കൊണ്ടോട്ടി - കേന്ദ്ര ഹജ് കമ്മിറ്റിയുടെ പുതിയ ഹജ് നയങ്ങളുമായി ബന്ധമുളള മുഴുവന്‍ കേസുകളും ജനുവരി അഞ്ചിന് സുപ്രീം കോടതിയുടെ പരിഗണനയില്‍ വരും. അനുകൂലമായ തീരുമാനത്തിന് ശേഷം ഹജ് നറുക്കെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ മതിയെന്ന വാദം ഉന്നയിക്കുന്നതോടെ ഈ വര്‍ഷത്തെ ഹജ് നറുക്കെടുപ്പ് നീട്ടേണ്ടി വരും.
സംസ്ഥാന ഹജ് കമ്മിറ്റി, കേരളം, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുളള അഞ്ചാം വര്‍ഷക്കാരായ ഹജ് അപേക്ഷകര്‍, എന്നിവര്‍ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി ജനുവരി അഞ്ചിന് പരിഗണിക്കുക. കേന്ദ്ര ഹജ് കമ്മറ്റിയേയും കേന്ദ്ര ഹജ് കാര്യ വകുപ്പിനേയും പ്രതി ചേര്‍ത്താണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. രണ്ടു വിഭാഗങ്ങളോടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്ന സത്യവാങ് മൂലം നല്‍കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുക, കരിപ്പൂര്‍ ഹജ് എംപാര്‍ക്കേഷന്‍ പോയിന്റ് നിലനിര്‍ത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സംസ്ഥാന ഹജ് കമ്മിറ്റി ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഹജ് അപേക്ഷകരുളള കേരളത്തിന് പുതിയ ഹജ് നയം തിരിച്ചടിയാവുകയാണ്. മുസ്‌ലിം ജനസംഖ്യാനുപാതത്തില്‍ ഹജ് ക്വാട്ട വീതിക്കുന്നതിനാല്‍ കേരളത്തില്‍ കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ലഭിക്കുക. മുന്‍ വര്‍ഷങ്ങളില്‍ അഞ്ചാം വര്‍ഷക്കാര്‍ക്ക് നേരിട്ട് അവസരം നല്‍കുന്നത് വഴി കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചിരുന്നു. മലബാറില്‍ നിന്നാണ് കൂടുതല്‍ തീര്‍ത്ഥാടകര്‍ എന്നുളളതിനാല്‍ ഹജ് എംപാര്‍ക്കേഷന്‍ പോയിന്റ് നെടുമ്പാശ്ശേരിയില്‍ നിന്ന് കരിപ്പൂരിലേക്ക് മാറ്റണമെന്നും ഹജ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ അനുകൂല നിലപാട് വേണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. വിധിക്ക് ശേഷം ഹജ് നറുക്കെടുപ്പ് നടത്തിയാല്‍ മതിയെന്നും കോടതിയില്‍ വാദിക്കും. അനുകൂല തീരുമാനം ലഭിച്ചില്ലെങ്കില്‍ കടുത്ത നിലപാടിലേക്ക് ഹജ് കമ്മിറ്റി കടന്നേക്കും.
കേരളത്തിലും ഗുജറാത്തിലും ഹജ് കമ്മിറ്റികള്‍ക്ക് കീഴില്‍ തുടര്‍ച്ചയായി അപേക്ഷിച്ച നാലാം വര്‍ഷക്കാരുടെ പരാതിയും സുപ്രീം കോടതി പരിഗണിക്കുന്നത് ജനുവരി അഞ്ചിനാണ്.
കേരളത്തില്‍നിന്ന് 13,712 പേരാണ് അഞ്ചാം വര്‍ഷക്കാരുടെ കാത്തിരിപ്പ് പട്ടികയിലുളളത്. അഭിഭാഷകരായ ഹാരിസ് ബീരാന്‍ സംസ്ഥാന ഹജ് കമ്മിറ്റിക്ക് വേണ്ടിയും, പ്രശാന്ത് ഭൂഷണ്‍ തീര്‍ത്ഥാടകര്‍ക്ക് വേണ്ടിയും കേസില്‍ സുപ്രീം കോടതിയില്‍ ഹാജരാകും.