Sorry, you need to enable JavaScript to visit this website.

അഞ്ജലിയുടെ ലൗ ജിഹാദ് ആവിയായി;കത്തെഴുതി വെച്ചത് കബളിപ്പിക്കാന്‍

കാസര്‍കോട്- ലൗ ജിഹാദ് ആരോപിച്ച് ഒന്നര മാസത്തോളം ബന്ധുക്കളെയും പോലീസിനെയും വട്ടംകറക്കിയ പുല്ലൂര്‍ പൊള്ളക്കടയിലെ അഞ്ജലി (21) യുടെ തിരോധാനത്തിന് പിന്നിലെ ദുരൂഹത മാറുന്നു.

യുവതി വീട് വിട്ടുപോയതിന് പിന്നില്‍ ലൗ ജിഹാദ് ഇല്ലെന്ന് സ്ഥിരീകരിച്ച അന്വേഷണ സംഘം സംശയാസ്പദമായ യാതൊന്നും അഞ്ജലിയുടെ തിരോധാനത്തിന് പിന്നിലില്ലെന്നും കണ്ടെത്തി. തെലങ്കാന രംഗറെഡ്ഢി ജില്ലയിലെ നര്‍സിങ്കി പോലീസ് സ്റ്റേഷന്‍ പരിധിയിലെ മണികൊണ്ട ടൗണിലെ ഒ.വൈ.ഒ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു വന്നിരുന്ന അഞ്ജലിയെ കേസ് അന്വേഷിച്ച അമ്പലത്തറ ഇന്‍സ്പെക്ടര്‍ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയില്‍ എടുത്ത് രാവിലെ ഏഴര മണിയോടെയാണ് അമ്പലത്തറയില്‍ എത്തിച്ചത്.

അഞ്ജലിയുടെ വിശദമായ മൊഴിയെടുത്ത ശേഷം വൈകീട്ട് അഞ്ചു മണിയോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ യുവതി സ്വന്ത ഇഷ്ടപ്രകാരം രക്ഷിതാക്കളുടെ കൂടെ പോയി.

ഏപ്രില്‍ 25 ന് വിവാഹം നിശ്ചയിച്ചിരുന്ന അഞ്ജലി 19 ന് ഉച്ചക്ക് ഒന്നര മണിക്ക് വീട്ടില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. കാസര്‍കോട് ബസില്‍ കയറി പൊയിനാച്ചിയില്‍ ഇറങ്ങിയ യുവതിയെ പിന്നീട് കണ്ടിരുന്നില്ല. ഇതിനിടെ മതം മാറ്റുന്നതിനായി പെര്‍ളടുക്കം, കല്ലളി, മുനമ്പം, മുണ്ടക്കൈ എന്നിവിടങ്ങളില്‍ യുവതിയെ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് പ്രചാരണം ഉണ്ടായി. എന്നാല്‍ അഞ്ജലി കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ എത്തി ഉച്ചക്കുള്ള ചെന്നൈ മെയിലില്‍ പ്രിയ എന്ന പേരില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് ചെന്നൈയിലേക്ക് പോവുകയാണ് ചെയ്തത്.

സ്വന്തം മൊബൈല്‍ നമ്പര്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയതിനാല്‍ സൈബര്‍ സെല്ലിന് യുവതിയുടെ യാത്ര നിരീക്ഷിക്കാന്‍ കഴിഞ്ഞു. 21 ന് രാവിലെ ചെന്നൈയില്‍ എത്തി മൊബൈല്‍ ഫോണ്‍ വില്‍പന നടത്തി. അവിടെ നിന്ന് കച്ചിഗുഡ എക്‌സ്പ്രസില്‍ ബംഗളൂരുവിലേക്കും പിറ്റേ ദിവസം ബസില്‍ മുംബൈയിലും യുവതി എത്തി.

മുംബൈയില്‍ കുറച്ചു ദിവസം താമസിച്ച ശേഷം 15 ദിവസം മുമ്പ് ബസിലാണ് അഞ്ജലി ഹൈദരാബാദില്‍ എത്തിയത്. 1200 രൂപ വാടക നല്‍കിയാണ് യുവതി ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചത്.

ഇക്കയുടെ പേരില്‍ കത്തെഴുതി വെച്ചത് വീട്ടുകാരെയും പോലീസിനെയും കളിപ്പിക്കാന്‍ ആയിരുന്നു എന്നാണ് യുവതിയുടെ മൊഴി. 'വിവാഹ ജീവിതത്തില്‍ താല്‍പര്യമില്ല. അതിനാല്‍ സ്വയം തീരുമാനിച്ചു വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. പ്രണയ കഥ എഴുതിയാല്‍ കുറച്ചു കളിക്കുമല്ലോ.. വേണമെങ്കില്‍ വീട്ടുകാര്‍ അന്വേഷിച്ചു കണ്ടെത്തിക്കോട്ടെ എന്ന് കരുതി തന്നെയാണ് പോയത്.' എന്നാണ് യുവതി പോലീസിനോട് പറഞ്ഞത്.

അഞ്ജലിയെ നാട്ടില്‍ എത്തിച്ചത് അറിഞ്ഞ് അച്ഛനും അമ്മയും ബന്ധുക്കളും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അതിനിടെ പിതാവ് എ.ശ്രീധരന്റെ പരാതിയില്‍ അന്വേഷണം നടത്തുന്നതിന് ജില്ലാ പോലീസ് മേധാവി പി.ബി രാജീവിന്റെ നിര്‍ദ്ദേശ പ്രകാരം ബേക്കല്‍ ഡിവൈ.എസ്.പി കെ.എം ബിജുവിന്റെ മേല്‍നോട്ടത്തില്‍ രൂപീകരിച്ച അമ്പലത്തറ ഇന്‍സ്പെക്ടര്‍ രാജീവന്‍ വാഴവളപ്പില്‍, എസ്.ഐ മധുസൂദനന്‍ മടിക്കൈ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം യുവതി പോയ വഴികള്‍ പിന്തുടര്‍ന്നു. ആന്ധ്ര, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരുന്നു.


ഒന്നര മാസത്തോളം ബന്ധുക്കളെയും പോലീസിനെയും വട്ടംകറക്കിയ തിരോധാന കേസില്‍ പോലീസ് കഠിനാധ്വാനം ചെയ്താണ് അഞ്ജലിയെ കണ്ടെത്തിയതും വിവാദങ്ങളുടെ മുനയൊടിക്കാനും കഴിഞ്ഞത്. യുവതിയെ കണ്ടെത്തിയെങ്കിലും ഈ സംഭവത്തെ കുറിച്ച് വിശദമായ തുടരന്വേഷണം തന്നെ പോലീസ് നടത്തും. യുവതിയുടെ മൊഴികളും വാങ്ങിയ പുതിയ ഫോണിലെ കോള്‍ രേഖകളും വിശദമായി പരിശോധിക്കുമെന്ന് ബേക്കല്‍ ഡിവൈ.എസ്.പി കെ.എം ബിജു പറഞ്ഞു.
 

 

 

Latest News