ന്യൂദൽഹി- വാക്‌സിൻ സ്വീകരിച്ച ശേഷം കോവിഡ് ബാധിച്ചവർ കോവിഡ് കാരണം മരിച്ചിട്ടില്ലെന്ന് പഠന റിപ്പോർട്ട്. ഏപ്രിൽ-മെയ് മാസങ്ങളിൽ വാക്‌സിൻ എടുത്ത ശേഷവും കോവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്നാണ് പഠന റിപ്പോർട്ട്. ദൽഹി എയിംസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
വാക്‌സിനേഷന് ശേഷവും ചിലർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ബ്രേക്ക്ത്രൂ അണുബാധ എന്ന പേരിലാണ് ഇതറിയപ്പെടുന്നത്. 'ചില വ്യക്തികളിൽ ഭാഗികവും പൂർണവുമായ വാക്‌സിനേഷന് ശേഷവും ഈ അണുബാധകൾ ഉണ്ടാകാം. വാക്‌സിനേഷന് ശേഷം അസുഖം ബാധിക്കുകയോ മരിക്കുകയോ ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്.' യു.എസ് ആരോഗ്യ ഏജൻസിയായ സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) പറയുന്നു.
ഏപ്രിൽ-മെയ് കാലയളവിൽ ഉയർന്ന തോതിലുള്ള വൈറൽ അണുബാധ ഉണ്ടായിട്ടും വാക്‌സിനേഷൻ എടുത്തവരാരും കോവിഡ് ബാധിച്ച് മരിച്ചിട്ടില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ വാക്‌സിൻ സ്വീകരിച്ച 41 പുരുഷൻമാരും 22 സ്ത്രീകളും ഉൾപ്പെടെ 63 പേർക്കാണ് കോവിഡ് ബാധിച്ചത്. ഇവരിൽ 36 പേർ രണ്ട് ഡോസും സ്വീകരിച്ചവരാണ്. 27 പേർ ആദ്യ ഡോസും സ്വീകരിച്ചു. 10 പേർ കൊവിഷീൽഡും 53 പേർ കൊവാക്‌സിനുമാണ് സ്വീകരിച്ചത്. കോവിഡ് വാക്‌സിനേഷന് സ്വീകരിച്ച ശേഷവും അണുബാധയേൽക്കുന്നവരിൽ കാര്യമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നില്ലെന്നും പഠനത്തിൽ കണ്ടെത്തി.