മുസ്‌ലിംലീഗ് തോറ്റില്ല, പക്ഷെ തോൽപിച്ചു

  • യു.ഡി.എഫിനെ കാത്തിരിക്കുന്നത് എന്താണ്? - 2

തെരഞ്ഞെടുപ്പുകളുടെ ഏത് അളവുകോൽ എടുത്ത് പരിശോധിച്ചാലും മുസ്‌ലിംലീഗിന് കനത്ത തോൽവി നേരിട്ടു എന്ന് വിലയിരുത്താവതല്ല. യു.ഡി.എഫിന്റെ 41 എം.എൽ.എമാരിൽ 15 പേർ 27 സീറ്റിൽ മാത്രം മത്സരിച്ച ലീഗുകാരാണ്. പാർട്ടിയുടെ സ്വാധീന കേന്ദ്രമായ മലപ്പുറത്ത് 2016ലെ സീറ്റുകൾ നിലനിർത്തിയെന്ന് മാത്രമല്ല, പലേടത്തും ഭൂരിപക്ഷം വർധിപ്പിക്കുകയും ഇടതുപക്ഷ സ്ഥാനാർഥികളുടേത് കുത്തനെ കുറയ്ക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയിലെ കൊടുവള്ളി തിരിച്ചുപിടിച്ചപ്പോൾ കാസർകോട്ടെ രണ്ട് മണ്ഡലവും നഷ്ടപ്പെടാതെ നോക്കി. പക്ഷേ തോറ്റു. അത് സീറ്റിന്റെയോ വോട്ടിന്റെയോ എണ്ണത്തിലല്ല. ഒരു വലിയ അപകടം മുന്നിൽ കണ്ടിട്ട് കഷ്ടിച്ച് പരിക്കേൽക്കാതെ നിൽക്കാനാവുമ്പോഴുള്ള ആശ്വാസം മാത്രമാണ് ഇപ്പോഴത്തേത്. 1960ൽ തൊപ്പി വെച്ച് കെ.എം. സീതിസാഹിബും 1961ൽ തൊപ്പിയൂരി സി.എച്ച്.മുഹമ്മദ് കോയയും നേടിക്കൊടുത്ത രാഷ്ട്രീയ സ്വീകാര്യതയെയാണ് ഇപ്പോൾ ചോദ്യമുനയിൽ നിർത്തിയിരിക്കുന്നത്. 


രണ്ടാമൂഴത്തിലെ ആദ്യ സന്ദർഭത്തിൽ തന്നെ പിണറായി വിജയൻ പൊട്ടിച്ച വെടി മുസ്‌ലിംലീഗിന് നേരെയാണ്. പിന്നാലെ വന്നു സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വിജയരാഘവന്റെ കുറിമാനം- കോൺഗ്രസിനെ നയിക്കുന്നത് ലീഗാണ്. അതിന് തൊട്ടുപിന്നാലെയാണ് ന്യൂനപക്ഷ വകുപ്പിലെ ആനുകൂല്യ വീതം വെപ്പിന് 80:20 അനുപാതം വെച്ചത് യു.ഡി.എഫാണെന്നും അതിന് കാരണം ലീഗിനുള്ള സ്വാധീനമാണ് എന്നുമുള്ള പാലോളി മുഹമ്മദ് കുട്ടിയുടെ പ്രസ്താവന. ലീഗിനെ കൂടെ നിർത്തിയ രാഷ്ട്രീയത്തിനെന്ന പോലെ പ്രതി സ്ഥാനത്ത് നിർത്തിയ രാഷ്ട്രീയത്തിനും നേട്ടം ഉണ്ടാക്കാൻ കഴിയുമെന്ന് തിരിച്ചറിഞ്ഞ് തന്നെയാണ് പിണറായിയുടെ വെടി. 


ബി.ജെ.പിയെ എതിർ പക്ഷത്ത് നിർത്തിയ രാഷ്ട്രീയത്തിൽ തിമിർത്താടുമ്പോഴും ഒരു ബാലൻസ് ഒപ്പിക്കാൻ ലീഗിനെ വിമർശിക്കുന്നതിൽ അടുത്ത കാലം വരെ ഇടതുപക്ഷത്തിനും മടിയായിരുന്നു. മിതവാദികൾ, മതേതരവാദികൾ എന്നൊക്കെയുള്ള പ്രതിഛായ നിർമിക്കാൻ ലീഗ് നേതൃത്വത്തിന് സാധിച്ചിരുന്നുവെന്നതായിരുന്നു കാരണം. കഴിഞ്ഞ ദിവസം റിപ്പോർട്ടർ ചാനലിലെ നികേഷ് കുമാർ വി.ഡി സതീശനോട് ചോദിക്കുകയുണ്ടായി: മുസ്‌ലിംലീഗിനെ കൂടെ നിർത്തി എങ്ങനെയാ ബി.ജെ.പിയുടെ വർഗീയതക്കെതിരെ പോരാടുകയെന്ന്. വാളയാർ ചുരത്തിനപ്പുറം മുസ്‌ലിംലീഗ് കൂടി ഉൾപ്പെട്ട ഡി.എം.കെ. മുന്നണിയിൽനിന്നാണ് ബി.ജെ.പി.ക്കെതിരെ കമ്യൂണിസ്റ്റ് പാർട്ടികൾ പോരാടുന്നതെന്നറിയാത്തയാളല്ല നികേഷ് കുമാർ. അൽപം മുമ്പായിരുന്നെങ്കിൽ ഇങ്ങനെ നികേഷ് ചോദിക്കുമായിരുന്നില്ല. 


1987ലെ ഇടതുമുന്നണി ഉയർത്തിയ മുദ്രാവാക്യം സമുദായ സംഘടനകളായ കേരള കോൺഗ്രസും മുസ്‌ലിംലീഗും ഇല്ലാത്ത ഭരണമുണ്ടാക്കും എന്നായിരുന്നു. എൽ.ഡി.എഫ്. അന്ന് ജയിക്കുകയും ചെയ്തു. പക്ഷെ വൈകാതെ കേരള കോൺഗ്രസിലെ ഒരു വിഭാഗത്തെ(പി.ജെ. ജോസഫ്) മാമോദീസ മുക്കി എൽ.ഡി.എഫിൽ ചേർത്തു. പിന്നെ പല കേരള കോൺഗ്രസുകൾ ഇടംവലം മുന്നണികളിൽ മാറിമാറി അധികാരം പങ്കിട്ടു. ഇപ്പോഴത്തെ ഇടതുമുന്നണിയിൽ നാലു കേരള കോൺഗ്രസുകൾ ഉണ്ട്. പക്ഷെ മുസ്‌ലിംലീഗ് ഇപ്പോഴും സമുദായ സംഘടനയാണ്. 1993ൽ മുസ്‌ലിംലീഗിൽനിന്ന് വേർപെട്ട് രൂപവൽക്കരിച്ച ഐ.എൻ.എല്ലിനെ കാൽ നൂറ്റാണ്ട് പിന്നിട്ട ശേഷമാണ് ഇടതുമുന്നണിയിൽ ഘടകകക്ഷിയാക്കിയത്. എൻ.ഡി.എയിൽ  കേന്ദ്രമന്ത്രി വരെയായ പി.സി. തോമസിന് ഇടതുമുന്നണിയോ വലതു മുന്നണിയോ അയിത്തം കൽപിക്കാതിരിക്കുമ്പോഴാണ് ലീഗിന് മേൽ അസ്പൃശ്യതയുടെ പുതപ്പ് വന്നു വീണുകൊണ്ടിരിക്കുന്നത്. 


ഇത് ലീഗ് എന്ന രാഷ്ട്രീയ പാർട്ടിയുടെ മേൽ മാത്രം വന്ന് വീഴുന്ന കരിമ്പുതപ്പല്ല, മുസ്‌ലിം സമുദായത്തെ ലക്ഷ്യമാക്കിയുള്ളതാണ്. പക്ഷെ ലീഗിന് നേരെയാകുമ്പോൾ അത് ന്യായമായി മതിക്കുന്നുവെന്നിടത്താണ് ലീഗ് നേതൃത്വം കൂടുതൽ ജാഗ്രത കാണിക്കേണ്ടിവരുന്നത്. 2011ലെ യു.ഡി.എഫ് മന്ത്രിസഭയിൽ മുസ്‌ലിംലീഗിന് അഞ്ചു മന്ത്രിമാരുണ്ടായാൽ മുന്നണിയിലെ നിയമസഭാംഗങ്ങളുടെ ബലം വെച്ച് അന്യായമേതുമില്ല. എന്നിട്ടും അംഗീകരിച്ചുവാങ്ങുമ്പോഴേക്ക് ഏറെ പരിക്കേൽക്കേണ്ടിവന്നു. അന്നത്തെ മുറിവാണ് സൗകര്യം  പോലെ ഉപ്പു തേച്ച് ഉണങ്ങാതെ നിർത്തി ഇപ്പോൾ ഫലം നേടിയത്. ലീഗിന്റെ അഞ്ചാം മന്ത്രി സമുദായ സന്തുലിതത്വം തകർക്കും എന്ന് ആദ്യം പറഞ്ഞത് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ്. കോൺഗ്രസിൽ നിന്നുള്ള ഒരാളടക്കം ആറു പേർ 19 അംഗ മന്ത്രിസഭയിൽ അംഗങ്ങളായാൽ ഏത് സമുദായ സന്തുലിതത്വമാണ് തകരുക? അതിന് മുമ്പും പിമ്പുമെല്ലാം ഇടതു മന്ത്രിസഭയിൽ ഒന്നോ രണ്ടോ പേരാണ് മുസ്‌ലിംസമുദായത്തിൽ നിന്നുണ്ടായത്. മുഖ്യമന്ത്രിയടക്കം അഞ്ചു പേർ ക്രിസ്ത്യൻ സമുദായത്തിൽ നിന്നുണ്ടായ മന്ത്രിസഭയിലാണ് ഈ സമുദായ സന്തുലിതത്വം ഉന്നയിക്കുന്നതെന്നു കാണണം. ഒന്നാം പിണറായി മന്ത്രിസഭയിൽ മുസ്‌ലിം പ്രാതിനിധ്യം രണ്ടായിരുന്നെങ്കിൽ രണ്ടാം മന്ത്രിസഭയിൽ രണ്ടരയാണ്. ക്രിസ്ത്യാനികളാകട്ടെ നാലും. നായർ സമുദായത്തിൽ നിന്നാണ് കൂടുതൽ പേർ. ഇവിടെയൊന്നും ഉന്നയിക്കാത്ത സന്തുലിതത്വം ലീഗിന് നേരെ ഉയർത്താൻ കഴിയുന്നു.


സവർണ സംവരണം യു.ഡി.എഫിന്റെ തോൽവിക്ക് കാരണമായിട്ടുണ്ട്. മുന്നോക്കക്കാർക്കുള്ള സംവരണം കൊണ്ടുവന്നത് ബി.ജെ.പിയാണെങ്കിലും കേരളത്തിൽ അതിന്റെ നേട്ടമുണ്ടാക്കിയത് സി.പി.എമ്മാണ്. സംവരണം പോലെ ഏത് തീരുമാനം ദേശീയ തലത്തിൽ ഉണ്ടായാലും കേരളത്തിലെ പ്രത്യേക സാഹചര്യം നോക്കി നടപ്പാക്കേണ്ടതിന് പകരം ധൃതി പിടിച്ച് നടപ്പിൽ വരുത്തി. ഫലമോ പിന്നാക്ക സമുദായങ്ങൾക്ക് അവസരം നഷ്ടപ്പെടുത്തുകയും മുന്നോക്കക്കാർക്ക് പ്രത്യേക്ഷ നേട്ടമുണ്ടാക്കുകയും ചെയ്തു. നഷ്ടം പറ്റിയവർ അത് തിരിച്ചറിഞ്ഞുമില്ല. നേട്ടമുണ്ടായവർ അത് മറന്നുമില്ല. മുന്നോക്ക സംവരണത്തെ കോൺഗ്രസ് അനുകൂലിച്ചെങ്കിലും മുസ്‌ലിംലീഗിന് അതിനെ പിന്തുണക്കാനാകുമായിരുന്നില്ലെന്നതും യു.ഡി.എഫിന്റെ വിജയത്തെ ബാധിച്ചു. 


ഈ അഞ്ചാം മന്ത്രി പ്രശ്‌നം ഏറ്റെടുക്കാൻ കോൺഗ്രസിലും ആളുണ്ടായെന്നതാണ് ലീഗ് കാണേണ്ടത്. കോൺഗ്രസിലെ ഏതെങ്കിലും താല്പര്യ സംരക്ഷണത്തിന്റെ പേരിലായാലും ലീഗിനെതിരായ നിലപാട് ഏറ്റെടുക്കാൻ കോൺഗ്രസിൽ ആളെ കിട്ടാൻ പ്രയാസമുണ്ടാവില്ല. ക്രിസ്ത്യൻ സമുദായത്തിൽ മുസ്‌ലിംകൾക്കെതിരെ ഉയർന്ന വികാരമാണ് ലീഗിനും യു.ഡി.എഫിനും നേരേയുമായി മാറിയത്. ബി.ജെ.പിയെ എതിർക്കുമ്പോൾ ഒരു സമുദായ വിഭാഗം സന്തോഷിക്കുമ്പോൾ ലീഗിനെ എതിർപക്ഷത്ത് നിർത്തി ആക്രമിക്കുമ്പോൾ വേറൊരു സമുദായ വിഭാഗവും ആഹ്ലാദിക്കുന്നു. സമുദായത്തിന്റെ നിലനിൽപിന് തന്നെ ഭീഷണിയായ ബി.ജെ.പിയെ നേരിടാൻ ലീഗിനെ ബലി നൽകാൻ മുസ്‌ലിം സമുദായത്തെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് സി.പി.എം.


യു.ഡി.എഫ് വന്നാൽ ലീഗായിരിക്കും അധികാരം മൊത്തം കൈയാളുക എന്ന പ്രചാരണം സി.പി.എം മുഖ്യ ഇനമായി ഏറ്റെടുക്കാൻ തീരുമാനിച്ച ഉടനെയാണ് പി.കെ.കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ച് കേരള നിയമസഭയിലേക്ക് തിരിച്ചുവരുന്നത്. സീറ്റുകളുടെ എണ്ണത്തിലും മറ്റും കൂടുതൽ വിട്ടുവീഴ്ചകളിലൂടെ അൽപം ഉൾവലിഞ്ഞ് അധികാര പ്രമത്തത ലീഗിന് ഇല്ലെന്ന് ബോധ്യപ്പെടുത്തേണ്ട ഘട്ടത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവ് എന്ത് ഫലമുണ്ടാക്കുമെന്ന് തിരിച്ചറിയാൻ അദ്ദേഹത്തിന് കഴിയാതെ പോകുമോ? യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം കുഞ്ഞാലിക്കുട്ടിക്ക് ആ സർക്കാറിലെ ഏത് സ്ഥാനവും ഏറ്റെടുക്കാമെന്നിരിക്കെ ഈ നീക്കത്തിന് പിന്നിൽ ആരായാലും അവർ ലീഗിന്റെയോ യു.ഡി.എഫിന്റെയോ മിത്രമാവില്ല. 2011ൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ മുന്നിൽ നിർത്തിയ വി.എസിന്റെ പ്രചാരണത്തിനൊടുവിൽ യു.ഡി.എഫ് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്നതും കൂട്ടി വായിക്കാവുന്നതാണ്. 

 

Latest News