Sorry, you need to enable JavaScript to visit this website.

ഐസിയു കിടക്കയില്‍ 18കാരിയെ കുത്തിവെച്ച് ബോധം  കെടുത്തി പീഡിപ്പിച്ച വാര്‍ഡ് ബോയ് പിടിയില്‍

ലഖ്‌നൗ- യുപിയിലെ ആശുപത്രിയില്‍ കോവിഡ് ഐസിയുവില്‍ കോവിഡ് രോഗിയായ 18കാരിയെ ആശുപത്രിയിലെ ജീവനക്കാരന്‍ കുത്തിവെച്ച് ബോധം കെടുത്തിയ ശേഷം പീഡനത്തിനിരയാക്കി. മീററ്റിലെ ലിസാരി ഗേറ്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവമുണ്ടായത്. സംഭവത്തിനു പിന്നാലെ വിവരം മൂടി വെക്കാനും ആശുപത്രി അധികൃതര്‍ ശ്രമിച്ചു. സംഭവത്തില്‍ വീട്ടുകാര്‍ നല്‍കിയ പരാതിയിയുടെ അടിസ്ഥാനത്തില്‍ ആശുപത്രിയിലെ വാര്‍ഡ് ബോയിയെ പോലീസ് അറസ്റ്റ് ചെയ്‌തെന്നാണ്  പ്രമുഖ ഹിന്ദി ദിനപത്രമായ ഹിന്ദുസ്ഥാന്റെ റിപ്പോര്‍ട്ട്. മജീദ്‌നഗര്‍ സ്വദേശിയായ പെണ്‍കുട്ടിയാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെയ് 27ന് കടുത്ത പനിയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവില്‍ വെച്ച് പുലര്‍ച്ചെ മൂന്ന് മണിയോടെ തന്നെ സമീപിച്ച പ്രതി കുത്തിവെയ്പ്പ് നല്‍കി ബോധം കെടുത്തുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി നല്‍കിയ മൊഴി. പീഡനവിവരം ആരോടെങ്കിലും പറഞ്ഞാല്‍ വിഷം കുത്തിവെക്കുമെന്നും പ്രതി ഇരയെ ഭീഷണിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സഹോദരന്റെ ഭാര്യയോട് പെണ്‍കുട്ടി സംഭവം തുറന്നു പറഞ്ഞതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. ഇതോടെ കുടുംബം ലിസാരി ഗേറ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ ഘോസിപൂര്‍ ഗ്രാമക്കാരനായ  യുവാവാണ് അറസ്റ്റിലായത്. സംഭത്തിനു പിന്നാലെ പെണ്‍കുട്ടിയുടെ ബന്ധുവായ യുവാവ് ആശുപത്രിയിലെത്തുകയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. പുലര്‍ച്ചെ മൂന്ന് മണിയോടെ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നത് ദൃശ്യങ്ങളില്‍ കണ്ടെന്നാണ് ഇയാള്‍ പറയുന്നത്. എന്നാല്‍ പീഡനം നടക്കുന്ന സമയത്ത് 40 മിനുട്ടോളം സിസിടിവി ഓഫ് ചെയ്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവം പുറത്തറിയാതിരിക്കാന്‍ പ്രതി തന്നെ സിസിടിവി ഓഫ് ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. സംഭവം മൂടിവെക്കാന്‍ ലോക്കല്‍ പോലീസ് ശ്രമിച്ചതായും ആരോപണമുണ്ട്. കുടുംബം പോലീസില്‍ പരാതി നല്‍കിയതിനു ശേഷവും ലോക്കല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ സര്‍ക്കിള്‍ ഓഫീസര്‍ അമിത് റായിയോട് പരാതി ലഭിച്ചിട്ടില്ലെന്ന് അറിയിച്ചു. സംഭവം ഒത്തുതീര്‍പ്പാക്കാന്‍ പോലീസ് കൂട്ടുനിന്നെന്നാണ് ആരോപണം. പരാതി പിന്‍വലിക്കണമെന്ന് പ്രതിയുമായി ബന്ധമുള്ളവര്‍  കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. 
 

Latest News