Sorry, you need to enable JavaScript to visit this website.

ഹെലികോപ്റ്ററില്‍ സുരേന്ദ്രൻ പണം കടത്തിയോ? ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം- കൊടകര കുഴല്‍പണ കേസില്‍ സംസ്ഥാനത്തെ ബിജെപി ഒന്നടങ്കം സംശയത്തിന്റെ നിഴലിലായ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സത്യം പുറത്തു കൊണ്ടുവരണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ എം.പി ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രണ്ടിടത്ത് മത്സരിച്ചതില്‍ ഇപ്പോള്‍ ദുരൂഹത ഉണ്ടെന്നും അദ്ദേഹം ഉപയോഗിച്ച ഹെലികോപ്റ്ററില്‍ പണം കടത്തിയോ എന്നും അന്വേഷിക്കണം. ബിജെപി വന്‍തോതില്‍ പണം ഒഴുക്കിയാണ് പല സംസ്ഥാനങ്ങളിലും ജനാധിപത്യം അട്ടിമറിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കുഴല്‍പ്പണ കേസില്‍ സമഗ്രമായ അന്വേഷണം നടത്തിയാല്‍ ഒരു പക്ഷേ പ്രധാനമന്ത്രി മോഡിയില്‍ വരെ ഇതെത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

ഓരോ സ്ഥാനാര്‍ത്ഥികള്‍ക്കും ബിജെപി കേന്ദ്ര നേതൃത്വം മൂന്ന് കോടി രൂപ വരെ നല്‍കിയതായി പറയപ്പെടുന്നു. ഘടക കക്ഷികള്‍ക്കും പണം നല്‍കിയതായി ആരോപണമുണ്ട്. ഹെലികോപ്റ്റര്‍ ഉപയോഗവും ദുരൂഹമാണ്. കോപ്റ്ററില്‍ പണം കടത്തിയോ എന്നും അന്വേഷിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് 30 ലക്ഷം രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച ചെലവ് പരിധി. സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് ചെലവില്‍ ഹെലികോപ്റ്റര്‍ ഉപയോഗത്തിന്റെ ചെലവ് കാണിച്ചിട്ടുണ്ടോ എന്ന് കമ്മീഷന്‍ പരിശോധിക്കണം. കള്ളത്തരങ്ങളെല്ലാം പുറത്ത് വരണമെങ്കില്‍ ഈ കേസില്‍ സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം നടത്തണം. വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നതായും മുരളീധരന്‍ പറഞ്ഞു.  

Latest News