ന്യൂനപക്ഷ സ്‌കോളർഷിപ്പ്; അഭിപ്രായ സമന്വയം ഉണ്ടാക്കും-മുഖ്യമന്ത്രി

തിരുവനന്തപുരം- ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി വിധിയിൽ നിയമപരമായ പരിശോധനയും വിദഗ്ധസമിതിയെ നിയോഗിച്ചുള്ള പഠനവും പ്രായോഗിക നിർദ്ദേശങ്ങളും സമന്വയിപ്പിച്ച് തീരുമാനത്തിലെത്താൻ സർവ്വകക്ഷിയോഗത്തിൽ ധാരണയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 
ഏതു തരത്തിൽ മുന്നോട്ടു പോകണമെന്നതിന് നിയമപരമായ പരിശോധന നടത്തും. ഇക്കാര്യം നിയമവിദഗ്ധരുമായി ചർച്ച ചെയ്യും. വിദഗ്ധ സമിതി പഠനം നടത്തും. ആരോഗ്യകരമായ പ്രായോഗിക നിർദ്ദേശങ്ങളും പരിഗണിക്കും. എല്ലാ അർത്ഥത്തിലും അഭിപ്രായ സമന്വയം ഉണ്ടാകണമെന്നാണ് സർക്കാർ താൽപര്യപ്പെടുന്നത്. ഇന്നത്തേത്  ആദ്യത്തെ യോഗമായി കണ്ടാൽ മതിയെന്നും വീണ്ടും ചർച്ച ചെയ്യാമെന്നും യോഗത്തിൽ പങ്കെടുത്തവരെ അറിയിച്ചു. നമ്മുടെ സമൂഹം ആർജിച്ച പൊതു അന്തരീക്ഷത്തിന് ഒരു കോട്ടവും തട്ടരുതെന്ന കാര്യത്തിൽ എല്ലാ കക്ഷികളും യോജിച്ചുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 

Latest News