കണ്ണൂർ- കോവിഡ് മരണം നിശ്ചയിക്കുന്നതിലെ മാനദണ്ഡം മാറ്റിയത് പ്രതിപക്ഷത്തിന്റെ വിജയമാണെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. കോവിഡ് മരണത്തിലെ കൃത്രിമത്വം സാമൂഹിക നീതി അട്ടിമറിക്കുന്നു എന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടിയപ്പോൾ ചക്ക വീണ് മരിച്ചവരേയും കോവിഡ് മരണത്തിൽ ഉൾപ്പെടുത്തണോ എന്നാണ് ആരോഗ്യ മന്ത്രി ചോദിച്ചത്. തുടർന്ന് ഒറ്റക്കെട്ടായുള്ള പ്രതിപക്ഷത്തിന്റെ ശക്തമായ ഇടപെടൽ മൂലമാണ് കോവിഡ് മരണം രേഖപെടുത്തുന്നതിലെ മാനദണ്ഡങ്ങൾ മാറ്റാൻ സർക്കാർ നിർബന്ധിതരായത്.
പൂർണമായും പൊതുജനങ്ങൾ ഉയർത്തിയ ജനകീയ വിഷയമാണിത്. കഴിഞ്ഞ ദിവസം ഞാൻ പങ്കെടുത്ത ഐഎൻസി കേരളയുടെ നേതൃത്വത്തിൽ 'കോവിഡ് മരണങ്ങളിലെ കൃത്രിമങ്ങൾ സാമൂഹിക നീതി അട്ടിമറിക്കാനോ' എന്ന വിഷയത്തിൽ ഊന്നിയ ക്ലബ് ഹൗസ് ചർച്ചയിൽ കോവിഡ് മൂലമുള്ള ഭർത്താവിന്റെ വേർപാടിന്റെ ദുഃഖത്തിനിടയിലും വിഷയത്തിന്റെ സാമൂഹിക പ്രസക്തി തിരിച്ചറിഞ്ഞ് ചർച്ചയിൽ അനുഭവങ്ങൾ പങ്കുവെച്ച ഷീന എന്ന സഹോദരിയെ അടക്കം നന്ദിയോടെയും ബഹുമാനത്തോടെയും ഓർക്കുന്നു. ചർച്ചയിൽ വി ടി ബൽറാം, റോജി എം ജോൺ, ഡോക്ടർ അരുൺ എൻ.എം, ഡോക്ടർ എസ് എസ് ലാൽ, ഡോക്ടർ സരിൻ ടി തുടങ്ങിയവർ പങ്കെടുത്ത് ജനങ്ങളോട് സംവദിച്ചിരുന്നു.
ഈ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച എല്ലാ ഡോക്ടർമാരും ഇടതുപക്ഷത്തിന്റെ വലിയ സോഷ്യൽ മീഡിയ ആക്രമണത്തിന് വിധേയരായിട്ടുണ്ട്. അതിനെയൊക്കെ അതിജീവിച്ച് ഈ അനീതി പൊതു ജനശ്രദ്ധയിൽ എത്തിച്ച ഡോക്ടർമാർ പ്രത്യേക അഭിനന്ദനങ്ങൾ അർഹിക്കുന്നുണ്ട്.
കോവിഡ് അണുബാധയെ തുടർന്നുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ കാരണം സംഭവിക്കുന്ന എല്ലാ മരണങ്ങളും കോവിഡ് മരണങ്ങൾ ആയി രേഖപെടുത്താത്തതിൽ കുറഞ്ഞതൊന്നും സാമൂഹിക നീതി അല്ല.
ഒരു പകർച്ചവ്യാധിയിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ജീവിതം സുരക്ഷിതമാക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റേയും ഉത്തരവാദിത്വമാണ്.
സ്വാർത്ഥതാൽപര്യങ്ങൾ കാരണം കോവിഡ് മരണങ്ങൾ സർക്കാർ ശെരിയായി റിപ്പോർട്ട് ചെയ്യാതിരുന്നത് മൂലം ആനുകൂല്യങ്ങളിൽ നിന്ന് പുറത്താക്കപ്പെട്ടത് ഇടതുപക്ഷ പ്രവർത്തകരുടെ അടക്കം കുടുംബങ്ങൾ കൂടിയാണ്.
പൂർവ്വ കാല അടിസ്ഥാനത്തിൽ കോവിഡ് ബാധിച്ചു മരിച്ച ഓരോരുത്തരുടേയും കുടുംബത്തിന് നീതി ഉറപ്പാക്കും വരെ പ്രതിപക്ഷം ഒരിഞ്ച് പിന്നോട്ട് മാറില്ല.
ഈ ഭരണകാലത്ത്, പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ പ്രതിപക്ഷ എംഎൽഎമാരുടെ ആദ്യ വിജയമാണിത്. ഇത് ഈ നാടിന്റെ നീതിയുടെ വിജയമാണ്!