Sorry, you need to enable JavaScript to visit this website.

കരിപ്പൂരിലെ ഭൂമി ഏറ്റെടുക്കൽ ഓഫീസ് തുറക്കാൻ നിർദേശം

കൊണ്ടോട്ടി - അടച്ചു പൂട്ടാൻ നിർദേശം നൽകിയ കരിപ്പൂർ വിമാനത്താവള വികസനത്തിന് ഭൂമിയേറ്റെടുക്കുന്നതിനായി പ്രവർത്തിച്ചിരുന്ന ഓഫീസ് നിലനിർത്താൻ റവന്യൂ വകുപ്പിന്റെ നിർദേശം. ഇക്കഴിഞ്ഞ മെയ് 31 മുതൽ കരിപ്പൂരിലെ ഓഫീസിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ റവന്യൂ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ തിങ്കളാഴ്ച ഓഫീസ് പ്രവർത്തനം നിർത്തിയിരുന്നു. ഇതോടെ നിലവിലുള്ള തസ്തികകൾ തുടർന്ന് ഓഫീസ് വീണ്ടും തുടങ്ങും. ഡെപ്യൂട്ടി കലക്ടർ, തഹസിൽദാർ എന്നിവർ ഉൾപ്പെടെ 12 പേരുടെ തസ്തികയാണ് ഓഫീസിന് അനുവദിച്ചിട്ടുള്ളത്. 


  കഴിഞ്ഞ 14 നാണ് ഓഫീസ് പ്രവർത്തനം നിർത്താൻ സർക്കാർ ഉത്തരവിറക്കിയത്. എം.പിമാരായ എം.പി. അബ്ദുസമദ് സമദാനി, എം.കെ. രാഘവൻ, എന്നിവർ റവന്യൂ മന്ത്രിയോട് തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് ഓഫീസ് പുനഃസ്ഥാപിച്ച് വീണ്ടും ഉത്തരവ് ഇറക്കിയത്. നിലവിൽ പുതിയ ടെർമിനലിനായി 137 ഏക്കറും കാർ പാർക്കിംഗിനായി 15.25 ഏക്കർ ഭൂമിയും ഏറ്റെടുക്കാനാണ് സർക്കാർ ഉത്തരവ്. എന്നാൽ തുടർനടപടികളൊന്നും മുന്നോട്ട് പോയിട്ടില്ല.
റൺവേ, ഏപ്രൺ വികസനം, പുതിയ ടെർമിനൽ, കാർ പാർക്കിംഗ് എന്നിവയാണ് പുതിയ മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുന്നത്. 2011 ജനുവരിയിൽ പഴയ കമ്യൂണിക്കേഷൻ കാര്യാലയത്തിലായിരുന്നു ഭൂമിയേറ്റെടുക്കൽ ഓഫീസ് ആരംഭിച്ചത്. ഇത് പിന്നീട് 2017 ൽ വിമാനത്താവളത്തിനുള്ളിൽ ഭരണവിഭാഗത്തോട് ചേർന്നുള്ള  മുറിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇതുവരെ തുടർനടപടികളൊന്നും നടന്നിട്ടില്ല.

 

Latest News