സെന്‍ട്രല്‍ വിസ്ത പദ്ധതി ദല്‍ഹിയിലെ പള്ളികളെ ബാധിക്കില്ലെന്ന് മോഡി ഉറപ്പുനല്‍കണം

ന്യൂദല്‍ഹി- സെന്‍ട്രല്‍ വിസ്ത പദ്ധതി ദല്‍ഹിയിലെ ഒരു പള്ളിയേയും ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉറപ്പു നല്‍കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അമാനത്തുല്ലാ ഖാന്‍ രംഗത്ത്.
പദ്ധതി കാരണം ഏതാനും പള്ളികള്‍ ഭീഷണി നേരിടുന്നുണ്ടെന്ന് ഓഖ്‌ലയില്‍നിന്നുള്ള ആംആദ്മി പാര്‍ട്ടി എം.എല്‍.എ കൂടിയായ അദ്ദഹേം പ്രധാമന്ത്രി നരേന്ദ്ര മോഡിക്ക് എഴുതിയ കത്തില്‍ പറഞ്ഞു.
മാന്‍സിംഗ് റോഡിലെ സബ്താ ഗഞ്ച് പള്ളി, ഉപരാഷ്ട്രപതി ഭവനു സീപത്തെ പള്ളി, കൃഷിഭവനിലെ പള്ളി എന്നിവക്ക് സെന്‍ട്രല്‍ വിസ്ത പദ്ധതി കാരണം തകരാറുകളുണ്ടാകുമെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ഈ പള്ളികള്‍ക്ക് കേടുപാട് ഉണ്ടാകാന്‍ പാടില്ലെന്നും ഇതു സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസുമായും കേന്ദ്ര ഹൗസിംഗ് മന്ത്രി ഹര്‍ദീപ് എസ് പുരിയുമായും ചര്‍ച്ച നടത്തുമെന്നും അമാനത്തുല്ലാ ഖാന്‍ ട്വീറ്റ് ചെയ്തു.
പത്ത് ദിവസത്തിനകം കത്തിനു മറുപടി ലഭിക്കുന്നില്ലെങ്കില്‍ നിയമനപടകളിലേക്ക് നീങ്ങേണ്ടിവരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
വഖഫ് സ്വത്തുക്കള്‍ തകര്‍ക്കുകയോ രൂപമാറ്റം വരുത്തുകയോ ചെയ്യില്ലെന്ന് ഉറപ്പു ലഭിക്കണമെന്ന് അമാനത്തുല്ലാ ഖാന്‍ പറഞ്ഞു.

 

Latest News