തൃശൂർ- കൊടകര കുഴൽപണക്കേസിൽ മൂന്നാം പ്രതി വെള്ളിക്കുളങ്ങര കോടാലി പാഡി വല്ലത്ത് രഞ്ജിത്തിന്റെ ഭാര്യ ദീപ്തിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിൽ 20-ാം പ്രതിയാണ് ദീപ്തി. തൃശൂർ ജില്ലാ സെഷൻസ് ജഡ്ജി ഡി.അജിത്കുമാറാണ് ദീപ്തിയുടെ ജാമ്യാപേക്ഷ തള്ളിയത്. ദീപ്തിയെ ചോദ്യം ചെയ്തപ്പോൾ ഭർത്താവ് സൂക്ഷിക്കുന്നതിനായി തന്റെ കയ്യിൽ പണമൊന്നും ഏൽപിച്ചിട്ടില്ല എന്നാണ് മൊഴി നൽകിയത്. എന്നാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ 7 ലക്ഷം രൂപ കിട്ടിയെന്ന് ദിപ്തി സമ്മതിച്ചിരുന്നു. വീണ്ടും ചോദ്യം ചെയ്തപ്പോൾ 4 ലക്ഷത്തോളം രൂപ സുഹൃത്തിനെ ഏൽപിച്ചിരുന്നതായും കൂടാതെ കവർച്ച നടത്തി കിട്ടിയ പണമുപയോഗിച്ച് 9 പവന്റെ സ്വർണാഭരണങ്ങൾ വാങ്ങിയതായും സമ്മതിച്ചിരുന്നു. സ്വർണ്ണാഭരണങ്ങൾ ദീപ്തിയിൽ നിന്നും കണ്ടെടുത്തിരുന്നു. കവർച്ച ചെയ്ത പണം ഭർത്താവ് ഏൽപ്പിച്ചത് വാങ്ങിയിട്ടും അക്കാര്യം അന്വേഷണ ഉദ്യോഗസ്ഥർ മുൻപാകെ നിഷേധിച്ചതിനും അന്വേഷണത്തെ വഴിതിരിച്ചു വിടാൻ ശ്രമിച്ചതിനും കവർച്ച പണമുപയോഗിച്ച് സ്വർണാഭരണങ്ങൾ വാങ്ങുകയും ചെയ്ത കുറ്റത്തിനാണ് ദീപ്തിയെ മെയ് 21ന് പോലീസ് അറസ്റ്റ് ചെയ്തത.് ഇരിങ്ങാലക്കുട മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ദീപ്തി ജില്ലാ സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്. വലിയൊരു തുക കവർച്ച ചെയ്ത വിവരം അറിഞ്ഞിട്ടും അത് മറച്ചുവെച്ച് അന്വേഷണത്തെ വഴിതെറ്റിക്കുന്ന വിധത്തിൽ വസ്തുതകൾ മൂടിവെക്കകയാണ് പ്രതി ചെയ്തതെന്നും കൊള്ളയടിക്കപ്പെട്ട കുഴൽപ്പണത്തിന്റെ ഉറവിടം സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നു വരുന്നതിനാൽ ദീപ്തിക്ക് ജാമ്യമനുവദിക്കരുതെന്നുമുള്ള ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ കെ.ഡി ബാബുവിന്റെ വാദം സ്വീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.






