തിരുവനന്തപുരം- കെ.പി.സി.സി പ്രസിഡന്റിനെ ഉടൻ തീരുമാനിക്കേണ്ടതില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്റ്. മുതിർന്ന മുഴുവൻ നേതാക്കളോടും അഭിപ്രായം ചോദിച്ച ശേഷമായിരിക്കും തീരുമാനമെന്നും ദേശീയ നേതൃത്വം വ്യക്തമാക്കി. കെ. സുധാകരനെ പ്രസിഡന്റാക്കുന്നത് സംബന്ധിച്ചും പാർട്ടിയിൽ അഭിപ്രായം തേടും. നിയമസഭ തെരഞ്ഞെടുപ്പിൽ വൻ പരാജയം ഏറ്റുവാങ്ങിയ ശേഷമാണ് നിലവിലുള്ള പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് പകരം പുതിയ നേതാവിനെ തെരഞ്ഞെടുക്കാൻ തീരുമാനിച്ചത്. പരാജയത്തിന്റെ പൂർണ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്ഥാനം ഒഴിയുകയാണെന്ന് മുല്ലപ്പള്ളി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് പുതിയ നേതാവിനെ തെരഞ്ഞൈടുക്കാൻ തീരുമാനിച്ചത്. എന്നാൽ, ഗ്രൂപ്പുകൾ ഇക്കാര്യത്തിൽ പിടിവാശിയിലായതോടെ കാര്യങ്ങൾ തീരുമാനിക്കുന്നതിൽ ദേശീയ നേതൃത്വവും പ്രതിസന്ധിയിലായി. ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഹൈക്കമാന്റ് പ്രതിനിധി താരീഖ് അൻവറാണ് അറിയിച്ചത്.






