Sorry, you need to enable JavaScript to visit this website.

മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡോമിനിക്കന്‍ കോടതി തള്ളി

സെന്റ് ജോണ്‍സ്- ഇന്ത്യയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തി വിദേശത്തേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിയുടെ ജാമ്യാപേക്ഷ ഡോമിനിക്കന്‍ കോടതി തള്ളി. നീല ടീ ഷര്‍ട്ടും കടുംനീല ഷോര്‍ട്‌സും ധരിച്ച് വീല്‍ചെയറിലാണ് ചോക്‌സി കോടതിയിലെത്തിയത്. രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചു എന്ന കേസിലാണ് ജാമ്യം നിഷേധിച്ചത്. ചോക്‌സി അനധികൃതമായി പ്രവേശിച്ചതല്ലെന്നും അദ്ദേഹത്തെ ഹണി ട്രാപ്പിന്റെ ഭാഗമായി തട്ടിക്കൊണ്ടു വന്നതാണെന്നും അഭിഭാഷകര്‍ വാദിച്ചു. സമാനകേസില്‍ ഡൊമിനിക്കയില്‍ നിരവധിപ്പേര്‍ക്ക് ജാമ്യം ലഭിച്ചിട്ടുണ്ടെന്നും അതിനാല്‍ ചോക്‌സിക്കും ജാമ്യം വേണമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദം കോടതി അംഗീകരിച്ചില്ല. ഇന്റര്‍പോളിന്റെ റെഡ് നോട്ടീസുള്ള വ്യക്തിയാണ് ചോക്‌സി. ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ഇന്ത്യയും അറിയിച്ചിട്ടുണ്ട്. ഇന്ത്യയുമായി ആന്റിഗ്വ കുറ്റവാളി കൈമാറ്റക്കരാറില്‍ ഒപ്പുവച്ചിട്ടില്ലാത്തതിനാല്‍ ഡൊമിനിക്കയില്‍നിന്ന് ചോക്‌സിയെ നേരിട്ട് ഇന്ത്യക്ക് കൈമാറണമെന്നാണ് ആന്റിഗ്വ സര്‍ക്കാരിന്റെ നിലപാട്.

ചോക്‌സിയുടെ പേരിലുള്ള ഹേബിയസ് കോര്‍പ്പസ് ഹരജി കോടതി വെള്ളിയാഴ്ച പരിഗണിക്കും.

ഭര്‍ത്താവിനെ തട്ടിക്കൊണ്ടു പോയതാണെന്നും അദ്ദേഹത്തിന്റെ കാമുകിയെന്ന് പറയുന്ന ബാര്‍ബറ ജറാബിക്ക എന്ന യുവതി ഇപ്പോള്‍ എവിടെയാണെന്ന് ആര്‍ക്കെങ്കിലും അറിയുമോയെന്നും ചോക്‌സിയുടെ ഭാര്യ പ്രീതി ചോദിച്ചു. കേസില്‍ പ്രീതി ചോക്‌സി ആദ്യമായാണ് പ്രതികരിക്കുന്നത്.

ഭര്‍ത്താവിനോട് ഞാന്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ശാരീരികമായും മാനസികമായും ഏറെ ഉപദ്രവങ്ങള്‍ സഹിക്കേണ്ടി വന്നു. ആന്റിഗ്വ അദ്ദേഹത്തിന് ഏറ്റവും സുരക്ഷിതമായ സ്ഥലമാണെന്നും അവിടെനിന്ന് മാറി നില്‍ക്കേണ്ട ഒരു സാഹചര്യവും ഇല്ലാത്തതിനാല്‍ അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതാണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നതായും പ്രീതി കൂട്ടിച്ചേര്‍ത്തു.

 

Latest News