യാത്രകള്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തുന്നത് കടുത്ത വിവേചനമെന്ന് ഇന്ത്യ

ന്യൂദല്‍ഹി- കോവിഡ് പ്രതിരോധിക്കുന്നതിന്റെ ഭാഗമായി പലരാജ്യങ്ങളും വിദേശ യാത്രക്കാര്‍ക്ക് വാക്‌സിന്‍ പാസ്‌പോര്‍ട്ട് ഏര്‍പ്പെടുത്തന്നത് കടുത്ത വിവേചനമാണെന്ന് ജി7 രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ ഉച്ചകോടിയില്‍ ഇന്ത്യ. വിദേശ രാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട് എന്നതിന് തെളിവായി കാണിക്കുന്ന രേഖയാണ് വാക്‌സിന്‍ പാര്‍പോര്‍ട്ട്. വാക്‌സിന്‍ ലഭ്യതയും വിതരണവും കുറവുള്ള വികസ്വര രാജ്യങ്ങളോടുള്ള വിവേചനം ആയിരിക്കും ഇതെന്ന് ആശങ്കപ്പെടുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. ജനസംഖ്യാ ആനുപാതികമായി നോക്കുമ്പോള്‍ വികസ്വര രാജ്യങ്ങളില്‍ വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം കുറവാണ്. വികസിത രാജ്യങ്ങളിലെ പോലെ ലഭ്യതയുമില്ല. താങ്ങാവുന്ന ചെലവ് വിതരണത്തിലെ സമത്വം തുടങ്ങി ഇനിയും പരിഹരിക്കപ്പെടേണ്ട പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യുഎസ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ അടക്കമുള്ള രാജ്യങ്ങള്‍ വിദേശങ്ങളിലേക്ക് പോകുന്നവര്‍ക്കും വിദേശത്തു നിന്ന് വരുന്നവര്‍ക്കും കോവിഡ് വാക്‌സിന്‍ പാസ്‌പോര്‍ട്ട് നടപ്പിലാക്കുന്ന കാര്യം സജീവമായി പരിഗണിക്കുന്നുണ്ട്. 

കോവിഡ് വാക്‌സിനുകളുടെ ഫലക്ഷമത പരിഗണിച്ചും വാക്‌സിന്‍ ലഭ്യതയിലും ചെലവിലുമുള്ള അസമത്വം ലോകാരോഗ്യ സംഘടനയുടെ മേല്‍നോട്ടത്തില്‍ പരിഹരിക്കുകയും ചെയ്ത ശേഷം വാക്‌സിന്‍ പാസ്‌പോര്‍ട്ട് നടപ്പിലാക്കാമെന്നാണ് ഇന്ത്യ മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശമെന്ന് ഉച്ചകോടിയില്‍ മന്ത്രി ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. 

ജി7 അംഗരാജ്യമല്ലെങ്കിലും ഇത്തവണ ഇന്ത്യ അതിഥി ആയാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഭാവിയില്‍ മഹാമാരികള്‍ തടയുന്നതിനുള്ള കുട്ടായ ശ്രമങ്ങള്‍ക്ക് ആക്കം കുട്ടാന്‍ ബ്രിട്ടനില്‍ നടക്കുന്ന ജി7 ആരോഗ്യ മന്ത്രിമാരുടെ സമ്മേളനം കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. എന്നാല്‍ വികസ്വര, അവികസിത രാജ്യങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നത് ത്വരിതപ്പെടുത്തുന്നതു സംബന്ധിച്ച് കാര്യമായി ഒന്നും പറഞ്ഞതുമില്ല.

Latest News