ഫ്രാന്‍സിലേക്കു പോയ 22 ഇന്ത്യന്‍ കൗമാരക്കാരെ കാണാനില്ല; സി.ബി.ഐ കേസെടുത്തു

ന്യൂദല്‍ഹി- പഞ്ചാബ്, ഹരിയാന, ദല്‍ഹി എന്നീ സംസ്ഥാനങ്ങളില്‍നിന്ന് ട്രാവല്‍ ഏജന്റുമാര്‍ മുഖേന അനധികൃതമായി ഫ്രാന്‍സിലേക്കു പോയ 22 കൗമാര പ്രായക്കാരെ കാണാനില്ലെന്ന് സിബിഐ. 
റഗ്ബി കോച്ചിങ് നല്‍കാനെന്ന പേരിലാണ് ഏജന്റുമാര്‍ ഇവരെ കടത്തിയത്. സിബിഐ കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സിബിഐ ഫരീദാബാദിലേയും ദല്‍ഹിയിലേയും രണ്ട് ട്രാവല്‍ ഏജന്റുമാരുടെ ഓഫീസ് റെയ്ഡ് നടത്തി ഏതാനും രേഖകള്‍ പിടിച്ചെടുത്തു.

ഓരോ കുട്ടിയുടേയും രക്ഷിതാവില്‍ നിന്ന് 25 ലക്ഷം രൂപ മുതല്‍ 30 ലക്ഷം രൂപ വരെ ഈടാക്കിയാണ് ഏജന്റുമാര്‍ ഇവരെ അനധികൃതമായി കടത്തിയതെന്ന് സിബിഐ വെളിപ്പെ ടുത്തുന്നു.13-18 പ്രായത്തിലുള്ള 25 കുട്ടികളെ പാരീസില്‍ നടക്കുന്ന റഗ്ബി പരിശീലനത്തില്‍ പങ്കെടുക്കാന്‍ കൊണ്ടു പോകുന്നുവെന്നാണ് ഏജന്റുമാര്‍ വിസ അപേക്ഷയില്‍ കാണിച്ചിരിക്കുന്നത്. ഫ്രാന്‍സില്‍നിന്ന് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശീലന ക്യാമ്പിലേക്ക് കുട്ടികളെ കൊണ്ടു പോയതെന്നാണ് ഏജന്റുമാര്‍ പറയുന്നതെന്ന് സിബിഐ വക്താവ് അഭിഷേക് ദയാല്‍ പറഞ്ഞു.

ദല്‍ഹിയില്‍ിന്ന് പാരീസിലേക്ക് വിമാനം കയറിയ എല്ലാവരും അവിടെ എത്തിയിട്ടുണ്ടെന്നും ഒരാഴ്ച നീണ്ട പരിശീലനത്തില്‍ പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിനു ശേഷം ഏജന്റുമാര്‍ ഇവരുടെ മടക്ക യാത്രാ ടിക്കറ്റ് റദ്ദാക്കുകയായിരുന്നു. സംശയം തോന്നിയ രണ്ടു പേര്‍ ഉടന്‍ ഇന്ത്യയിലേക്ക് തിരിച്ചു കയറിയെന്നും സിബിഐ പറയുന്നു.

ബാക്കിയുള്ളവരെ പാരീസിലെ ഒരു ഗുരുദ്വാരയില്‍ കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് ഇവരെ കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നും സിബിഐ അറിയിച്ചു. ഇവരില്‍ ഒരാള്‍ ഫ്രഞ്ച് പോലീസിന്റെ പിടിയിലാകുകയും ഇന്റര്‍പോളിന് വിവരം കൈമാറുകയും ചെയ്തു. ഇന്റര്‍പോളാണ് സിബിഐയെ വിവരമറിയിച്ചത്. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിബിഐ കേസെടുത്ത് അന്വേഷണമാരംഭിച്ചത്. കാണാതായ 22 കുട്ടികളുടെ രക്ഷിതാക്കളെ ബന്ധപ്പെട്ട് സിബിഐ ഉടന്‍ വിവരങ്ങള്‍ ആരായും.

Latest News