Sorry, you need to enable JavaScript to visit this website.

കേന്ദ്ര സര്‍ക്കാരിന്റെ മനോരോഗം രാജ്യത്തെ കോവിഡ്  പ്രതിസന്ധിയിലേക്കു തള്ളിവിട്ടു- അമര്‍ത്യാ സെന്‍

ന്യൂദല്‍ഹി- പ്രശസ്തിയില്‍ മാത്രം നോട്ടമിട്ടു നിന്ന കേന്ദ്ര സര്‍ക്കാരിന്റെ സ്‌കിസോഫ്രീനിയയാണ് (പ്രതികരണങ്ങള്‍ക്കു പൊരുത്തമില്ലാതാവുന്ന മാനസിക രോഗം) ഇന്ത്യയെ കോവിഡ് പ്രതിസന്ധിയിലേക്കു തള്ളിവിട്ടതെന്ന് നൊബേല്‍ ജേതാവ് അമര്‍ത്യ സെന്‍. ചെയ്ത കാര്യങ്ങളുടെ പേരില്‍ പേരുണ്ടാക്കാനാണ്, രോഗവ്യാപനം തടയാനല്ല സര്‍ക്കാര്‍ ശ്രമിച്ചതെന്ന് അമര്‍ത്യ സെന്‍ കുറ്റപ്പെടുത്തി. മരുന്നു നിര്‍മാണത്തിലെ മേല്‍ക്കൈ ഇന്ത്യയുടെ കോവിഡ് വ്യാപനത്തെ മെച്ചപ്പെട്ട അവസ്ഥയില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. രാജ്യത്തെ ജനങ്ങളുടെ ഉയര്‍ന്ന പ്രതിരോധ ശേഷിയും അങ്ങനെയൊരു പ്രതീതിയുണ്ടാക്കി രാഷ്ട്ര സേവാദള്‍ സംഘടിപ്പിച്ച പരിപാടിയില്‍ അമര്‍ത്യ സെന്‍ പറഞ്ഞു.
ഇന്ത്യയ്ക്ക് അതിന്റെ ആര്‍ജിതമായ ശക്തിക്കൊത്ത് കോവിഡിനെതിരെ പ്രവര്‍ത്തിക്കാനില്ല. ഭരണതലത്തിലെ ആശയക്കുഴപ്പം മൂലമുണ്ടായ ദയനീയ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇതിനു കാരണമായത്. ചെയ്തതിന്റെ പേരില്‍ പേരുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. രോഗവ്യാപനം ചെയ്യുന്നതില്‍ ആയിരുന്നില്ല അവരുടെ ശ്രദ്ധ. ഒരളവുവരെ സ്‌കിസോഫ്രീനയയിലേക്കാണ് അതു നയിച്ചത്.
നല്ല കാര്യം ചെയ്യുമ്പോള്‍ ഖ്യാതി ലഭിക്കുക തന്നെ ചെയ്യുമെന്ന് ആഡംസ്മിത്തിനെ ഉദ്ധരിച്ചുകൊണ്ട് അമര്‍ത്യാ സെന്‍ പറഞ്ഞു. കാര്യങ്ങള്‍ നല്ലപോലെ ചെയ്യുന്നതിന്റെ സൂചകം പോലും ആവാറുണ്ട്, ആ ഖ്യാതി. എന്നാല്‍ ചെയ്ത പ്രവൃത്തിയിലൂടെ ഉണ്ടാവാത്ത ഖ്യാതിക്കു ശ്രമിക്കുന്നത് ബൗദ്ധികമായ ബോധ്യമില്ലായ്മയാണ്. അത് ഒഴിവാക്കേണ്ട കാര്യമാണ്. എന്നാല്‍ സര്‍ക്കാര്‍ അതിനാണ് ശ്രമിച്ചത്.
ലോകത്തെയാകെ ഇന്ത്യ രക്ഷിക്കുമെന്ന ഖ്യാതി നിര്‍മിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്തില്‍നിന്ന് ഇന്ത്യ ലോകത്തെ രക്ഷിക്കുമെന്നാണോ പ്രചരിപ്പിച്ചത് അത് ഇന്ത്യയെ ആകെ പിടിമുറുക്കുന്നതാണ് പിന്നീടു കണ്ടത്. സാമൂഹ്യ അസമത്വം, വേഗമില്ലാത്ത വളര്‍ച്ചാനിരക്ക്, തൊഴിലില്ലായ്മ എന്നിവയെല്ലാം നേരത്തെ തന്നെ ഇന്ത്യയെ ഗ്രസിച്ചിട്ടുണ്ട്. മഹാമാരിയില്‍ അത് മൂര്‍ധന്യത്തില്‍ എത്തിയിരിക്കുന്നതായി അമര്‍ത്യാ സെന്‍ അഭിപ്രായപ്പെട്ടു.
 

Latest News