സുരേന്ദ്രന്റെ ഹെലികോപ്റ്ററില്‍നിന്ന് മാറ്റിയ പെട്ടികളില്‍ എന്ത്?

പത്തനംതിട്ട-  തെരഞ്ഞെടുപ്പ് വേളയില്‍ കെ. സുരേന്ദ്രന്‍ സഞ്ചരിച്ച ഹെലികോപ്റ്ററില്‍നിന്ന് മാറ്റിയ പെട്ടികളെ ചൊല്ലി ആരോപണം. പത്തനംതിട്ട ഡി.സി.സി  ജനറല്‍ സെക്രട്ടറി വി.ആര്‍ സോജിയാണ് പെട്ടികളിലെ ദുരൂഹത മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കോന്നി ബി.ജെ.പി സ്ഥാനാര്‍ഥിയും ബി.ജെ.പി സംസ്ഥാന അധ്യക്ഷനുമായ കെ. സുരേന്ദ്രന്‍ വന്നിറങ്ങിയ ഹെലികോപ്റ്ററില്‍നിന്നു കാറിലേക്ക് രണ്ട് പെട്ടികള്‍ മാറ്റിയിരുന്നുവെന്നും  ഈ പെട്ടികളില്‍ എന്തായിരുന്നുവെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കണമെന്നും സോജി ആവശ്യപ്പെട്ടു.

കെ. സുരേന്ദ്രന്  തെരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് ബി.ജെ.പി ഹെലികോപ്റ്റര്‍ നല്‍കിയത്. ഈ ഹെലികോപ്റ്ററില്‍ പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് ഗ്രൗണ്ട്, പെരുന്നാട് മാമ്പാട് സ്വകാര്യ വ്യക്തിയുടെ ഹെലിപാട്  എന്നിവിടങ്ങളിലാണ് സുരേന്ദ്രന്‍ വന്നിറങ്ങിയത്.  ഈ രണ്ട് സ്ഥലങ്ങളില്‍നിന്നും സഹായികള്‍ ബാഗ് കാറുകളിലേക്ക് മാറ്റിയിരുന്നു. അന്നേ ഈ ബാഗുകള്‍  പരിശോധിച്ചിരുന്നുവെങ്കില്‍ ഈ വിവാദം ഉണ്ടാകുമായിരുന്നില്ലെന്നും പോലീസ് കൃത്യമായ പരിശോധന നടത്തിയില്ലെന്നും  സോജി ആരോപിച്ചു.

 

Latest News