ഉത്തരവ്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടുകയോ വിലാസം മാറ്റുകയോ മൊബൈല്‍ നമ്പര്‍ മാറ്റുകയോ ചെയ്യരുതെന്നും ഉപാധികളുണ്ട്. 2020 ഫെബ്രുവരി 24 ന് അക്രമങ്ങള്‍ നടക്കുമ്പോള്‍ അഖഡേവാലി ഗല്ലിയില്‍ സംഘടിച്ച ജനക്കൂട്ടത്തില്‍ ഇവര്‍ ഉണ്ടായിരുന്നുവെന്ന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരാണ് മൊഴി നല്‍കിയിരുന്നത്.
53 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത അക്രമസംഭവങ്ങളില്‍ 750 ലേറെ കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. 250 കുറ്റപത്രങ്ങള്‍ ഇതിനകം ഫയല്‍ ചെയ്തിട്ടുണ്ട്.