ഗാന്ധിനഗർ- ഗുജറാത്തിലെ പുതിയ ബി.ജെ.പി മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളിൽ നിന്ന് മാറ്റി നിർത്തിയതിനെ തുടർന്ന് കടുത്ത പ്രതിഷേധത്തിലായിരുന്ന ഉപമുഖ്യമന്ത്രി നിതിൻ പട്ടേലിനു മുന്നിൽ പാർട്ടി നേതൃത്വം മുട്ടുമടക്കി. അദ്ദേഹത്തിൽ നിന്നും എടുത്തു മാറ്റിയ ധനകാര്യ വകുപ്പ് തിരികെ നൽകാൻ തീരുമാനിച്ചു. നിതിൻ പട്ടേൽ ഇന്ന് ചുമതലയേൽക്കും. പാർട്ടി അധ്യക്ഷൻ അമിത് ഷായുമായി ഫോണിൽ സംസാരിച്ചെന്നും അനുയോജ്യമായ വകുപ്പുകൾ നൽകാമെന്ന് അദ്ദേഹം ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻ മന്ത്രിസഭയിൽ നിതിൻ പട്ടേൽ വഹിച്ചിരുന്ന ധനകാര്യം, നഗരവികസനം എന്നീ വകുപ്പുകൾ ഇത്തവണ എടുത്തു മാറ്റിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്്. മന്ത്രിസഭയിലെ രണ്ടാമനെന്ന പദവി നഷ്ടമായതിനെ തുടർന്നാണ് കടുത്ത പ്രതിഷേധവും രാജിഭീഷണിയുമായി നിതിൻ പട്ടേൽ രംഗത്തെത്തിയത്.
ധനകാര്യം സൗരഭ് പട്ടേലിനു നൽകുകയും നഗരവികസ വകുപ്പ് മുഖ്യമന്ത്രി വിജയ് രൂപാണി ഏറ്റെടുക്കുകയും ചെയ്തിരുന്നു. ആരോഗ്യം, കുടുംബ ക്ഷേമം, മെഡിക്കൽ വിദ്യാഭ്യാസം, പൊതുമരാമത്ത് എന്നീ വകുപ്പുകളാണ് ഇത്തവണ നിതിൻ പട്ടേലിന് നൽകിയിരുന്നത്. ഇതിൽ അദ്ദേഹം തൃപ്തനായില്ല. നേരത്തെ മറ്റു മന്ത്രിമാരെല്ലാം ചുമതലയേറ്റെടുത്തപ്പോൾ നിതിൻ പട്ടേൽ വിട്ടു നിന്നതോടെയാണ് ഭിന്നത പരസ്യമായത്. പ്രശ്‌നം അദ്ദേഹം പാർട്ടി കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു.
മുൻമന്ത്രിസഭയിൽ മുഖ്യമന്ത്രി ആനന്ദിബെൻ പട്ടേലിനെ മാറ്റി പുതിയ മുഖ്യമന്ത്രിയെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകളിൽ പരിഗണിക്കപ്പെട്ടിരുന്നയാളാണ് നിതിൻ പട്ടേൽ. എന്നാൽ അവസാനം നിമിഷം വിജയ് രൂപാണിയെ മുഖ്യമന്ത്രിയായി നിയമിക്കുകയായിരുന്നു. സർക്കാരിൽ രൂപാണിയേക്കാൾ മുതിർന്ന നേതാവാണ് നിതിൻ പട്ടേൽ. പട്ടേൽ വിഭാഗത്തിന്റെ ശക്തമായ പിന്തുണയും അദ്ദേഹത്തിനുണ്ട്. പട്ടേൽ വിഭാഗത്തിന്റെ എതിർപ്പ് മറികടക്കാനാണ് പട്ടേൽ വിഭാഗക്കാരൻ തന്നെയായ സൗരഭ് പട്ടേലിന് ധനകാര്യ വകുപ്പ് നൽകിയത്. എന്നാൽ നിതിൻ പട്ടേലിന്റെ പ്രതിഷേധത്തിനു മുന്നിൽ പാർട്ടിക്ക് വഴങ്ങേണ്ടി വന്നിരിക്കുകയാണിപ്പോൾ.