Sorry, you need to enable JavaScript to visit this website.

നൈജീരിയയില്‍ കണ്ണുംനട്ട് ഇന്ത്യയുടെ കൂ

ന്യൂദല്‍ഹി- ട്വിറ്ററും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള പോര് മുറുകുമ്പോള്‍ അവസരം മുതലെടുക്കാന്‍ കാത്തിരിക്കുകയാണ് ട്വിറ്ററിന്റെ ഇന്ത്യന്‍ ബദലായി അവതരിച്ച മൈക്രോ ബ്ലോഗിങ് സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമാണ് കൂ എന്ന ആപ്പ്. ഇതിനിടെയാണ് നൈജീരിയയില്‍ കഴിഞ്ഞ ദിവസം ട്വിറ്റര്‍ നിരോധിച്ചത്. അവിടുത്തെ പ്രസിഡന്റിന്റെ തന്നെ ഒരു ട്വീറ്റ് നീക്കം ചെയ്തതിനായാരുന്നു നടപടി. ഈ വാര്‍ത്തയ്ക്കു പിന്നാലെയാണ് കൂ സ്ഥാപകന്‍ അപ്രമേയ രാധാകൃഷ്ണ തങ്ങളുടെ പുതിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ കൂ നൈജീയയിലും ലഭ്യമാണെന്ന് ട്വീറ്റ് ചെയ്തത്. അവിടുത്തെ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും അദ്ദേഹം ലോകത്തെ അറിയിച്ചത് പക്ഷെ ട്വിറ്ററിലൂടെയാണ്. 

ട്വിറ്ററിന്റെ നീലക്കിളിക്കു പകരം കൂ മഞ്ഞക്കിളിയാണ് മുദ്രയാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ബെംഗളുരു ആസ്ഥാനമാക്കി അപ്രമേയയും മായങ്ക് ബിദാവട്കയും ചേര്‍ന്ന് കൂ ആപ്പിന് തുടക്കമിട്ടത്. 3.4 കോടി ഡോളറിലേറെ ഫണ്ടും കമ്പനി സ്വരൂപിച്ചു. എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് എത്ര യൂസര്‍മാരുണ്ടെന്ന കണക്കുകള്‍ കൂ പുറത്തുവിട്ടിട്ടില്ല. രണ്ടു വര്‍ഷത്തിനകം 10 കോടി യൂസര്‍മാരെയാണ് ലക്ഷമിടുന്നതെന്നാണ് കമ്പനി പറയുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും അണികളും വന്‍തോതില്‍ കൂ ആപ്പില്‍ കയറിയതോടെയാണ് കൂ ആപ്പ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ത്യ ആസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനവും സര്‍ക്കാരിന്റെ എല്ലാ ചട്ടങ്ങളും പാലിക്കുകയും ചെയ്യുന്ന ആപ്പാണിതെന്ന് സ്ഥാപകര്‍ വ്യക്തമാക്കുന്നു. വന്‍കിട സോഷ്യല്‍ മീഡിയ കമ്പനികള്‍ സര്‍ക്കാരിനെ ചോദ്യം ചെയ്യുമ്പോള്‍ സര്‍ക്കാരിനെ എല്ലായ്‌പ്പോഴും പിന്തുണയ്ക്കുന്ന സമൂഹ മാധ്യമ പ്ലാറ്റ്‌ഫോം എന്ന നിലയിലാണ് ഒരു വിഭാഗം ജനങ്ങള്‍ക്കിടയില്‍ കൂ പ്രചാരണം നേടുന്നത്.

Latest News