Sorry, you need to enable JavaScript to visit this website.

ട്വിറ്ററിന് കേന്ദ്ര സർക്കാരിന്റെ അന്ത്യശാസനം; ഇത് ലാസ്റ്റ് ചാന്‍സ്, അനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതമെന്ന് മുന്നറിയിപ്പും

ന്യൂദല്‍ഹി- ഉപരാഷട്രപതി വെങ്കയ്യ നായിഡുവിന്റെ വ്യക്തിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലൂ ടിക്ക് ട്വിറ്റര്‍ നീക്കം ചെയ്യുകയും പിന്നീട് പുനസ്ഥാപിക്കുകയും ചെയ്ത് വിവാദമായതിനു പിന്നാലെ ട്വിറ്ററിന് കേന്ദ്ര സര്‍ക്കാരിന്റെ അന്ത്യശാസനം. സമൂഹ മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുതിയ ചട്ടങ്ങള്‍ ഉടനടി അനുസരിക്കണമെന്നും ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നുമാണ് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഉടനടി ഈ ചട്ടങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കാന്‍ ട്വിറ്ററിന് അവസാനമായി ഒരു അവസരം കൂടി നല്‍കിയിരിക്കുന്നു എന്നാണ് സര്‍ക്കാര്‍ അയച്ച നോട്ടീസിലെ മുന്നറിയിപ്പ്. അനുസരിച്ചില്ലെങ്കില്‍ ഐടി നിയമ പ്രകാരമുള്ള ഇളവുകള്‍ പിന്‍വലിക്കപ്പെടും. പിന്നീട് ഐടി നിയമപ്രകാരവും ഇന്ത്യയിലെ ശിക്ഷാ നിയമങ്ങള്‍ പ്രകാരവുമുള്ള പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. 

ഐടി നിയമത്തിലെ 79ാം വകുപ്പു പ്രകാരം, സമൂഹ മാധ്യമങ്ങളില്‍ യൂസര്‍മാര്‍ പങ്കുവയ്ക്കുന്ന ട്വീറ്റുകള്‍, കമന്റുകള്‍, ലിങ്കുകള്‍, അവയുടെ ഉള്ളടക്കം എന്നിവയുടെ ബാധ്യത കമ്പനിക്കില്ല. ഈ ഇളവ് റദ്ദാക്കുമെന്നാണ് ട്വിറ്ററിന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇത് റദ്ദാക്കപ്പെട്ടാല്‍ യൂസര്‍മാരുടെ കമന്റുകളുടേയും ട്വീറ്റിന്റേയും പേരില്‍ ട്വിറ്റര്‍ ശിക്ഷാ നടപടി നേരിടേണ്ടി വരും. 

ഉപരാഷ്ട്രപതിയുടെ വ്യക്തിഗത അക്കൗണ്ട് ആറു മാസം തുറക്കാതെ കിടന്നതിനാലാണ് ബ്ലൂ ടിക്ക് നീക്കം ചെയ്തതെന്ന് ട്വീറ്റര്‍ പറയുന്നു. ഇത് സര്‍ക്കാരിന്റെ അതൃപ്തിക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന. ഇന്റര്‍നെറ്റില്‍ ഇത് വലിയ ചര്‍ച്ചയായതോടെ ബ്ലൂ ടിക്ക് ട്വിറ്റര്‍ പുനസ്ഥാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്ന് സര്‍ക്കാര്‍ ട്വിറ്റിന് അന്ത്യശാസനവുമായി നോട്ടീസ് നല്‍കിയത്.

Latest News