Sorry, you need to enable JavaScript to visit this website.

കോവിഡ് ബാധിച്ച അമ്മായിഅമ്മ മരുമകളെ കെട്ടിപ്പിടിച്ച്   രോഗബാധിതയാക്കിയതായി പരാതി

ഹൈദരാബാദ്-കോവിഡ് ബാധിതയായി ഐസോലേഷനില്‍ കഴിയേണ്ടി വന്നതിന്റെ ദേഷ്യം തീര്‍ക്കാന്‍ അമ്മായിഅമ്മ മരുമകളെ കെട്ടിപ്പിടിച്ചതായി പരാതി. മരുമകളും രോഗബാധിതയായതിന് പിന്നാലെയാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. മരുമകള്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തെലങ്കാനയിലെ സോമാരിപ്പേട്ട ഗ്രാമത്തിലാണ് അസാധാരണ സംഭവം.  ഇരുപത്തഞ്ചുകാരിയായ മരുമകള്‍ കോവിഡ് പോസിറ്റീവായതിന് പിന്നാലെ തന്നെ ഇവരെ വീട്ടില്‍ നിന്ന്പുറത്താക്കുകയും ചെയ്തു. ഇതിന് പിന്നാലെ യുവതിയുടെ സഹോദരിയെത്തി ഇവരെ രാജന്ന സിര്‍സില്ല ജില്ലയിലെ തിമ്മപ്പൂരിലെ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. കോവിഡ് പോസിറ്റാവായതിനെത്തുടര്‍ന്ന് അമ്മായിഅമ്മ ഐസോലേഷനിലായിരുന്നു. തന്നോട് എല്ലാവരും അകലം പാലിക്കുന്നതില്‍ അവര്‍ അസ്വസ്ഥയായിരുന്നെന്നാണ് യുവതി പറയുന്നത്. 'എനിക്കും കോവിഡ്19 പിടിക്കട്ടെ എന്ന് പറഞ്ഞായിരുന്നു അമ്മായിഅമ്മ എന്നെ കെട്ടിപ്പിടിച്ചത്' യുവതി ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞു.
വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ അമ്മായിഅമ്മയെ നീരീക്ഷണത്തിലാക്കിയിരുന്നു. പ്രത്യേകസ്ഥലത്താണ് അവര്‍ക്ക് ഭക്ഷണം നല്‍കിയിരുന്നത്. കൊച്ചുമക്കളെയും അവരുടെ അടുത്തേക്ക് അയച്ചിരുന്നില്ല. ഇതേതുടര്‍ന്ന് അവര്‍ കടുത്ത നിരാശയിലായിരുന്നെന്നാണ് യുവതി പറയുന്നത്.
 

Latest News