കള്ളപ്പണ വേട്ടക്കായി നോട്ടുനിരോധം നടപ്പാക്കി, പാവപ്പെട്ട ജനങ്ങളെ ബാങ്കുകൾക്ക് മുന്നിൽ ഹതാശരായി നിർത്തിയ ഒരു പാർട്ടി തന്നെയാണ് കള്ളപ്പണ ഇടപാടുകളുടെ പേരിൽ ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്നത് എന്നത് വിചിത്രമായിരിക്കുന്നു. അവിഹിത പണസമ്പാദനത്തിനുള്ള ഉപാധിയായി തെരഞ്ഞെടുപ്പ് മാറുന്നത് നമ്മുടെ ജനാധിപത്യത്തേയും സാമ്പത്തികവ്യവസ്ഥയേയും ദുർബലപ്പെടുത്തും.
കൈയോടെ പിടിക്കപ്പെട്ട ജാള്യം വേഗമൊന്നും ഭാരതീയ ജനതാ പാർട്ടിയെ വിട്ടുപോകില്ല. കള്ളപ്പണത്തിനെതിരെ ഘോരഘോരം പ്രസംഗിച്ചിരുന്നവർ, ഗൂഢമായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ പ്രതിക്കൂട്ടിലാണ്. രാജ്യത്തിന്റെ സമ്പദ്ഘടനയെ തകർക്കുന്ന കള്ളപ്പണ ഇടപാടിനെ നമ്മുടെ നിയമങ്ങൾ ദേശവിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായാണ് കാണുന്നത്. ദേശീയതയെക്കുറിച്ചും രാജ്യസുരക്ഷയെക്കുറിച്ചും വാതോരാതെ പ്രസംഗിക്കുന്നവർ, ആർക്കെതിരെയും ദേശദ്രോഹത്തിന്റെ വജ്രമുന പ്രയോഗിക്കാൻ മടിക്കാത്തവർ എത്തിപ്പെട്ട ഈ വൈതരണി, മറനീക്കി പുറത്തുവരുന്ന കാപട്യങ്ങളുടെ മറ്റൊരു അധ്യായമാണ്.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേരളത്തിൽ കോടികളുടെ കള്ളപ്പണം ഒഴുക്കിയെന്ന നിഗമനത്തിലെത്താൻ ഇനിയാരും പാഴൂർപടി വരെ പോകേണ്ടതില്ല. റോഡുകൾ സുരക്ഷിതമല്ലാത്തതിനാൽ ആകാശത്തു കൂടിയാണ് കള്ളപ്പണം പറന്നത് എന്നും വ്യക്തമായിരിക്കുന്നു. ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരങ്ങൾ എത്തിച്ചേരുന്നു. സംസ്ഥാനത്തെ ബി.ജെ.പി പ്രവർത്തകർക്ക് പോലും വേണ്ടത്ര സ്വീകാര്യനല്ലാത്ത, പൊതുസമൂഹത്തിന് തീരെ പ്രതിപത്തിയില്ലാത്ത സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ കേരളത്തിന്റെ തെക്കും വടക്കുമായി രണ്ട് മണ്ഡലങ്ങളിൽ സ്ഥാനാർഥിയായപ്പോൾ പലരുടെയും പുരികമുയർന്നതാണ്. ഇപ്പോൾ മറുപടി ഏതാണ്ടെല്ലാവർക്കും അറിയാം. തെക്കുവടക്കു പറന്ന ഹെലികോപ്റ്ററുകളിലെ കള്ളപ്പണത്തിന്റെ കാവൽക്കാരനായിരുന്നു അദ്ദേഹമെന്ന് സമുന്നത ബി.ജെ.പി നേതാവ് വരെ സംശയം പ്രകടിപ്പിക്കുന്നു.
കൊടകരയിലെ കുഴൽപണ കവർച്ചയിലൂടെ പുറത്തുവരുന്ന നടുക്കുന്ന രഹസ്യങ്ങൾ നമ്മുടെ രാഷ്ട്രീയത്തെ പൊതുവെയും ബി.ജെ.പിയെ വിശേഷിച്ചും ബാധിച്ചിരിക്കുന്ന അഴുക്കു പുരണ്ട യാഥാർഥ്യങ്ങളുടെ അറകളിലേക്കാണ് വെളിച്ചം വീശുന്നത്. കേരളത്തിലെ രണ്ട് ജില്ലകളിൽ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിന് കൊണ്ടുവന്ന ഫണ്ടിന്റെ ഒരു ഭാഗമാണ് അതെന്നാണ് പോലീസിന്റെ ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമാകുന്നത്. വളരെ സെൻസിറ്റീവ് ആയ കേസായതിനാൽ വളരെ സാവകാശമാണ് അന്വേഷണം പുരോഗമിക്കുന്നത്. സത്യാവസ്ഥ പുറത്തു വരാൻ സമയമെടുത്തേക്കും. എല്ലാ സത്യങ്ങളും പുറത്തു വരുമോ എന്നതും വ്യക്തമല്ല. ഇത്തരം കേസുകൾ, രാഷ്ട്രീയ പ്രതികാരത്തിനായി പരസ്പരം പ്രയോഗിക്കപ്പെടുമെന്നതിനാൽ കൃത്യമായ ഒത്തുതീർപ്പുകളിലേക്കെത്താനും സാധ്യതയുണ്ട്. എന്നാൽ പുറത്തു വരുന്ന വസ്തുതകളുടെ അസാധാരണ സ്വഭാവവും അതിനോട് ചേർത്തുവായിക്കാവുന്ന അനുബന്ധ സംഭവങ്ങളും വസ്തുതകളിലക്ക് വെളിച്ചം വീശുന്നത് തന്നെയാണ്.
കൊടകരയിൽ കൊണ്ടുവന്ന 10 കോടിയിലധികം വരുന്ന കള്ളപ്പണം കവർച്ച ചെയ്യപ്പെട്ടതോടെയാണ് കേസുണ്ടാകുന്നത്. ഇത് രണ്ട് ജില്ലകളിലേക്ക് മാത്രമുള്ളതായിരുന്നത്രേ. അപ്പോൾ 14 ജില്ലകളിലും ഇത്തരം പണമൊഴുക്ക് ഉണ്ടായിരുന്നിരിക്കണം. ഇത് ഒരു ഗഡു മാത്രമാണെന്നും പറയപ്പെടുന്നു. അങ്ങനെ എത്ര ഗഡുക്കൾ? നിയമസഭാ തെരഞ്ഞെടുപ്പ് ആവശ്യത്തിനായി കേന്ദ്ര ബി.ജെ.പി 400 കോടി കേരളത്തിലേക്ക് അയച്ചുവെന്നാണ് പറയപ്പെടുന്നത്. ചില പാർട്ടി നേതാക്കൾ തന്നെയാണ് ഇക്കാര്യം പറയുന്നത്. ഇത് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി തന്നെയാണോ വിനിയോഗിക്കപ്പെട്ടത്? (അങ്ങനെയെങ്കിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അത് പരിശോധിക്കേണ്ടിവരും. നിയമപരമായി പ്രചാരണത്തിന് ചെലവഴിക്കാവുന്ന തുകക്ക് പരിധിയുണ്ട്.) നേതാക്കൾ വ്യക്തിപരമായി പണം സ്വന്തമാക്കിയോ, എങ്കിൽ ആർക്കൊക്കെ എത്ര വീതം, കിട്ടാത്തവർ ആരൊക്കെ, പാർട്ടിക്ക് പുറത്തേക്ക് പണമൊഴുകിയിട്ടുണ്ടോ, എങ്കിൽ എന്തിന്, വോട്ടർമാർക്ക് നിയമ വിരുദ്ധമായി പണം നൽകിയിട്ടുണ്ടോ തുടങ്ങി അനേകം ചോദ്യങ്ങൾക്ക് ഉത്തരം കിട്ടേണ്ടതുണ്ട്.
കൊടകര സംഭവം ചൂടായി നിൽക്കുമ്പോഴാണ്, ആദിവാസി നേതാവ് സി.കെ. ജാനു ബി.ജെ.പിയിൽ ചേരാൻ 10 കോടി ആവശ്യപ്പെട്ടെന്നും 10 ലക്ഷം നൽകിയിട്ടുണ്ടെന്നുമുള്ള വാർത്ത പുറത്തു വരുന്നത്. പുറത്തു വരുന്ന ശബ്ദരേഖ ശരിയെങ്കിൽ, കേരളം നടുങ്ങുന്ന വാക്കുകളാണ് കെ. സുരേന്ദ്രന്റെ നാവിൽനിന്ന് വരുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പണവുമായി നടക്കാൻ ബുദ്ധിമുട്ടുണ്ടെന്നും നേരിട്ടു വന്നാൽ തരാമെന്നുമൊക്കെ പച്ചക്ക് പറയുകയാണ് അദ്ദേഹം. വ്യക്തിപരമായ ബാധ്യത തീർക്കാനാണ് പണമെന്ന് ജാനു പറഞ്ഞതായാണ് ശബ്ദരേഖയിൽ കക്ഷിയായ പ്രസീത പറയുന്നത്. ഉണ്ടോ, ഇല്ലേ എന്ന് വ്യക്തമല്ലാത്ത ജാനുവിന്റെ ആളില്ലാ പാർട്ടിയുടെ ട്രഷററാണ് പ്രസീത. ജാനുവിന് പണം നൽകിയിട്ടില്ല എന്ന് സുരേന്ദ്രൻ പറയുന്നില്ല. ഇതുപോലെ ഏതെല്ലാം ബി.ജെ.പി സ്ഥാനാർഥികൾക്ക് എത്ര ലക്ഷം വീതം അല്ലെങ്കിൽ എത്ര കോടി വീതം നൽകി എന്ന സത്യം പുറത്തുവരുമായിരിക്കും. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളെ ബി.ജെ.പി എ, എപ്ലസ്, ബി എന്നൊക്കെ തരംതിരിച്ചത് അവിടത്തേക്ക് കേന്ദ്രം അനുവദിക്കുന്ന കോടികളുടെ കണക്കിന്റെ അടിസ്ഥാനത്തിലാകാനാണ് സാധ്യത. ഒരു മണ്ഡലത്തിൽ പോലും വിജയിക്കാനാവാതെ തോറ്റമ്പിയ ഒരു പാർട്ടിയിലാണ് ഈ സാമ്പത്തിക പ്രതിഭാസമെന്നതും ശ്രദ്ധേയമാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പുകളിൽ, വിജയ സാധ്യത ഒട്ടുമില്ലാത്ത പാർട്ടിയായിട്ടും ബി.ജെ.പിയിൽ സ്ഥാനാർഥിത്വത്തിനായി വലിയ അടിപിടിയുണ്ടാകാറുണ്ട്. സ്ഥാനാർഥിയായി സാമ്പത്തിക സമാഹരണം നടത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് പരസ്യമായ രഹസ്യമാണ്. അതാകട്ടെ, ബി.ജെ.പി മാത്രമല്ല നടത്തുന്നത്. എന്നാൽ ഒരിക്കലും ജയിക്കാനിടയില്ലാത്ത പാർട്ടിയായിരുന്നിട്ടുകൂടി ബി.ജെ.പി പതിറ്റാണ്ടുകളായി ഈ പദ്ധതി കേരളത്തിൽ നടപ്പാക്കുന്നുണ്ട് എന്നത് അത്ഭുതകരമാണ്. ഇപ്പോഴാകട്ടെ, അതോടൊപ്പം സമൃദ്ധമായ വിഹിതം കേന്ദ്ര നേതൃത്വത്തിൽനിന്നുമെത്തുന്നു.
ഒന്നോ രണ്ടോ മാത്രം സീറ്റിൽ വിജയ പ്രതീക്ഷയുണ്ടായിരുന്ന കേരളത്തിലെ ബി.ജെ.പിക്ക് ഇത്രയേറെ പണം കേന്ദ്ര നേതൃത്വം നൽകിയെങ്കിൽ അതിന് പിന്നിലെന്താണ് എന്നത് വലിയ ചോദ്യമാണ്. പണം മുടക്കിയുള്ള രാഷ്ട്രീയ പ്രവർത്തനമാണ് പണ്ടേ ബി.ജെ.പി പയറ്റുന്നത്. വിവിധ സംസ്ഥാനങ്ങളിൽ എതിരാളികളുടെ സർക്കാരുകളെ അട്ടിമറിക്കാൻ അവർ മുടക്കുന്നത് കോടികളാണ്. ഓരോ എം.എൽ.എക്കും 25 കോടി വരെ നൽകിയാണ് കർണാടകയിൽ അവർ അധികാരം പിടിച്ചതെന്ന് വാർത്തയുണ്ടായിരുന്നു. മധ്യപ്രദേശിലും അത് സംഭവിച്ചു. മറ്റ് പാർട്ടികളിൽനിന്ന് നേതാക്കളെ തെരഞ്ഞെടുപ്പ് കാലത്ത് കൂറുമാറ്റിക്കുന്നതിന് പിന്നിൽ പണമാണെന്ന് പലപ്പോഴും ആരോപണമുയർന്നിട്ടുണ്ട്. ബോളിവുഡ് താരങ്ങളെപ്പോലും ഇപ്രകാരം പാർട്ടിയിലേക്ക് ബന്ധപ്പെടുത്താൻ പണമുപയോഗിച്ചിട്ടുണ്ട് എന്നാണ് കരുതപ്പെടുന്നത്. സിനിമാ നടീനടന്മാരും രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളുമൊക്കെ ബി.ജെ.പിയിലേക്ക് ആകൃഷ്ടരാകുന്നത് മോഡിയുടെയോ അമിത് ഷായുടെയും പ്രഭാവം കൊണ്ടല്ലെന്ന് വ്യക്തം.
ഇതിന് മാത്രം പണം ബി.ജെ.പിക്ക് എവിടെനിന്ന് ലഭിക്കുന്നു? വരുമാനത്തിന്റെ 81 ശതമാനവും അജ്ഞാത കേന്ദ്രങ്ങളിൽനിന്നാണ് ബി.ജെ.പിക്ക് ലഭിക്കുന്നതെന്ന റിപ്പോർട്ട് പുറത്തു വന്നിട്ട് നാലു വർഷം കഴിയുന്നു. കള്ളപ്പണത്തിനെതിരായ യുദ്ധത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇത്തരം ഒളിച്ചുകളി നടത്തുമ്പോൾ, സാധാരണക്കാരൻ നിയമ നടപടികളുടെ തീക്ഷ്ണമായ നൂലാമാലകളിൽ കുരുങ്ങി നട്ടം തിരിയുകയാണ്. ഇന്ത്യയുടെ രാഷ്ട്രീയ ഫണ്ടിംഗ് എന്നത് കള്ളപ്പണത്തിന്റെ കഥകൾ മാത്രം പറയാനുള്ളതാണ്. പ്രവർത്തിക്കാൻ രാഷ്ട്രീയ പാർട്ടികൾക്ക് പണം ആവശ്യമാണ്, നേതാക്കളാവട്ടെ അതവരുടെ കുടുംബ സ്വത്താക്കി മാറ്റുകയും ചെയ്യുന്നു.
നികുതിവെട്ടിപ്പ് നടത്തിയാണ് മിക്ക നേതാക്കളും ധനാഢ്യരാകുന്നതെന്നത് ആർക്കും നിഷേധിക്കാനാവാത്ത വസ്തുതയാണ്. പ്രാദേശിക രാഷ്ട്രീയക്കാരൻ മുതൽ ഇന്ദ്രപ്രസ്ഥത്തിലെ അധികാര ഇടനാഴികൾ വരെ നീളുന്ന ഒരു ചങ്ങലയാണത്. രാഷ്ട്രീയ ഫണ്ടിംഗിലെ അതാര്യതയും രാഷ്ട്രീയ-കോർപറേറ്റ് അവിഹിത ബന്ധങ്ങളും ഇല്ലാതാകാതെ രാജ്യത്ത് കള്ളപ്പണത്തിനെതിരെ വിജയിക്കുന്ന യുദ്ധം സാധ്യമാകില്ല.
അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ബി.ജെ.പിയുടെ കൈവശമുള്ള പണത്തിന്റെ 80.7 ശതമാനവും ഉറവിടം വെളിപ്പെടുത്താത്തതാണ്. 2015-16 ൽ ബി.ജെ.പിയുടെ പ്രഖ്യാപിത ഫണ്ട് 570 കോടിയായിരുന്നു. 2021 ആയപ്പോഴേക്കും ഇതിൽ എത്രമാത്രം വർധന വന്നിട്ടുണ്ടാകുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കള്ളപ്പണ വേട്ടക്കായി നോട്ടുനിരോധം നടപ്പാക്കി, പാവപ്പെട്ട ജനങ്ങളെ ബാങ്കുകൾക്ക് മുന്നിൽ ഹതാശരായി നിർത്തിയ ഒരു പാർട്ടി തന്നെയാണ് കള്ളപ്പണ ഇടപാടുകളുടെ പേരിൽ ആരോപണങ്ങളുടെ മുൾമുനയിൽ നിൽക്കുന്നത് എന്നത് വിചിത്രമായിരിക്കുന്നു.
കള്ളപ്പണ ഇടപാടുകൾ രാജ്യത്ത് സമാന്തര സാമ്പത്തിക വ്യവസ്ഥയാണ് സൃഷ്ടിക്കുന്നത്. ഏതാനും വർഷം മുമ്പ് തൃശൂർ ജില്ലയിൽ തന്നെ അത്യാധുനിക മെഷീനുകളുമായി കള്ളനോട്ടടിക്കുന്ന ബി.ജെ.പി നേതാവിനെ പോലീസ് പിടികൂടുകയുണ്ടായി. ആ കേസിന്റെ അന്വേഷണവും അധികം മുന്നോട്ടു പോയില്ല. കൊടകര, ജാനു സംഭവങ്ങളിൽ പണത്തിന്റെ ഉറവിടം അന്വേഷിക്കുക പ്രധാനമാണ്. തെരഞ്ഞെടുപ്പ് അവിഹിത പണസമ്പാദനത്തിനുള്ള ഉപാധിയായി മാറുന്നത് നമ്മുടെ ജനാധിപത്യത്തെയും സാമ്പത്തിക വ്യവസ്ഥയെയും ദുർബലപ്പെടുത്തും. രാജ്യത്തെ കോടതികളും തെരഞ്ഞെടുപ്പ് കമ്മീഷനും പൊതുസമൂഹവും ഈ വിപത്തിനെതിരെ ഉണർന്നു പ്രവർത്തിച്ചേ മതിയാകൂ.