Sorry, you need to enable JavaScript to visit this website.

കേരളത്തെ കാത്തിരിക്കുന്നത് കനത്ത നികുതി വർധനവെന്നു സൂചന

തിരുവനന്തപുരം - കേരളത്തെ കാത്തിരിക്കുന്നത് കനത്ത നികുതി വർധനവെന്നു ബജറ്റിൽ സൂചന. ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിയിൽ നികുതി വർധനവ് അനിവാര്യമെങ്കിലും പുതിയ നികുതിനിർദേശങ്ങൾ പ്രഖ്യാപിക്കുന്നില്ലെന്ന് പറഞ്ഞ ധനമന്ത്രി കെ.എൻ. ബാലഗോപാൽ നികുതി-നികുതിയേതര വരുമാനം കൂട്ടാതെ ഇനി അധികകാലം പിടിച്ചുനിൽക്കാനാവില്ലെന്ന് വ്യക്തമാക്കി. 
ചെലവ് ചുരുക്കൽ നടപടികളും അനിവാര്യമായി വരും. വരുമാനം വർധിപ്പിക്കുന്നതും ചെലവ് ചുരുക്കുന്നതിനുമുള്ള സമഗ്രപദ്ധതി സർക്കാർ തയാറാക്കും. അതിന്റെ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞുവെന്നും ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞു.


പ്രാദേശിക സർക്കാരുകളുടെ നികുതി-നികുതിയേതര വരുമാനത്തിന്റെ സാധ്യത വളരെ വലുതാണ്. ആ സാധ്യത അനുസരിച്ച് നിരക്കുകൾ ക്രമീകരിച്ചും ചട്ടങ്ങൾ ഭേദഗതിചെയ്തും അധികവരുമാനം സമാഹരിക്കുന്നതിനുള്ള ശ്രമം പ്രാവർത്തികമാക്കാനായിട്ടില്ല. വരുമാന വർധനവിനുള്ള നടപടികൾ സ്വീകരിക്കാൻ തയാറാണെന്ന നിലപാടാണ് പ്രാദേശിക സർക്കാരുകൾ കൈക്കൊള്ളുന്നത്. ആ നിലയ്ക്ക് ധനകാര്യ കമ്മീഷന്റെ ശുപാർശകൾ പരിഗണിച്ച് കോവിഡ് പ്രതിസന്ധി തരണം ചെയ്യുന്ന സന്ദർഭത്തിൽ നികുതി-നികുതിയേതര വരുമാനത്തിന്റെ കാര്യത്തിൽ പരിഷ്‌കാരങ്ങൾ നടപ്പാക്കുമെന്ന് ബജറ്റിൽ പറയുന്നു.
ബജറ്റിലെ ഈ നിലപാട് സൂചിപ്പിക്കുന്നത് തദ്ദേശ സ്ഥാപനങ്ങൾ മുഖേനയുള്ള നികുതി വർധനവ് കേരളം അടുത്തുതന്നെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ്. കെട്ടിട നികുതിയിലും മറ്റും ഗണ്യമായ വർധനവുണ്ടാകും. മറ്റ് സേവനനികുതികളും വർധിപ്പിക്കാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്.

 

Latest News