യു.ഡി.എഫിനെ കാത്തിരിക്കുന്നത് എന്താണ്?


ചരിത്രം കുറിച്ച് പിണറായി വിജയൻ അധികാരത്തിൽ രണ്ടാമൂഴം ഉറപ്പിച്ചിരിക്കേ ഐക്യജനാധിപത്യ മുന്നണിയെ കാത്തിരിക്കുന്നത് എന്താണ്? നാല് കേരള കോൺഗ്രസുകളും രണ്ടു കമ്യൂണിസ്റ്റുകളും രണ്ട് സോഷ്യലിസ്റ്റുകളും രണ്ട് സംഘടനാ കോൺഗ്രസുകളും ഒരു ലീഗും ഉൾപ്പെട്ട ബഹുജന മുന്നണിയെ പഴയ സാമുദായിക സമവാക്യം വെച്ച് നേരിടാനൊരുങ്ങിയിടത്താണ് യു.ഡി.എഫിന് പിഴച്ചത്. 
ഐക്യജനാധിപത്യ മുന്നണിക്കൊപ്പം മുമ്പ് പത്രോസിന്റെ പാറ പോലെ ഉറച്ചുനിന്ന ക്രിസ്ത്യാനികളുടെ കൂറുമാറ്റമാണ് ചരിത്രം തിരുത്തിയ ഒരു ഘടകം. അഴിമതിക്കാരനെന്ന് വിളിച്ച വായ് കൂടും മുമ്പേ ജോസ് മോനെ പിണറായി ഇടത്തോട്ട് ചേർത്തു നിർത്തിയത് ടിയാന്റെ സ്വാധീനത്തിൽ കണ്ണു വെച്ചല്ല. ക്രിസ്ത്യാനികളുടെ മതിപ്പ് ഉറപ്പിക്കുകയായിരുന്നു. ഇത് വേണ്ട വിധം തിരിച്ചറിയാൻ കഴിയാതെ പോയ യു.ഡി.എഫിലെ മാനേജർമാർ മറ്റു പണികൾ നോക്കുകയാവും നല്ലത്. 


സവർണ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്‌ലിംകൾ എന്നിവർ ചേർന്ന മുന്നണിയായിരുന്നു യു.ഡി.എഫ്. ഈഴവരുടെ പിന്തുണ ഇടതിനായിരുന്നു. ഇതിൽ സവർണ ഹിന്ദുക്കളിൽ ഒരു വിഭാഗം ബി.ജെ.പിക്കൊപ്പവും ക്രിസ്ത്യൻ, മുസ്‌ലിം വിഭാഗങ്ങളിലെ ഒരു ഭാഗം സി.പി.എമ്മിനൊപ്പവും ചേർന്നത് നിയമസഭാ ഫലത്തിൽ കാണാം. കേരളത്തിന് ഇനി പഴയതു പോലെ ഇരുമുന്നണികൾ മാറിമാറി ഭരിക്കുന്ന ഇടമായി പോകാൻ കഴിയില്ല. അഥവാ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ രാഷ്ട്രീയത്തെ അവഗണിക്കാനാവില്ല. ആകെയുണ്ടായിരുന്ന നേമത്തെ അക്കൗണ്ട് കൂടി അടച്ചുവെന്ന് മേനി പറയാമെങ്കിലും 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ബി.ജെ.പിയുടെ സാന്നിധ്യം തെളിയിച്ചിരിക്കുകയാണ്. സാമുദായിക സ്വഭാവമുള്ള രണ്ട് പ്രധാന ശസ്ത്രക്രിയകൾ ഈയിടെ കേരളത്തിൽ നടന്നു. ഒന്ന് ശബരിമലയെങ്കിൽ രണ്ടാമത്തേത് മുസ്‌ലിംകൾക്ക് നേരെ ക്രിസ്ത്യാനികൾക്കിടയിലെ അതൃപ്തിയാണ്. ആദ്യത്തേതിലെ താൽക്കാലിക ഗുണഭോക്താക്കൾ യു.ഡി.എഫ് ആയിരുന്നെങ്കിൽ രണ്ടാമത്തേതിൽ എൽ.ഡി.എഫാണ്. രണ്ടിന്റെയും ആത്യന്തിക ഗുണം ബി.ജെ.പിക്കായിരിക്കും. 


ശബരിമല വിഷയത്തിൽ സുപ്രീം കോടതി വിധി ഏതു വിധേനയും നടപ്പാക്കാൻ തുനിഞ്ഞിറങ്ങിയ പിണറായി അവർണരെയും സ്ത്രീകളെയും ബി.ജെ.പി വിരുദ്ധരെയും ഇടതുപക്ഷത്തും ആചാര ബദ്ധരെ ബി.ജെ.പിയിലുമായി പങ്കു വെക്കാനാണ് ശ്രമിച്ചത്. ബി.ജെ.പിക്ക് സുവർണ കാലം പ്രഖ്യാപിച്ച പി.എസ്. ശ്രീധരൻ പിള്ളയും പിണറായിയും ഇടതുപക്ഷത്തോട് ബി.ജെ.പി നേരിട്ട് ഏറ്റുമുട്ടുന്ന കാലമാണ് സ്വപ്നം കണ്ടത്. പക്ഷേ ശബരിമല താൽക്കാലികമായെങ്കിലും ഗുണം ചെയ്തത് യു.ഡി.എഫിനാണ്. 


കേരളത്തിലെ പ്രബലർ കൂടിയായ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്നതിനുള്ള അജണ്ട സംഘ് പരിവാറിന്റേതാണ്. നേരത്തെ ന്യൂനപക്ഷങ്ങൾ അനർഹമായി നേടുന്നുവെന്ന് പ്രചരിപ്പിച്ചിരുന്ന സംഘ് പ്രചാരകർ അൽപം വെള്ളം ചേർത്ത് ക്രിസ്ത്യാനികളെ കൂടെ നിർത്താൻ ശ്രദ്ധിക്കുന്നു. ക്രിസ്ത്യൻ സഭകൾക്കിടയിലെ തർക്കങ്ങളിൽ ഇടനിലക്കാരാകാൻ ശ്രമിച്ചത് തെരഞ്ഞെടുപ്പിന്റെ തൊട്ടു മുമ്പാണ്. ഇപ്പോൾ ചൂട് വിഷയമായ ന്യൂനപക്ഷ വകുപ്പിലെ 80:20 അനുപാതമടക്കമുള്ള കാര്യങ്ങൾ കേന്ദ്ര സർക്കാരിന് മുന്നിലേക്ക് ബി.ജെ.പി നേതാക്കൾ എത്തിച്ചിരുന്നു. ഇതിന് എരിവ് പകരാൻ (തിരിച്ചോ) അന്തർദേശീയ തലത്തിലെ ഭീകരപ്രവർത്തനങ്ങളെയും ഉപയോഗിക്കുന്നുവെന്ന് ഈയിടെ ഒരു സ്‌കൂളിലെ പ്രധാനാധ്യാപികയിൽ നിന്ന് കൈത്തെറ്റെന്ന വണ്ണം പുറത്തായ വീഡിയോ വ്യക്തമാക്കുന്നു. 


ഒരു കാലത്ത് സവർണ, ക്രിസ്ത്യൻ, ഹിന്ദു സമുദായങ്ങൾ കുത്തകയാക്കി വെച്ച പ്രൊഫഷനൽ വിദ്യാഭ്യാസത്തിലേക്കും മറ്റും പിന്നോക്ക സമുദായങ്ങൾ പ്രത്യേകിച്ച് മുസ്‌ലിംകൾ കടന്നു വരുന്നതിനെ അസഹിഷ്ണുതയോടെ കണ്ട ചുരുക്കം ചിലർക്ക് തുർക്കിയിലെ ഹാഗിയ സോഫിയ മുതൽ വിവിധ രാജ്യങ്ങളില ഐ.എസ് ആക്രമണങ്ങൾ വരെ ഇന്ധനമായി. ഇത് മുസ്‌ലിം ലീഗിനും അതു വഴി യു.ഡി.എഫിനും എതിരായ വികാരമായാണ് വളരുന്നതെന്നതിനാൽ ഇടതു മുന്നണി മറുപടി നൽകേണ്ട വിഷയമായിരുന്നിട്ടും സൗകര്യപൂർവം മൗനം പാലിച്ചു. കെ.എം. ഷാജിയുടെ എഫ്.ബി പോസ്റ്റിന് പോലും പ്രതികരിച്ച മുഖ്യമന്ത്രി ന്യൂനപക്ഷ വകുപ്പിനെ കുറിച്ച ആക്ഷേപങ്ങളെ കുറിച്ച് മാത്രം മിണ്ടിയില്ല. യു.ഡി.എഫ് അധികാരത്തിൽ വരികയെന്നാൽ മുസ്‌ലിം ആധിപത്യമായിരിക്കുമെന്ന പ്രചാരണം സി.പി.എം തന്നെ ഏറ്റെടുത്തു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ലീഗുണ്ടാക്കിയ ധാരണ സി.പി.എമ്മിന് ഏറെ സഹായകമാകുകയും ചെയ്തു. ഹസൻ-അമീർ- കുഞ്ഞാലി ത്രയമാണ് യു.ഡി.എഫിനെ നയിക്കുന്നതെന്ന് സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കോൺഗ്രസിനെ ലീഗ് നയിക്കുന്നുവെന്ന് പിണറായി വിജയനും പറഞ്ഞുറപ്പിച്ചു. 


ക്രിസ്ത്യാനികളുടെ അതൃപ്തി മനസ്സിലാക്കാൻ കോൺഗ്രസ് ശ്രമിക്കാതിരുന്നില്ല. ഉമ്മൻ ചാണ്ടിയെ പ്രചാരണ സമിതി അധ്യക്ഷനായി ഇറക്കുകയും മുഖ്യമന്ത്രി ആയേക്കുമെന്ന ധാരണ സൃഷ്ടിക്കുകയും ചെയ്തു. പക്ഷേ ലീഗ് ഭീതി അഥവാ മുസ്‌ലിം ഭീതി ഇതിലും അപ്പുറത്തായിരുന്നു. യു.ഡി.എഫിൽ മുസ്‌ലിം ലീഗിന്റെ സ്വാധീനം 2011 ൽ തന്നെ ചോദ്യം ചെയ്യപ്പെട്ടതാണ്. ലീഗിന് അഞ്ചു മന്ത്രി എന്ന ആവശ്യം വന്നപ്പോൾ സാമുദായിക സന്തുലിതത്വം തന്നെ തകരുമെന്ന പ്രചാരണം ഉണ്ടായി. 73 പേരുടെ മാത്രം പിന്തുണയുള്ള മന്ത്രിസഭയിൽ 20 പേരുള്ള ലീഗിന്റെ ആവശ്യം അംഗീകരിക്കാതെ വയ്യെങ്കിലും അന്നു തന്നെ ലീഗിന്റെ ഭരണ പങ്കാളിത്തത്തിന് ഒരു ചെക്ക് പറയേണ്ടതുണ്ടെന്ന് ചിലരെങ്കിലും കരുതിക്കാണും. അതിന്റെ വിളവെടുപ്പു കൂടിയായിരുന്നു ഈ തെരഞ്ഞെടുപ്പ്. യു.ഡി.എഫിൽ കോൺഗ്രസ് കഴിഞ്ഞാൽ പ്രമുഖ സ്ഥാനം ഉണ്ടായിരുന്ന കെ.എം. മാണിയുടെ അഭാവവും അദ്ദേഹത്തിന്റെ പാർട്ടിയുടെ എൽ.ഡി.എഫിലേക്കുള്ള മാറ്റവും പാലായിലേക്ക് ചുരുക്കിക്കണ്ടതാണ് ഐക്യ ജനാധിപത്യ മുന്നണിക്ക് പറ്റിയ തെറ്റ്.


ബി.ജെ.പി സാന്നിധ്യം എത്ര മാത്രം കേരളത്തിൽ ശക്തമാവുന്നുവോ അത്ര തന്നെ മുസ്‌ലിംകൾ സി.പി.എമ്മിനോട് ചേർന്നു നിൽക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ ബി.ജെ.പിയുടെ സാന്നിധ്യത്തെ പർവതീകരിച്ചു കാട്ടാൻ സി.പി.എം ശ്രമിക്കുകയും ചെയ്യുന്നു. പൗരത്വ ഭേദഗതി നിയമത്തോടെ തങ്ങളുടെ നിലനിൽപ് തന്നെ അപകടത്തിലാണെന്ന് കരുതുന്ന മുസ്‌ലിംകൾക്ക് കേരളത്തിലെ കോൺഗ്രസിനേക്കാൾ വിശ്വാസം സി.പി.എമ്മിലാണ്. ഉത്തരേന്ത്യയിൽ മുസ്‌ലിംകൾക്കെതിരായി നടക്കുന്ന അക്രമങ്ങൾക്ക് ഏറെ പ്രചാരം ലഭിക്കുന്ന പ്രദേശമാണ് കേരളം. മുസ്‌ലിംകൾക്കിടയിൽ ബി.ജെ.പി വിരോധം കത്തിച്ചു നിർത്തുന്നതിൽ സദാ ജാഗരൂകരായ സി.പി.എമ്മിന് പണ്ടത്തെ പോലെ രാജ്യത്തെ മറ്റു പ്രദേശങ്ങളിലെ നിലപാടുമായി കേരളത്തിലേതിനെ സമരസപ്പെടുത്തേണ്ടതുമില്ല. ബി.ജെ.പിയുമായി ബന്ധപ്പെടുത്തി കോൺഗ്രസ് നേതാക്കളെ സംശയത്തിന്റെ നിഴലിൽ നിർത്തുകയെന്ന സി.പി.എം തന്ത്രത്തെ അതിജീവിക്കാൻ കോൺഗ്രസ് നേതാക്കൾ വല്ലാതെ വിയർക്കേണ്ടിവരുന്നു. രമേശ് ചെന്നിത്തലയെ സംശയത്തിൽ നിർത്തുന്നതിൽ സി.പി.എം വിജയിച്ചു. 

(നാളെ: ലീഗ് തോറ്റില്ല, പക്ഷേ തോൽപിച്ചു)

Latest News