Sorry, you need to enable JavaScript to visit this website.

മതസംഘടനകൾ ഒന്നിച്ചിരിക്കണം- മുജാഹിദ് സമ്മേളനത്തിൽ മുനവ്വറലി തങ്ങൾ

തിരൂരങ്ങാടി- മതസംഘടനകൾ ഒന്നിച്ചിരുന്ന് പ്രശ്‌നങ്ങൾ ചർച്ച ചെയ്യേണ്ട കാലമാണിതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ. മുജാഹിദ് സംസ്ഥാന സമ്മേളനത്തിലെ യുവജന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാഷിസം ജനാധിപത്യത്തെ പോലും കീഴ്‌പ്പെടുത്തുന്ന ഒരു കാലത്ത് ഭിന്നിപ്പിന്റെയല്ല, സഹവർത്തിത്വത്തിന്റെ സ്വരമാണ് ഉയരേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
മുജാഹിദ് സമ്മേളനത്തിൽ വന്നത് ആരെയെങ്കിലും സന്തോഷിപ്പാക്കാനോ മറ്റാരെയങ്കിലും വേദനിപ്പിക്കാനോ അല്ല. ഉത്തരവാദപ്പെട്ട യുവജന സംഘടനയുടെ എളിയ പ്രവർത്തകൻ എന്ന നിലയിലാണ് വന്നത്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും വേണ്ടി എന്ന നാരായണഗുരുവിന്റെ വാക്കുകളാണ് പ്രചോദനമാകേണ്ടത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണം യൂത്ത് ലീഗിനുള്ള അംഗീകാരം കൂടിയാണ്. ആതിഥ്യം സ്വീകരിക്കുക എന്നത് പ്രവാചക ചര്യയുടെ കൂടി ഭാഗമാണ്. എനിക്ക് നിങ്ങളുടെ ആശയത്തോട് വിയോജിപ്പുണ്ടാകാം. എന്റെ ആശയങ്ങളോട് നിങ്ങൾക്കും വിയോജിപ്പുണ്ടാകാം. അതെല്ലാം നമ്മുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും വിശ്വാസസ്വാതന്ത്ര്യത്തിന്റെയും ഭാഗമാണ്. നമ്മളെല്ലാ മനുഷ്യരാണ്. എല്ലാവരു ആദമിൽനിന്ന്. ആദമാകട്ടെ അല്ലാഹുവിൽനിന്നും. മനുഷ്യരെല്ലാം പരസ്പരം സഹായിച്ചാണ് ജീവിക്കേണ്ടത്. ദുരന്തമുഖത്തെല്ലാം മനുഷ്യർ പരസ്പരം സഹായിക്കുന്നു. 

ഒരു യുവസംഘടന എന്ന നിലയിൽ യൂത്ത് ലീഗിന് ഒട്ടേറെ ഉത്തരവാദിത്വങ്ങളുണ്ട്. പുതിയ കാഴ്ച്ചപ്പാടുകളാണ് ഇനി ആവശ്യം. ഇരുപത് വർഷം മുമ്പുള്ള യുവാവ് നേരിട്ട പ്രശ്‌നമല്ല ഇപ്പോഴത്തേത്. അന്ന് പട്ടിണിയുടേത് ആയിരുന്നെങ്കിൽ ഇപ്പോഴത് സമൃദ്ധിയുടേതാണ്. സമ്പന്നത എങ്ങിനെ ഉപയോഗിക്കണമെന്നതാണ് പുതിയ യുവത്വം നേരിടുന്ന വെല്ലുവിളികളിലൊന്ന്. ഓരോരുത്തരും അവരുടെ ഓൺലൈൻ ലോകത്ത് മാത്രമായി ചുരുങ്ങിയിരിക്കുന്നു.സ്വന്തം നിലനിൽപ് പോലും ഭീഷണിയാകുന്ന ഘട്ടത്തിൽ നിസംഗരായി നിൽക്കുകയാണവർ. യുവാക്കൾക്ക് ദിശാബോധം നൽകാനാണ് മതസംഘടനകൾ പ്രവർത്തിക്കുന്നത്. അതിന് ശക്തിപകരുകയാണ് രാഷ്ട്രീയ സംഘടനകൾ ചെയ്യേണ്ടത്. കേരളത്തിൽ ഒരു റാഡിക്കൽ സൊസൈറ്റി വളർന്നുവരുന്നുവെന്നാണ് ഉത്തരേന്ത്യൻ മേഖലകളിൽ വ്യാപകമായി പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

ചുറ്റിലും കഴുകൻമാർ വിഴുങ്ങാനിരിക്കുന്നതിന്റെ ഭീഷണി കാണാതിരിക്കരുത്. തീവ്രവാദത്തെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കാത്ത ആരുമായി ഒന്നിച്ചുചേരാൻ യൂത്ത് ലീഗ് തയ്യാറാണ്. മതസംഘടനകളും അതിന് തയ്യാറാകണം. ഒരു ബഹുസ്വരസമൂഹത്തിലാണ് നാം ജീവിക്കുന്നത്. സമൂഹത്തെ മൊത്തം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾ നടത്തണം. പ്രവർത്തനമേഖല വിപുലീകരിക്കുക. തർക്കങ്ങളല്ല മതം എന്നത് കാണിക്കണം. സമ്പൂർണമായ ജീവിതക്രമമാണ് ഇസ്‌ലാം എന്നത് വാക്കിൽ മാത്രം പറഞ്ഞൊതുക്കരുത്. അങ്ങിനെ ജീവിച്ചുകാണിക്കണം. ഗൃഹാതുരത്വത്തിൽ മുഴുകി ജീവിക്കുന്ന ഒരു സമൂഹമായി മുസ്‌ലിംകൾ ഇപ്പോൾ മാറിയിരിക്കുന്നു. കഴിഞ്ഞ അരനൂറ്റാണ്ടായി മുസ്‌ലിംകളുടേതായി ലോകത്തിന് ലഭിച്ച സംഭാവന എന്താണ്. കൊർദോവ എന്നൊക്കെ പറഞ്ഞ് നൊസ്റ്റാൾജിക് സൊസൈറ്റിയായി നാം അതിൽ അഭിരമിക്കുകയാണ്. 

ഫാഷിസത്തിന്റെ കടന്നുവരവ് ഇന്ത്യയിലെ മുസ്‌ലിംകൾക്ക് മാത്രമല്ല ഭീഷണിയാകുന്നത്. ടിസ്റ്റ് സെതൽവാദിനെ പോലുള്ളവർ തോക്കിൻ മുനയിലാണ്. ഗൗരി ലങ്കേഷിനെ പോലെയുള്ളവരെ കൊന്നുകഴിഞ്ഞു. ഈ സന്ദർഭത്തിലാണ് മനുഷ്യരെല്ലാം ഫാഷിസത്തിനെതിരെ ഒന്നിച്ചുനിൽക്കേണ്ടത്.
ഒരു ബഹുസ്വരസമൂഹത്തിൽ എല്ലാവർക്കും സ്വീകാര്യനായി ജീവിക്കാൻ മുഹമ്മദ് നബിക്ക് സാധിച്ചു. പ്രവാചകന്റെ മദീന ജീവിതം വലിയൊരു പാഠമാണ്. പ്രവാചകന്റെ വേർപാടിൽ പൊട്ടിക്കരഞ്ഞവർ മുസ്‌ലിംകൾ മാത്രമായിരുന്നില്ല. എല്ലാവരെയും സഹോദരങ്ങളായി കാണുന്ന ജീവിതക്രമമാണ് മുന്നോട്ടുകൊണ്ടുവരേണ്ടത്. തിൻമകളോട് വിട്ടുവീഴ്ച്ചയില്ലാതെ ജീവിക്കാനാകണം- മുനവ്വറലി തങ്ങൾ പറഞ്ഞു.
 

Latest News