കൊണ്ടോട്ടി - പുതുവര്‍ഷത്തില്‍ മുപ്പതാണ്ടിന്റെ നിറവിലെത്തുന്ന കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതു പ്രതീക്ഷയുടെ ചിറകടി.
ഇടത്തരം വിമാന സര്‍വീസുകള്‍,പുതിയ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ(റിസ), പുതിയ ടെര്‍മിനല്‍,റണ്‍വെ ഏപ്രണില്‍ എയ്‌റോബ്രിഡ്ജ് തുടങ്ങി നിരവധി വികസന പ്രവൃത്തികളാണ് പുതിയ വര്‍ഷത്തില്‍ കരിപ്പൂരില്‍ സാക്ഷാല്‍കരിക്കപ്പെടുക. 1988 മാര്‍ച്ച് 13 ന് ആദ്യമായി സര്‍വ്വീസുകള്‍ ആരംഭിച്ച കരിപ്പൂര്‍ വിമാനത്താവളത്തിന് വരാനിരിക്കുന്നത് മുപ്പതാം പിറന്നാള്‍ ആഘോഷം കൂടിയാണ്.
കരിപ്പൂരില്‍ ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വ്വീസ് ആരംഭിക്കുന്നതിനായി ഒരുക്കുന്ന റിസ (റണ്‍വേ എന്‍ഡ് സേഫ്റ്റി ഏരിയ)നിര്‍മ്മാണം ജനുവരി 15ന് ആരംഭിക്കും. 90 മീറ്റര്‍ വീതിയുള്ള റിസയുടെ വിസ്തൃതി 240 മീറ്ററാക്കാനാണ് തീരുമാനം. ബോയിംഗ് 777-200 വിമാനങ്ങള്‍ സര്‍വ്വീസ് ആരംഭിക്കുന്നതിനായാണ് കരിപ്പൂരില്‍ റിസ നീളം കൂട്ടുന്നത്.2015ല്‍ വലിയ വിമാനങ്ങളുടെ സര്‍വ്വീസ് നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ചെറിയ ബജറ്റ് വിമാനങ്ങളാണ് കരിപ്പൂരില്‍ ആഭ്യന്തര-അന്താരാഷ്ട്ര സെക്ടറില്‍ സര്‍വ്വീസ് നടത്തുന്നത്. ബോയിംഗ് 777-200 വിമാനങ്ങള്‍ എത്തുന്നതോടെ ജിദ്ദ, ഹജ് സര്‍വ്വീസുകള്‍ ആരംഭിക്കാനും ഗള്‍ഫ് സെക്ടറിലേക്ക് കൂടുതല്‍ യാത്രക്കാരേയും കാര്‍ഗോ ഉല്‍പ്പന്നങ്ങളും കൊണ്ടുപോകാനും കഴിവുളള വിമാനങ്ങളെത്തും.
കരിപ്പൂരില്‍ രണ്ട് വര്‍ഷം മുമ്പ് ആരംഭിച്ച പുതിയ ടെര്‍മിനല്‍ 2018 മാര്‍ച്ചിലാണ് തുറന്നു കൊടുക്കുന്നത്. നിലവിലുളള ടെര്‍മിനലില്‍ സൗകര്യങ്ങള്‍ കുറവായതിനാലാണ് പുതിയ ടെര്‍മിനല്‍ നിര്‍മ്മിക്കുന്നത്. ഇതോടൊപ്പം നിലവിലുളള ടെര്‍മിനലിന്റെ മുഖച്ഛായയും മാറ്റിയെടുക്കുന്ന പ്രവൃത്തികള്‍ വരും വര്‍ഷത്തില്‍ പൂര്‍ത്തിയാവും. വിമാനങ്ങള്‍ നിര്‍ത്തിയിടുന്ന റണ്‍വെ ഏപ്രണ്‍ വികസനം കഴിഞ്ഞ് സമര്‍പ്പിക്കുന്നതും പുതുവര്‍ഷത്തിലാണ്. മൂന്ന് വര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയായ പുതിയ റണ്‍വെ ഏപ്രണും പുതിയ ടെര്‍മിനലും ബന്ധപ്പെടുത്തി രണ്ടു എയ്‌റോബ്രിഡ്ജുകള്‍ നിര്‍മ്മിച്ചു വരികയാണ്. ടെര്‍മിനല്‍ തുറക്കുന്നതോടെ ഇവയും പ്രവര്‍ത്തനക്ഷമമാക്കും.
വ്യോമയാന ഗതാഗത രംഗത്തും കരിപ്പൂര്‍ വിമാനത്താവളം അത്യാധുനിക നേട്ടം പുതുവര്‍ഷത്തില്‍ കൈവരിക്കാനിരിക്കുകയാണ്.വ്യോമയാന ഗതാഗതത്തിന്റെ കൃത്യതക്ക് ഉപയോഗിക്കുന്ന എഡി.എസ്.ബി(ഓട്ടോ മാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വ്വൈലന്‍സ് ബ്രോഡ്കാസ്റ്റ്)സംവിധാനം ജനുവരിയില്‍ പ്രവര്‍ത്തനക്ഷമമാക്കും. വിമാനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായും സൂക്ഷ്മതയോടെയും ഇറക്കാനും പറന്നുയരാനും ഇതോടെ കഴിയും. എയര്‍പോര്‍ട്ട് അഥോറിറ്റിക്ക് കീഴില്‍ വരുമാനം നേടുന്ന വിമാനത്താവളങ്ങളില്‍ ഇതോടെ കരിപ്പൂര്‍ മുന്‍നിരയിലെത്തും.