ബംഗളൂരു- കര്‍ണടാക സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന ഗാനമായ നാദഗീതെ ആലപിക്കുന്നതിനിടെ വേദിയില്‍ ച്യുയിംഗം ചവച്ച യുവ ഐ.എ.എസ് ഉദ്യോഗസ്ഥക്ക് സസ്‌പെന്‍ഷന്‍. ഐ.എ.എസ് പ്രൊബേഷണറി ഓഫീസറായ പ്രീതി ഘേലോട്ടാണ് സസ്‌പെന്‍ഷനിലായത്. സിറ തുമക്കുരു ജില്ലയില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് പ്രീതി ച്യുയിംഗം ചവച്ചത്.
വേദിയില്‍ സംസ്ഥാന ഗാനം ആലപിക്കുമ്പോള്‍ പ്രീതി ച്യുയിംഗം ചവക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉള്‍പ്പെടയുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം തന്നെ ഇവര്‍ക്ക് തുമക്കുരു ഡെപ്യൂട്ടി കമ്മീഷണര്‍ കെ.പി. മോഹന്‍ രാജ് വിശദീകരണം ചോദിച്ച് നോട്ടീസ് നല്‍കിയിരുന്നു.
ഗാനം ആലപിക്കാന്‍ തുടങ്ങിയതോടെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവര്‍ എഴുന്നേറ്റ് നിന്നു. ഇവരോടൊപ്പം വേദിയില്‍ നിന്നുകൊണ്ട് പ്രീതി ച്യുയിംഗം ചവക്കുകയായിരുന്നു. വേദിയില്‍ ഇരുന്നതിനു ശേഷവും പ്രീതി ച്യുയിംഗം ചവക്കുന്നത് ദൃശ്യങ്ങളില്‍ ഉണ്ട്.
സംസ്ഥാനത്തെ ഗാനത്തെ പ്രീതി അധിക്ഷേപിച്ചു എന്ന് ആരോപിച്ചാണ് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശിച്ചത്. വിഡിയോ വ്യാപകമയാതോടെ ചീഫ് സെക്രട്ടറി രത്‌ന പ്രഭ സസ്‌പെന്‍ഷന്‍ ഉത്തരവ് നല്‍കുകയായിരുന്നു.






